Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷ നൂറ് ശതമാനം വിജയം നേടാന്‍ സ്‌കൂളുകളുടെ തട്ടിപ്പ്

Published

|

Last Updated

മലപ്പുറം: എസ് എസ് എല്‍ സി പരീക്ഷ നാളെ തുടങ്ങാനിരിക്കെ നൂറ് ശതമാനം വിജയം നേടാന്‍ സ്‌കൂള്‍ അധികൃതരുടെ തട്ടിപ്പ്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ വൈകല്യമുള്ളവരായി ചിത്രീകരിച്ചാണ് സ്‌കൂളുകള്‍ തമ്മിലുള്ള കിടമത്സരം. മാനസിക വൈകല്യമുള്ളവര്‍, കാഴ്ച-കേള്‍വി ശക്തി കുറവുള്ളവര്‍, പഠന വൈകല്യമുള്ളവര്‍ എന്നിങ്ങനെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേട്ടേഴുതാന്‍ പകരക്കാരനെ (സ്‌ക്രൈബ്) ചുമതലപ്പെടുത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് സ്‌കൂളുകള്‍ മുതലെടുക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയെല്ലാം ഏതെങ്കിലും തരത്തിലുള്ള വൈകല്യമുള്ളവരാക്കി മാറ്റി പകരക്കാരെ നിര്‍ത്തി പരീക്ഷയെഴുതിപ്പിച്ച് വിജയിപ്പിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 5707 വിദ്യാര്‍ഥികളാണ് സ്‌ക്രൈബിനെ ഉപയോഗിച്ച് പരീക്ഷയെഴുതുന്നത്. ഇത്തരക്കാര്‍ക്ക് ഗ്രേസ് മാര്‍ക്ക്, പരീക്ഷയെഴുതാന്‍ അധിക സമയം എന്നിവ ലഭിക്കുന്നതോടൊപ്പം ഗ്രാഫ് വരക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്ക് വിജയം സുനിശ്ചിതമാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എസ് സി എസ് എച്ച് എസ് സില്‍ നിന്ന് 25 വിദ്യാര്‍ഥികള്‍ക്കാണ് സ്‌ക്രൈബിനെ നിയോഗിച്ചിട്ടുള്ളത്. ഇങ്ങിനെ പത്ത് മുതല്‍ പതിനെട്ട് വരെ വിദ്യാര്‍ഥികളെ നിയമിച്ച സ്‌കൂളുകളും നിരവധിയാണ്. തൊട്ടടുത്ത സ്‌കൂളുകള്‍ തമ്മില്‍ മത്സരിച്ചാണ് സ്‌ക്രൈബിനെ വെച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് എന്നീ വ്യത്യാസമില്ലാതെ മിക്ക സ്‌കൂളുകളിലും നിരവധി പേരാണ് ഈ ആനുകൂല്യത്തില്‍ പരീക്ഷക്കിരിക്കുന്നത്. പഠനത്തില്‍ പിന്നാക്കമുള്ള വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ സ്‌കൂളുകളുടെ നൂറ് ശതമാനമെന്ന സല്‍കീര്‍ത്തി നഷ്ടമാകുമെന്ന ഭീതിയാണ് ഇതിന് പ്രേരിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നൂറ് ശതമാനം നേട്ടം കൊയ്തവരും ഇതിന് അടുത്തെത്തിയ സ്‌കൂളുകളുമാണ് ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പ് നടത്തുന്നത്. പരീക്ഷയെഴുതാന്‍ പകരക്കാരായി നിയമിക്കപ്പെടുന്നവര്‍ തൊട്ടുതാഴെ ക്ലാസിലെ വിദ്യാര്‍ഥികളായിരിക്കും. മികച്ച പഠന നിലവാരം പുലര്‍ത്തുന്നവരായിരിക്കും പകരക്കാരായി എത്തുന്നവര്‍ എന്നതിനാല്‍ മിക്ക വിഷയങ്ങളിലും എ പ്ലസ് വരെ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ ഇത്രയും വലിയ വിജയം നേടിയിട്ടുണ്ട്. മലയാളം എഴുത്തും വായനയും അറിയാത്ത വിദ്യാര്‍ഥിനിയും കഴിഞ്ഞ വര്‍ഷം പത്താംക്ലാസ് പരീക്ഷ മികച്ച രീതിയില്‍ പാസായതായി അധ്യാപകര്‍ തന്നെ പറയുന്നു. മറ്റൊരു സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശന സമയത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് പകരക്കാരനെ ചുമതലപ്പെടുത്തി വിജയിച്ച വിദ്യാര്‍ഥിക്കായിരുന്നു. പരാജയപ്പെടുമെന്ന് കരുതുന്ന വിദ്യാര്‍ഥികളെയെല്ലാം ഇങ്ങിനെ വൈകല്യമുള്ളവരാക്കി മാറ്റി വിജയിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിന് രക്ഷിതാക്കള്‍, അധ്യാപകന്‍, പ്രധാന അധ്യാപകന്‍, ഡി ഇ ഒ, ഗവ. ഡോക്ടര്‍മാര്‍ എന്നിവരെല്ലാം കൂട്ടുനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് വിദ്യാര്‍ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ ചെയ്യേണ്ടതെന്നിരിക്കെ സ്‌കൂളുകള്‍ക്ക് രേഖ തയ്യാറാക്കാന്‍ യാതൊരു പ്രയാസവുമില്ല.

