Connect with us

International

ഇസ്‌റാഈല്‍ ബൂത്തിലെത്തി, നെതന്യാഹു പരാജയ ഭീതിയില്‍

Published

|

Last Updated

ജറൂസലം: പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന ഇസ്‌റാഈല്‍ പൊതു തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഗാസ വിഷയത്തില്‍ കൈക്കൊണ്ട ക്രൂരമായ നടപടികളുടെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ നെതന്യാഹു, ഇക്കാരണത്താല്‍ തന്നെ പരാജയപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചില എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇദ്ദേഹത്തിന്റെ ലിക്വിഡ് പാര്‍ട്ടിയെ പ്രതിപക്ഷം പരാജയപ്പെടുത്തുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഗാസ വിഷയത്തേക്കാളും ഇറാന്‍ ആണവ വിഷയത്തേക്കാളും പൊതുജനം ഉറ്റുനോക്കുന്നത് സാമ്പത്തിക ഭദ്രതക്കും ജീവിത നിലവാര ഉയര്‍ച്ചക്കാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
മൊത്തം 10,372 പോളിംഗ് ബൂത്തുകളാണ് വോട്ടെടുപ്പിന് വേണ്ടി നിശ്ചയിച്ചിരുന്നത്. 18 വയസ്സിന് മുകളിലുള്ള 5,881,696 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. നാല് മണി വരെ 45 ശതമാനമാണ് പോളിംഗ്. പോളിംഗ് ശതമാനം 60 കടക്കുമെന്നാണ് സൂചന. ഫലം ഇന്നറിയാം. ഇസ്‌റാഈലിന് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ ഒരു പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫലസ്തീനുമായി സമാധാനപരമായ സഹവര്‍തിത്വം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ സഖ്യം. എന്നാല്‍ ഫലസ്തീന്‍ രാഷ്ട്രം ഇസ്‌റാഈലിന് ഭീഷണിയാണെന്ന് നെതന്യാഹു വാദിക്കുന്നു.

Latest