Connect with us

International

ഫ്രാന്‍സില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

Published

|

Last Updated

പാരീസ്/ ബാഴ്‌സലോണ: കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകള്‍ക്കിടയില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിംഗ്‌സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. എന്നാല്‍ ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 144 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെ ഇന്നലെ പറഞ്ഞിരുന്നു. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് ജര്‍മനിയിലെ ഡ്യൂസല്‍ഫോര്‍ഡിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്ന് വീണത്.

ബാഴ്‌സലോണക്കും ഫ്രാന്‍സിലെ ഡിഗ്നേക്കും ഇടയിലാണ് വിമാനം തകര്‍ന്നുവീണത്. ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍വിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള എ 320 എയര്‍ബസ് ആണ് തകര്‍ന്നത്.

ഇന്നലെ രാവിലെയാണ് ബാഴ്‌സലോണയില്‍ നിന്ന് വിമാനം പുറപ്പെട്ടത്. വിമാനം പുറപ്പെട്ട് 52 മിനുട്ടുകള്‍ക്ക് ശേഷം പ്രാദേശിക സമയം 10.47ന് വിമാനത്തില്‍ നിന്ന് അപകട സൂചന ലഭിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. മുപ്പത്തിയയ്യായിരം അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്. എയര്‍ലൈനിന്റെ കറുത്ത ദിനമാണെന്നും വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ലുഫ്താന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ട്വിറ്ററിലൂടെ പറഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്.
സ്ഥിരമായി ഹിമപാതം ഉണ്ടാകുന്ന പ്രദേശത്താണ് വിമാനം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ അതിവേഗം എത്തിപ്പെടുക പ്രയാസകരമാണ്. ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങളും പ്രദേശത്ത് എത്തിയെങ്കിലും കാലാവസ്ഥ മോശമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. 1,800 മീറ്ററിലധികം ഉയരത്തില്‍ മഞ്ഞുള്ളതിനാല്‍ ഹെലികോപ്റ്ററുകള്‍ക്ക് അപകടം നടന്ന സ്ഥലത്ത് ഇറങ്ങാനാകില്ല. മൃതദേഹങ്ങള്‍ മുഴുവന്‍ കണ്ടെടുക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.


വിമാനം തകര്‍ന്നുവീണ പ്രദേശത്തിന്റെ സമീപമുള്ള ഗ്രാമത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ ലഭിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി പറഞ്ഞു. അപകട അന്വേഷണം നടത്തുന്ന ഫ്രാന്‍സിലെയും ജര്‍മനിയിലെയും ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കല്‍ അറിയിച്ചു.
യാത്രക്കാരില്‍ ഭൂരിഭാഗവും സ്‌പെയിന്‍, ജര്‍മനി, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് ഹൊളന്‍ദെ പറഞ്ഞു. 67 പേര്‍ ജര്‍മന്‍ സ്വദേശികളാണെന്ന് വിമാന കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. പതിനാറ് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും ഇതില്‍ ഉള്‍പ്പെടുമെന്ന് ജര്‍മന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. 45 യാത്രക്കാര്‍ സ്‌പെയിന്‍ പൗരന്മാരാണെന്ന് സ്‌പെയിന്‍ ഉപ പ്രധാനമന്ത്രി പറഞ്ഞു.

Germanwings_E77GKG_3243274b

എയര്‍ബസ് 320
ബോയിംഗ് 737ന് സമാനമാണ് എയര്‍ബസ് 320 വിമാനം. ഇരട്ട എന്‍ജിനുകളുള്ള എയര്‍ബസ് 320, സാധാരണഗതിയില്‍ ഒന്ന് മുതല്‍ അഞ്ച് വരെ മണിക്കൂറിനുള്ളില്‍ സഞ്ചരിക്കാവുന്ന നഗരങ്ങള്‍ക്കിടയിലാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. എ 320 കുടുംബത്തില്‍പ്പെട്ട വിമാനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് പൊതുവെ കുറവാണ്. അപകടത്തില്‍പ്പെട്ട വിമാനം ഇരുപത്തഞ്ച് വര്‍ഷം മുമ്പ് 1990ല്‍ ജര്‍മന്‍ വിംഗ്‌സ് വാങ്ങിയതാണ്.

fr-crash

 

Latest