Connect with us

Kerala

ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് തുറന്നപോരിന് പി സി ജോര്‍ജ് ഒരുങ്ങുന്നു

Published

|

Last Updated

കോട്ടയം; ബാര്‍ കോഴ വിവാദച്ചുഴിയില്‍ അകപ്പെട്ട് പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റനായായി മാറിക്കൊണ്ടിരിക്കുന്ന മന്ത്രി കെ എം മാണിക്ക് സംരക്ഷണ കവചം തീര്‍ക്കാന്‍ കേരള കോണ്‍ഗ്രസിന്റെ നിര്‍ണായ സ്റ്റിയറിംഗ് കമ്മിറ്റി നാളെ ഏറ്റുമാനൂരിന് സമീപം അടിച്ചിറയില്‍ യോഗം ചേരും. യു ഡി എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം മാണിക്കെതിരെ പരസ്യനിലപാടുകള്‍ സ്വീകരിക്കുന്നത് ഏങ്ങനെ പ്രതിരോധിക്കുമെന്നതാണ് യോഗത്തില്‍ മുഖ്യഅജന്‍ഡയെന്നാണ് സൂചന. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ മാണിക്കെതിരെ പരസ്യമായ നിലപാടുകളുമായി രംഗത്ത് എത്തുന്നത് അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി വീക്ഷിക്കുന്നത്. അതേസമയം, ബാര്‍ കോഴ വിവാദം ഉയര്‍ന്ന വേളയില്‍ മന്ത്രിസ്ഥാനം രാജിവെച്ച് നിരപരാധിത്വം തെളിയിക്കാന്‍ കെ എം മാണി തയ്യാറാകാതിരുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്ന വിലയിരുത്തലും നേതാക്കള്‍ക്കിടയിലുണ്ട്.

ഇതിനിടെ, ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കെ എം മാണിക്കെതിരെ നിര്‍ണായ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് ലഭ്യമായതായാണ് സൂചന. ഈ പശ്ചാത്തലത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അറിയുന്നു. മാണിയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കെ എം മാണിയും കേരള കോണ്‍ഗ്രസും ഏറെ പ്രതിരോധത്തിലാകും. മാണിയെ പ്രതിയാക്കി വിജിലന്‍സ് സംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കെ എം മാണിയോട് ആവശ്യപ്പെടുമെന്ന് ഏറെ മുമ്പുതന്നെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവെക്കില്ലെന്ന സൂചനകള്‍ ഇതിനകം മാണിയും നല്‍കി കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസില്‍ വിമത വേഷത്തില്‍ പോരാട്ടം തുടരുന്ന പി സി ജോര്‍ജ് പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്ന പോരാട്ടത്തിന് വരും ദിവസങ്ങളില്‍ മുതിര്‍ന്നേക്കുമെന്ന സൂചനകളും വരുന്നു. ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മാണിക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനം നടത്തുന്നത് അടക്കമുള്ള ആലോചനകളാണ് ജോര്‍ജ് വിശ്വസ്ത കേന്ദ്രങ്ങളുമായി നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി മന്ത്രിസ്ഥാനം രാജിവെച്ച് മാറിനില്‍ക്കേണ്ടതാണെന്ന് ഇന്നലെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അരങ്ങേറിയ നാടകങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ പ്രതിഛായ തകര്‍ത്തുവെന്ന ശക്തമായ നിലപാടിലാണ് പി സി ജോര്‍ജ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ജോര്‍ജിന് നേടാനായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് തുടരുന്ന മൗനവും മാണിക്ക് അനുകൂലമല്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്നത്. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കെ എം മാണിയെ സംരക്ഷിക്കാന്‍ തീവ്രശ്രമങ്ങള്‍ ഒരുവശത്ത് നടത്തുമ്പോള്‍ വി എം സുധീരനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മാണിക്കെതിരെ പരസ്യനിലപാടുകള്‍ സ്വീകരിക്കുകയാണ്. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിന്റെ പിന്തുണയും സുധീരന്‍ പക്ഷത്തിന് നേടാനായിട്ടുണ്ട്. മാണിയെ സംരക്ഷിക്കുന്നതിലൂടെ വലിയ ജനരോഷത്തെ നേരിടേണ്ടി വരുമെന്ന ആശങ്ക ലീഗിന്റെ മുതിര്‍ന്ന നേതൃത്വവുമായി ചെന്നിത്തല പങ്കുവെച്ചുകഴിഞ്ഞു.
ഹൈക്കോടതിയുടെ ശക്തമായ നിരീക്ഷണം മാണിക്കെതിരായ അന്വേഷണത്തില്‍ വിജിലന്‍സിന് മേലുണ്ടെന്ന വിവരവും രമേശ് ലീഗ് നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ മാണിക്കെതിരായ അന്വേഷണത്തില്‍ വിജിലന്‍സിന് മേലുണ്ടാകാന്‍ പാടില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ഉറച്ചനിലപാടിനെ അതീവ ആശങ്കയോടെയാണ് മാണിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കാണുന്നത്.
വിവാദങ്ങളില്‍ അകപ്പെട്ട് പ്രതിഛായ നഷ്ടമായ കെ എം മാണിക്ക് നാളെ പാലായില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ പൗരസ്വീകരണം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നും മുസ്‌ലിം ലീഗിനുള്ളില്‍ നിന്നും ശക്തമായ അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ പി സി സി യോഗത്തില്‍ കെ എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോട്ടയം ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി നാളത്തെ യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ആശയകുഴപ്പവും നിലനില്‍ക്കുന്നു. യോഗത്തില്‍ കല്ലാനിയെ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വാശിയിലാണ് പാലായിലെ കേരള കോണ്‍ഗ്രസ് നേതൃത്വം. മാണിയുടെ രാജി എന്ന ഏക ആവശ്യവുമായി സി പി എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിയും സമരപരിപാടികളുമായി രംഗത്ത് എത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ, ബാര്‍ കോഴ വിവാദവും മാണിക്കെതിരായ കുറ്റപത്രവും കേരള കോണ്‍ഗ്രസ് എമ്മില്‍ വിരുദ്ധ ചേരികള്‍ രൂപപ്പെടാന്‍ വഴിവെച്ചേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

---- facebook comment plugin here -----

Latest