Connect with us

National

മഅ്ദനിയുടെ വിചാരണ: കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചു

Published

|

Last Updated

ബെംഗളൂരു: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി പ്രതിയാക്കപ്പെട്ട ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ നാല് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പും കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചു. കേസ് നടപടികള്‍ നാല് മാസത്തിനകം തീര്‍ക്കുമെന്ന് 2014 നവംബര്‍ 17നാണ് സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ രാജീവ് രാമചന്ദ്രനും അഡ്വ. അനിതാ ഷേണായിയും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് മധ്യത്തോടെ നാല് മാസം പിന്നിട്ടിട്ടും വിചാരണ നടപടികളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ മഅ്ദനി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴ്ച കാട്ടിയതായി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടാനാണ് മഅ്ദനിയുടെ തീരുമാനം.
സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള രേഖകളെല്ലാം ഇന്നലെ ശരിയായി. അടുത്തയാഴ്ച ആദ്യം തന്നെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വഴി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കും. പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരം പുരോഗമിച്ചു വന്ന ഘട്ടത്തിലാണ് കേസ് പ്രത്യേക കോടതിയില്‍ നിന്ന് എന്‍ ഐ എ കോടതിയിലേക്ക് മാറ്റിയത്. ഇതിന്റെ വിജ്ഞാപനം ലഭിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മുന്ന് മാസത്തോളമെടുത്തതാണ് വിചാരണ തടസ്സപ്പെടാന്‍ പ്രാധാന കാരണം. ആഴ്ചയില്‍ നാലുദിവസം വിസ്താരം ഉണ്ടാകുമെന്ന് എന്‍ ഐ എ കോടതി ജഡ്ജി ശിവണ്ണ അറിയിച്ചിരുന്നെങ്കിലും സാക്ഷികളെ കൃത്യസമയത്ത് ഹാജരാകത്തത് മൂലം വിചാരണ പലപ്പോഴും മുടങ്ങുകയായിരുന്നു.
അതിനിടെ, കേസിലെ 25 പേരെ വീണ്ടും വിസ്തരിക്കാനും കോടതി അനുമതി നല്‍കി. ഇത് ഇനിയും കേസ് നീളാന്‍ വഴിയൊരുക്കും. ഇതെല്ലാം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണ് മഅ്ദനി ഒരുങ്ങുന്നത്. കേസ് നടപടിക്രമങ്ങളും സാഹചര്യങ്ങളും കര്‍ണാടക സര്‍ക്കാറിന്റെ സമീപനവും മഅ്ദനി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേസ് നീളുന്നപക്ഷം ചികിത്സ കേരളത്തിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെടും.
സുപ്രീം കോടതി ഉപാധികളോടെ അനുവദിച്ച ജാമ്യത്തില്‍ ബെംഗളൂരുവിലെ സഹായ ആശുപത്രിയില്‍ പ്രമേഹത്തിനും മറ്റുമുള്ള വിദഗ്ധ ചികിത്സയിലാണ് ഇപ്പോള്‍ മഅ്ദനി.