Connect with us

Kerala

മുന്നണി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് പി സി ജോര്‍ജ്‌

Published

|

Last Updated

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ തയ്യാറാണെന്ന് പി സി ജോര്‍ജ് മുഖ്യമന്ത്രിയെ അറിയിച്ചു . എന്നാല്‍ രാജിക്കത്തുമായി എത്തിയ അദ്ദേഹം രാജിക്കത്ത് കൈമാറിയില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി ജോര്‍ജിനെ അറിയിച്ചു. സമവായത്തിന് തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതായും മുന്നണി തീരുമാനിത്തിനായി കാത്തിരിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി പി സി ജോര്‍ജ് ചര്‍ച്ച നടത്തി. കേരളാ കോണ്‍ഗ്രസ് (എം)ല്‍ പി സി ജോര്‍ജും മാണിയും തമ്മിലുള്ള പ്രശ്‌നത്തില്‍ എന്ത് തീരുമാനം എടുക്കണം എന്ന് തീരുമാനിക്കാന്‍ നേതാക്കള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. യുഡിഎഫിന്റെ അടിയന്തിര യോഗം ഇന്ന് ചേരുന്നുണ്ട്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ തല്‍ക്കാലം മാറ്റിയേക്കില്ല.

മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് രാജിക്കത്ത് പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരെ കാണിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പി സി പറഞ്ഞു. മാണിക്കും കുടുംബത്തിനും മാത്രമാണ് തന്നോട് എതിര്‍പ്പ്. മാണി രാജിവയ്ക്കരുതെന്നുള്ളത് കുടുംബത്തിന്റെ മാത്രം ആവശ്യമാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. ആര് അഴിമതികാണിച്ചാലും അവര്‍ക്കെതിരെ പ്രതികരിക്കുമെന്നും മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് പി സി ജോര്‍ജ് പറഞ്ഞു. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം എത്തിയത്.
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കെ എം മാണി ഇന്നലെയാണ് ആവശ്യപ്പെട്ടത്. യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്നും മാണി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഘടകകക്ഷിളുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മാണിയെ അറിയിച്ചിരുന്നു.

Latest