Connect with us

Kerala

യൂസഫലി കേച്ചേരി അന്തരിച്ചു

Published

|

Last Updated

തൃശൂര്‍: മലയാളികളുടെ മനസ്സില്‍ ഒട്ടനവധി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (83) അന്തരിച്ചു. ഇന്നലെ വൈകീട്ട് 5.30 ഓടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യത്തോടൊപ്പം രക്തത്തില്‍ ഹീമോഗ്ലോബിന്റെ നില കുറഞ്ഞ് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് പട്ടിക്കര ജുമുഅമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
1934 മെയ് പതിനാറിന് തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മക്കുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശൂര്‍ കേരളവര്‍മ കോളജില്‍ നിന്ന് ബി എയും പിന്നീട് ബി എല്‍ നേടി. മൂത്ത സഹോദരന്‍ എ വി അഹമ്മദിന്റെ പ്രോത്സാഹനമാണ് സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്.
1954ല്‍ ആണ് യൂസഫലിയുടെ ആദ്യ കവിത “കൃതാര്‍ത്ഥന്‍ ഞാന്‍” പ്രസിദ്ധീകരിച്ചത്. സംസ്‌കൃത പണ്ഡിതന്‍ കെ പി നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം “സൈനബ”യാണ്. നടന്‍ മധു സംവിധാനം ചെയ്ത “സിന്ദൂരച്ചെപ്പ്” എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു. ആ ചിത്രത്തിന് തിരക്കഥയുമെഴുതി. “മൂടുപടം” എന്ന സിനിമക്ക് ഗാനരചന നിര്‍വഹിച്ചുകൊണ്ടാണ് 1962ല്‍ സിനിമ ലോകത്തേക്ക് പ്രവേശിച്ചത്. “മഴ”എന്ന സനിമയിലെ ഗാനരചനക്ക് 2000ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു.
സൈനബ, സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം), അഞ്ച് കന്യകകള്‍, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, ഹജ്ജിന്റെ മതേതര ദര്‍ശനം, പേരറിയാത്ത നൊമ്പരം എന്നിവയാണ് കൃതികള്‍. മൂടുപടം (1962), ഈറ്റ (1978), ശരപഞ്ചരം (1979), പിന്‍നിലാവ് (1983), ഇനിയെങ്കിലും (1983), ഇതിലേ ഇനിയും വരൂ (1986), ധ്വനി, പട്ടണപ്രവേശം (1988), ഗസല്‍, സര്‍ഗം (1992), പരിണയം (1994) എന്നിവയാണ് ഗാനരചന നിര്‍വഹിച്ച പ്രധാന സിനിമകള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കള്‍: അജിത, ബയ്ജി, ഹസീന, സബീന, സൂരജ് അലി.

Latest