പത്തില്‍കൂടുതല്‍ സ്‌ക്രൈബുകളുളള സ്‌കൂളുകള്‍: (ബ്രാക്കറ്റില്‍ എണ്ണം) എസ് സി എസ് എച്ച് എസ് എസ് തിരുവല്ല (25), സെന്റ് തോമസ് എച്ച് എസ് എസ് ഇരവില്ലിപ്രം, പി സി എന്‍ ജി എച്ച് എസ് എസ് മൂക്കുതല, തിരൂര്‍ (18), സെന്റ് മേരീസ് എച്ച് എസ് എസ് പട്ടം, തിരുവനന്തപുരം (16), ജി എച്ച് എസ് എസ് തോട്ടക്കോണം (15), കൂത്തുപറമ്പ് എച്ച് എസ്, ഇ ബി എച്ച് എസ് വെട്ടൂര്‍, മൂവാറ്റുപുഴ(14), ജി എച്ച് എസ് മാരിയമുട്ടം, നെയ്യാറ്റിന്‍കര, ഗവ. വി എച്ച് എസ് എസ് വെള്ളനാട്, ആറ്റിങ്ങല്‍ , സെന്റ് ജോണ്‍സ് എച്ച് എസ് ഇരിവിപുരം, കൊല്ലം, കെ എന്‍ എന്‍ എം യു എച്ച് എസ് എസ് പാവിട്ടേശ്വരം, കൊട്ടാരക്കര, എസ് എന്‍ ജി എസ് എന്‍ ഡി പി എച്ച് എസ് ചെന്നീര്‍ക്കര, പത്തനംതിട്ട, സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്, കുട്ടനാട് , ജി എച്ച് എസ് ചെര്‍പ്ലശ്ശേരി മണ്ണാര്‍ക്കാട്, എസ് എന്‍ എം എച്ച് എസ് എസ് തിരൂര്‍, സി എം എം എച്ച് എസ് തലക്കുളത്തൂര്‍, നൊച്ചാട് എച്ച് എസ് എസ് താമരശ്ശേരി (13). വി വി എച്ച് എസ് എസ് താമരക്കുളം, മാവേലിക്കര, എസ് എസ് എച്ച് എസ് തോക്കുപാറ, തൊടുപുഴ, എം എ ആര്‍ കൗമ എച്ച് എസ് എസ്, ജി എച്ച് എസ് എസ് കരുവാരക്കുണ്ട്, ന്യൂ എച്ച് എസ് നെല്ലിമൂട്, സെന്റ് ജോണ്‍സ് എച്ച് എസ് എസ് ഇരവിപുരം (12), എം വി എച്ച് എസ് വാളകം മൂവാറ്റുപ്പുഴ, എസ് എം ടി ജി എച്ച് എസ് എസ് ചാവക്കാട്, ജി ജി എച്ച് എസ് എസ് മഞ്ചേരി, ഡി യു എച്ച് എസ് എസ് പൂക്കരത്തറ, സാമുവല്‍ എല്‍ എം എച്ച് എസ് പാറശ്ശാല, ജി ബി എച്ച് എസ് എസ് ആറ്റിങ്ങല്‍, എന്‍ എസ് എച്ച് എസ് എസ് റാന്നി, പേരാമ്പ്ര എച്ച് എസ് എസ് താമരശ്ശേരി, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസ്, കൂതാളി എച്ച് എസ് എസ് തലശ്ശേരി (11),

Latest