Connect with us

Kerala

കരിപ്പൂര്‍ റണ്‍വേ നവീകരണം: ഹജ്ജ് യാത്ര ഇത്തവണ കൊച്ചി വഴി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ റണ്‍വേ നവീകരണം മൂലം ഈ വര്‍ഷത്തെ ഹജ്ജ് യാത്ര കൊച്ചി വഴിയാക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തത്വത്തില്‍ തീരുമാനിച്ചു. കരിപ്പൂരിലെ നവീകരണ പ്രവൃത്തികള്‍ നീട്ടിവെക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കൊച്ചി വഴി ഹജ്ജ് യാത്രക്ക് സൗകര്യമൊരുക്കാന്‍ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്. കൊച്ചി വിമാനത്താവള അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ ബിജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ക്ക് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയെയും ചുമതലപ്പെടുത്തി.

മെയ് ഒന്ന് മുതല്‍ ആറ് മാസത്തേക്ക് കരിപ്പൂരിലെ റണ്‍വേ അടച്ചിടാനാണ് വ്യോമയാന മന്ത്രാലയം തീരുമാനിച്ചിരുക്കുന്നത്. ഈ സാഹചര്യത്തില്‍ ആഗസ്റ്റിലെ ഹജ്ജ് യാത്ര കരിപ്പൂര്‍ വഴി നടത്താനാകില്ലെന്ന് ഉറപ്പാണ്. റണ്‍വേ നവീകരണം നടക്കുമ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിയാത്തതാണ് കാരണം. സഊദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ഹജ്ജ് യാത്രക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കുറ്റമറ്റ സര്‍വീസ് നടത്തിയതിനാല്‍ സഊദി എയര്‍ലൈന്‍സിനെ കൈയ്യൊഴിയാന്‍ ഹജ്ജ് കമ്മിറ്റി ഒരുക്കമല്ല. ഹജ്ജ് യാത്രക്ക് ഇടത്തരം വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.