Connect with us

Kannur

നാളികേര മേഖലക്ക് 70 കോടി: പുതിയ പ്രഖ്യാപനം കേരകര്‍ഷകര്‍ക്ക് ഗുണകരമാകും

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റില്‍ നാളികേര മേഖലക്ക് 70 കോടി വകയിരുത്തിയത് കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് ഗുണകരമാകും.
കേരഫെഡ് മുഖേന സംഭരിക്കുന്ന നാളികേരത്തിന്റെ വിലയുള്‍പ്പെടെ കുറഞ്ഞതും പൊതുവിപണികളിലെ വിലക്കുറവും മൂലം തകര്‍ച്ചയിലായ നാളികേര മേഖലക്ക് ആശ്വാസം പകരുന്നത് തന്നെയാണ് ബജറ്റിലെ പ്രഖ്യാപനം. നാളികേര വികസനത്തിനായി പല പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും കാര്യക്ഷമമായി സംസ്ഥാനത്ത് നടപ്പാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നാളികേര കൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 1,55,310 ഹെക്ടര്‍ സ്ഥലത്തെ നാളികേര കൃഷി അപ്രത്യക്ഷമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരോത്പാദനത്തില്‍ ഈ കാലയളവില്‍ 30 കോടിയുടെ കുറവുണ്ടായി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തെങ്ങ് കൃഷി കുറഞ്ഞുവരികയാണ്. കാല്‍നൂറ്റാണ്ട് മുമ്പ് വരെ കേരകൃഷിയില്‍ സംസ്ഥാനത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മ പടിപടിയായി നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണത്തിലും നാളികേര ഉത്പാദനത്തിലും തമിഴ്‌നാടാണ് കേരളത്തേക്കാള്‍ മുന്നില്‍. 2001ല്‍ കേരളത്തില്‍ 9,25,783 ഹെക്ടറില്‍ തെങ്ങ് കൃഷി ചെയ്തിരുന്നു.
12 വര്‍ഷം കൊണ്ട് ഇത് 7,00,000 ഹെക്ടറായി കുറഞ്ഞു. 553.6 കോടി തേങ്ങ ഉത്പാദിപ്പിച്ചിരുന്ന കേരളത്തില്‍ കഴിഞ്ഞ കൊല്ലം ലഭിച്ചത് 4.90 കോടി നാളികേരമാണ്. കേരകൃഷിയില്‍ കോഴിക്കോട് ജില്ലയായിരുന്നു സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നിന്നത്. 2002ല്‍ 1,28,800 ഹെക്ടറില്‍ കൃഷി ചെയ്തിരുന്ന കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ 119 ലക്ഷം ഹെക്ടറില്‍ മാത്രമേ തെങ്ങ് ഉള്ളൂ. ഉത്പാദനത്തില്‍ കോഴിക്കോട് മാത്രം 13 കോടി തേങ്ങയുടെ കുറവുണ്ടായി. എറണാകുളം ജില്ലയില്‍ 24,508 ഹെക്ടറിലും ആലപ്പുഴയില്‍ 20,431 ഹെക്ടറിലും കൊല്ലത്ത് 23,641 ഹെക്ടറിലും നാളികേര കൃഷി കുറഞ്ഞു എന്നാണ് ബോര്‍ഡിന്റെ കണക്ക്.
തമിഴ്‌നാട്ടില്‍ 343 ഹെക്ടര്‍ സ്ഥലത്ത് മാത്രമേ തെങ്ങ് കൃഷി ഉള്ളൂ. അവിടെ ഒരു ഹെക്ടറില്‍ നിന്ന് കിട്ടുന്നത് 9,000 തേങ്ങയാണ്. കര്‍ണാടകത്തില്‍ കിട്ടുന്നത് ഹെക്ടറിന് 4,037 തേങ്ങയും. എന്നാല്‍ കൂടുതല്‍ കൃഷിയുള്ള കേരളത്തില്‍ ഒരു ഹെക്ടറില്‍ നിന്ന് 5,641 തേങ്ങ മാത്രമേ കിട്ടുന്നുള്ളൂവെന്നാണ് കേരവികസന ബോര്‍ഡിന്റെ കണക്ക്.
നാളികേര ഉത്പാദക സംഘങ്ങള്‍ക്ക് 10 കോടി നല്‍കുന്നതുള്‍പ്പടെയുള്ള പ്രഖ്യാപനമെല്ലാം ഈ മേഖലക്ക് ഗുണകരമാകുമെന്ന് തന്നെയാണ് കണക്കുകൂട്ടുന്നത്.

Latest