Connect with us

Kerala

മൂന്ന് മലയാളികള്‍ തിരിച്ചെത്തി; യമനിലേക്ക് ഇന്ത്യ വിമാനമയച്ചു

Published

|

Last Updated

കൊച്ചി/ തിരുവനന്തപുരം/മസ്‌കത്ത്: ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി രണ്ട് യാത്രാക്കപ്പലും രണ്ട് വിമാനവും ഇന്നലെ പുറപ്പെട്ടു. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന വലിയ കപ്പലുകളായ എം വി കവരത്തി, എം വി കോറല്‍സ് എന്നിവയാണ് കൊച്ചിയില്‍ നിന്ന് ജിബൂട്ടിയിലേക്കു പുറപ്പെട്ടത്. 180 യാത്രക്കാരെ കയറ്റാന്‍ സാധിക്കുന്ന രണ്ട് വിമാനങ്ങളാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍, യമനില്‍ സൈനിക നടപടികളുമായി മുന്നോട്ടുപോകുന്ന സഊദി അറേബ്യയുടെ അനുമതി ലഭിക്കാത്തതിനാല്‍ വിമാനം മസ്‌കത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തര തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ് എം വി കോറല്‍സ് ഇന്നലെ രാവിലെ ഏഴരക്കും എം വി കവരത്തി രാവിലെ ഒമ്പതരക്കും കൊച്ചിയില്‍ നിന്ന് ജിബൂട്ടിയിലേക്കു പുറപ്പെട്ടത്. രണ്ട് കപ്പലുകളിലായി 1200 പേരെ കൊണ്ടുവരാനാകും.
ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും അടക്കം 150 ജീവനക്കാര്‍ ഇപ്പോള്‍ രണ്ട് കപ്പലുകളിലുമായുണ്ട്. ഇന്ധനം, ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങിയവ ഏര്‍പ്പാടാക്കിയ ശേഷമാണ് ഇന്നലെ രാവിലെ കപ്പലുകള്‍ പുറപ്പെട്ടത്.
ഞായറാഴ്ച കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കു പുറപ്പെട്ട എം വി കവരത്തി അടിയന്തരമായി കൊച്ചിയിലേക്കു തിരിച്ചു വിളിക്കുകയായിരുന്നു. സാധാരണ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ യാത്ര ചെയ്യുന്ന ഈ കപ്പലുകള്‍ അഞ്ച് മുതല്‍ ഏഴ് വരെ ദിവസങ്ങള്‍ കൊണ്ട് ജിബൂട്ടിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യമന്‍ അതിര്‍ത്തിയില്‍ നിന്ന് ഏതാണ്ട് 750 കിലോമീറ്ററോളം അകലെയാണ് ജിബൂട്ടി തുറമുഖം. നിലവില്‍ ജിബൂട്ടിയിലേക്കാണ് യാത്ര നിശ്ചയിച്ചിരിക്കുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതി അനുസരിച്ചാകും കപ്പലിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍. കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നതിനു ശേഷം നാവിക സേനയുടെ അകമ്പടിയുണ്ടാകും. യമനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി കൊച്ചിയിലേക്ക് തന്നെ കപ്പല്‍ തിരിച്ചെത്തിക്കാനാണ് ഇപ്പോള്‍ പദ്ധതി.
അതിനിടെ, യമനില്‍ നിന്നുള്ള രണ്ട് മലയാളികള്‍ ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ്ബ് കോര, ഈരാറ്റുപേട്ട സ്വദേശി ലിജോ ജോര്‍ജ് എന്നിവരാണ് യമനില്‍ നിന്ന് ജിബൂട്ടിയിലെത്തിയ ശേഷം ദോഹ വഴി ഇന്ന് രാവിലെ 8.15ന് കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ മടങ്ങിയെത്തുമെന്ന് ഇവര്‍ പറഞ്ഞു.
പല നഴ്‌സുമാരുടെയും രേഖകള്‍ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. എംബസി അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവ വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും വീണ്ടും നിലപാട് മാറ്റുകയായിരുന്നു. മൂന്ന് മാസത്തെ ശമ്പളവും നല്‍കിയിട്ടില്ല.

Latest