Connect with us

Kerala

മന്ത്രി ഇബ്‌റാഹിംകുഞ്ഞിനെതിരായ കേസില്‍ ലോകായുക്ത 17ന് വിധിപറയും

Published

|

Last Updated

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ഇബ്‌റഹിം കുഞ്ഞിനെതിരായ കേസില്‍ ഈ മാസം 17ന് ലോകായുക്ത വിധി പറഞ്ഞേക്കും. ഗണേഷ് കുമാറിന്റെ സത്യവാങ്മൂലം പരിശോധിച്ച ശേഷമാകും അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യത്തില്‍ ലോകായുക്ത തീരുമാനമെടുക്കുക. വി കെ ഇബ്രാഹികുഞ്ഞിനെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ രേഖകള്‍ സഹിതമാണ് ഗണേഷ്‌കുമാര്‍ ലോകായുക്തക്കു മുന്നില്‍ ഹാജരായത്.
മന്ത്രിക്കെതിരെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും ഒന്നലധികം ആരോപണങ്ങള്‍ ഗണേഷ്‌കുമാര്‍ ലോകായുക്തയെ ധരിപ്പിച്ചു. കൈയിലുള്ള തെളിവുകള്‍ സഹിതം വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനായിരുന്നു ലോകായുക്ത നിര്‍ദേശം. ഈ മാസം 16ന് ഗണേഷ്‌കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. സത്യവാങ്മൂലവും തെളിവുകള്‍ പരിശോധിച്ച ശേഷമാകും അന്വേഷണ കാര്യത്തില്‍ ലോകായുക്തയുടെ തീരുമാനം.
പ്രത്യേക അന്വേഷണ സംഘത്തിനോ, അല്ലെങ്കില്‍ ലോകായുക്തക്ക് കീഴിലുള്ള പോലീസിനോ അന്വേഷണം കൈമാറാം. പ്രാഥമിക അന്വേഷണമാണ് ലോകായുക്ത ഇപ്പോള്‍ നടത്തുന്നത്. അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് തെളിവു ശേഖരിക്കണമെന്നുണ്ടെങ്കില്‍ ലോകായുക്തക്ക് ഇനിയും സാക്ഷികള്‍ക്ക് നോട്ടീസയച്ച് മുന്നോട്ടുപോകാനും കഴിയും.
ഇബ്‌റാഹിം കുഞ്ഞിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ലോകായുക്തക്ക് മുന്നില്‍ ഗണേഷ്‌കുമാര്‍ ഉന്നയിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ സഹായിയായ ജീവിതം ആരംഭിച്ച ഇബ്‌റാഹിം കുഞ്ഞിന് ഇന്നുണ്ടായ കോടികളുടെ ആസ്തി അന്വേഷിക്കണം.
വയനാട്ടിലെ റോഡില്‍ ബാരിയറുകള്‍ സ്ഥാപിച്ചതിലും പെരിയാറില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിച്ചതിലും അഴിമതി നടന്നുവെന്നും രേഖകള്‍ ചൂണ്ടികാട്ടി ഗണേഷ് കോടതിയില്‍ പറഞ്ഞിരുന്നു. സത്യവാങ്മൂലം പരിശോധിച്ച് 17ന് ലോകായുക്ത എടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കും.

Latest