Connect with us

Kerala

ബാര്‍കോഴ: വി എസിന്റെ കത്ത് തള്ളിയ വിജലന്‍സ് നടപടിയില്‍ കേരളാ കോണ്‍ഗ്രസിന് അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മാണിയെ കൂടാതെ ആരോപണ വിധേയരായ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് വിജിലന്‍സ് തള്ളി. രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു വി എസിന്റെ കത്ത്. എന്നാല്‍ കത്ത് തള്ളിയ വിജിലന്‍സിന്റെ നടപടിയില്‍ കേരളാ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്. കത്ത് പരിഗണിച്ച് മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കോണ്‍ഗ്രസ് മന്ത്രിമാരെ ഒഴിവാക്കിയതുമാണ് കേരളാ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കത്ത് തള്ളിയ വിജിലന്‍സിനെതിരെ വി എസ് രംഗത്തെത്തി. അഴിമതിക്കാരായ മന്ത്രിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വി എസ് വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട വി എസ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ ശബ്ദരേഖയും വിജിലന്‍സിന് നല്‍കിയിരുന്നു. എന്നാല്‍ ശബ്ദരേഖ വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് വിജിലന്‍സ് വി എസിന്റെ ആവശ്യം തള്ളിയത്. ബാര്‍കോഴ ആരോപണത്തില്‍ വി എസിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മാണിയെ ഒന്നാംപ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കോണ്‍ഗ്രസ് മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്തതിലുള്ള പ്രതിഷേധം മുന്നണിയെ കേരളാ കോണ്‍ഗ്രസ് (എം) അറിയിച്ചേക്കും.

Latest