Connect with us

Kerala

ബാര്‍ കോഴ: ഗൂഢാലോചന ഉള്ളില്‍ നിന്നെന്ന് മാണി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന നടന്നത് യു ഡി എഫില്‍ നിന്നു തന്നെയെന്ന ഒളിയമ്പുമായി ധനമന്ത്രി കെ എം മാണി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവെക്കില്ല. തനിക്കെതിരെ എഫ് ഐ ആര്‍ എടുത്ത നടപടി ധാര്‍മികമായും നിയമപരമായും ശരിയല്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
“ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. അത് പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ട്. പാര്‍ട്ടി നടത്തിയ അന്വേഷണം ഒരു ഇന്റേര്‍ണല്‍ എക്‌സര്‍സൈസാണ്. ഞങ്ങളുടെ അന്വേഷണം പുറത്ത് പ്രസിദ്ധീകരിക്കാനല്ല. ഒരു ഘടകകക്ഷിയായി നില്‍ക്കുമ്പോള്‍ മാറ്റാരെയെങ്കിലും കുറിച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. രാഷ്ട്രീയാനുഭവങ്ങള്‍ വച്ചാണ് ഞങ്ങള്‍ അതൊക്കെ നോക്കുന്നത്. ഞങ്ങള്‍ വളരെ ആത്മസംയമനം പാലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. എല്ലാം ഉടന്‍ വിളിച്ചുപറയുക. നമ്മളോട് ഒരോന്ന് ചെയ്യുന്നവരോടൊക്കെ ഉടനെ പ്രതികാരം ചെയ്യുക എന്നതല്ല, ക്ഷമിക്കുക എന്നതാണ് ഞങ്ങളുടെ നയം.” മാണി പറയുന്നു.
കുറ്റപത്രം എന്ന് പറയുന്നത് വായിച്ചു കേള്‍പ്പിക്കാനുള്ളതാണ്. നിങ്ങളുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം ഇന്നതാണ് എന്ന് പറയുന്നതാണ് കുറ്റപത്രം. കുറ്റാരോപിതനായതുകൊണ്ട് കുറ്റക്കാരനാണെന്ന് അര്‍ഥമില്ല. അത് തെളിയിക്കപ്പെടുന്നതു വരെ അയാള്‍ നിരപരാധിയായി കല്‍പ്പിക്കപ്പെടണമെന്നാണ് നിയമവ്യവസ്ഥ. ശിക്ഷിക്കപ്പെട്ടവര്‍ പോലും മന്ത്രിമാരായി തുടരുന്നുണ്ട്. തന്റെ പേരില്‍ ഒരു എഫ് ഐ ആര്‍ എടുത്തതുകൊണ്ട് കുറ്റക്കാരനാകില്ല. എഫ് ഐ ആര്‍ എടുക്കരുതായിരുന്നു എന്നത് വേറെ കാര്യം. ധാര്‍മികമായും നിയമപരമായും എടുക്കേണ്ട കാര്യമില്ലായിരുന്നു. എഫ് ഐ ആര്‍ എടുത്ത രമേശ് ചെന്നിത്തലയുടെ നടപടി ജനം മനസ്സിലാക്കുമെന്നും കെ എം മാണി പറഞ്ഞു.

---- facebook comment plugin here -----

Latest