Connect with us

National

മെയ് ആദ്യവാരം കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കുമെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: മെയ് ആദ്യവാരത്തില്‍ തന്നെ മാതാവ് സോണിയ ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും എ ഐ സി സി സമ്മേളനവും ഡല്‍ഹിയിലോ പാര്‍ട്ടി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലോ ഉത്തരാഖണ്ഡിലോ നടത്താനാണ് പദ്ധതിയിടുന്നത്. ഒന്നര മാസത്തോളമായി അജ്ഞാത വാസത്തിലുള്ള രാഹുല്‍ ഉടന്‍ തിരിച്ചെത്തുമെന്ന് സോണിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ തിരിച്ചെത്തിയാലുടന്‍ അധ്യക്ഷ പദവി നല്‍കണമെന്നാണ് നേതാക്കളുടെ താത്പര്യം.
അടുത്ത പാര്‍ട്ടി നേതാവിന്റെ കീഴില്‍ സെപ്തംബര്‍ 30നകം സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം രാഹുല്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. നേതൃസ്ഥാനം രാഹുല്‍ സ്വീകരിക്കുമെന്നും അത് എത്രയും നേരത്തെയായാല്‍ അത്രയും നല്ലതെന്നുമാണ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. രാഹുല്‍ പാര്‍ട്ടി നേതാവായാല്‍ സോണിയ, പാര്‍ലിമെന്ററി പാര്‍ട്ടിയുടെ ചെയര്‍പേഴ്‌സനായി തുടരും. പാര്‍ലിമെന്ററി പ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സോണിയയുടെ താത്പര്യം. സോണിയ എത്രയും പെട്ടെന്ന് രാഹുലിന് സ്ഥാനം കൈമാറണമെന്ന് പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ട് ദിവസം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് ലീവെടുത്ത് രാഹുല്‍ മുങ്ങിയത് കോണ്‍ഗ്രസിന് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. രാഹുലിനെ കാണാനില്ലെന്ന് കാണിച്ച് സ്വന്തം മണ്ഡലമായ അമേഠിയില്‍ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സോണിയ അവിടം സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കകം രാഹുല്‍ തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കിയിരുന്നു. 2013 ജനുവരിയിലാണ് രാഹുല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായത്.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി സോണിയ റെക്കോര്‍ഡിട്ടിട്ടുണ്ട്. ബി ജെ പിയോട് സമ്പൂര്‍ണമായി പരാജയപ്പെട്ട 1998ലാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷയാകുന്നത്. സീതാറാം കേസരിക്ക് പകരമായാണ് എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍പരാജയം നേരിട്ട പശ്ചാത്തലത്തിലാണ് സംഘടനാ തിരഞ്ഞെടുപ്പ്. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസില്‍ ആദ്യമായാണ് ഈ തരത്തില്‍ തിരഞ്ഞെടുപ്പ്.

Latest