Connect with us

International

യമനില്‍ ആക്രമണം തുടരുന്നു; 39 മരണം

Published

|

Last Updated

സന്‍അ: സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമനെതിരെ നടക്കുന്ന സഖ്യശക്തികളുടെ ആക്രമണം രണ്ടാം ദിവസവും തുടരുന്നു. ആവശ്യമെന്നു തോന്നുന്നിടത്തോളം കാലം യമനെതിരായ ആക്രമണം തുടരുമെന്ന് സഖ്യശക്തികളുടെ വക്താവ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ കരസേനയെ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ആവശ്യമാണെങ്കില്‍ സേന അതിന് സജ്ജരായി നില്‍ക്കുകയാണെന്നും സഖ്യ കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണം രൂക്ഷമായതോടെ യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി സഊദിയില്‍ രാഷ്ട്രീയാഭയം തേടി. വ്യാഴാഴ്ച രാത്രി റിയാദില്‍ എത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു.
ഗള്‍ഫ് സഹകരണ സമിതി (ജി സി സി) രാജ്യങ്ങളായ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യു എ ഇ എന്നിവയെ കൂടാതെ ജോര്‍ദാന്‍, ഈജിപ്ത്, സുഡാന്‍ എന്നിവയും സഊദി അറേബ്യ നേതൃത്വം നല്‍കുന്ന സഖ്യശക്തിയില്‍ സൈനിക സഹായവുമായുണ്ട്. ഈ രാജ്യങ്ങളെ കൂടാതെ യമന്‍ ആക്രമണത്തിന് സഖ്യശക്തികള്‍ക്ക് പിന്തുണയുമായി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, മൊറോക്കോ, ബെല്‍ജിയം എന്നീ രാജ്യങ്ങളുമുണ്ട്.
അമേരിക്കന്‍ പിന്‍ബലത്തോടെ അധികാരത്തിലേറിയ യമന്‍ പ്രസിഡന്റിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളിയ ഹൂത്തി വിമതര്‍ക്കെതിരെ വ്യാഴാഴ്ച രാത്രിയാണ് സഊദി അറേബ്യ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. യു എസിലെ സഊദി അറേബ്യന്‍ സ്ഥാനപതി അദ്ല്‍ അല്‍ജുബൈര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട യമന്‍ ഭരണകൂടത്തെ പിന്തുണക്കുന്നതിന് വിമത ഹൂത്തി വിഭാഗം രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുന്നത് തടയിടുന്നതിനാണ് ആക്രമണം എന്നായിരുന്നു വാഷിംഗ്ടണിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
24 മണിക്കൂറിലധികമായി തുടര്‍ന്ന വ്യോമാക്രമണങ്ങളില്‍ ഇതുവരെ 39 സധാരണ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 12 പേര്‍ സനക്ക് തെക്കുള്ള സൈനിക കേന്ദ്രത്തിന് പരിസരത്ത് താമസിക്കുന്നവരാണ്. മുന്‍ സൈനിക കമാന്‍ഡര്‍ അഹ്മദ് അലി സലെഹിന്റെ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രമാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി അബ്ദുല്ല സലേഹിന്റെ മകനാണ് അഹ്മദ് അലി. പ്രസിഡന്റ് അലി അബ്ദുര്‍റബ് മന്‍സൂര്‍ ഹദിയെ പുറത്താക്കുന്നതിന് ഹൂത്തി പോരാളികള്‍ക്കൊപ്പം സഖ്യമുണ്ടാക്കിയയാളാണ് അലി അബ്ദുല്ല സലേഹ് എന്ന് ആരോപണമുണ്ട്. വിമതര്‍ പിടിമുറുക്കിയ തെക്കന്‍ സന്‍അയില്‍ ഇന്നലെ മാത്രം മൂന്ന് വ്യോമാക്രമണങ്ങളാണ് സഖ്യശക്തികള്‍ നടത്തിയത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അമ്രന്‍ പ്രവിശ്യയിലുള്ള സൈനിക കേന്ദ്രത്തിന് നേരെയും ഇന്നലെ ആക്രമണമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ കിഴക്കന്‍ പ്രവിശ്യയായ മാരിബിലും വ്യോമാക്രമണം നടന്നതായി വിവരമുണ്ട്. ഏദനിലെ അല്‍ അനദ് വ്യോമത്താവളത്തിലും യമനിലെ മൂന്നാമത്തെ പ്രധാന നഗരമായ തെയ്‌സിലെ തരീഖ് വ്യോമത്താവളത്തിലും സഊദി അറേബ്യ നേതൃത്വം കൊടുക്കുന്ന സൈനികര്‍ വ്യോമാക്രമണം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച മാത്രം നടന്ന ആക്രമണങ്ങളില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 25 പേരാണ് കൊല്ലപ്പെട്ടത്.
അവജ്ഞ അര്‍ഹിക്കുന്ന പ്രകോപനം എന്നാണ് സഖ്യശക്തി ആക്രമണങ്ങളെ ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി വിശോഷിപ്പിച്ചത്. അവര്‍ എന്താണ് ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഭീരുക്കളെ പോലെ ഞങ്ങള്‍ കീഴടങ്ങുമെന്നോ? 2.4 കോടി യമന്‍ പൗരന്‍മാരും ഒരുമിച്ച് നിന്ന് ഈ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കും- അബ്ദുല്‍ മാലിക്ക് പറഞ്ഞു. യമനെതിരെ നടക്കുന്ന ആക്രമണങ്ങളെ ഇറാന്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങളുടെ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവുമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പ്രതികരിച്ചത്. അതേസമയം, ഇറാന്‍ പലതും മനസ്സിലാക്കാനുണ്ടെന്നും അവര്‍ മധ്യപൂര്‍വേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.