Connect with us

National

രക്ഷാദൗത്യം: യമനില്‍ നിന്ന് 358 പേര്‍ മടങ്ങിയെത്തി

Published

|

Last Updated

നെടുമ്പാശ്ശേരി/മുംബൈ/ജിബൂത്തി: സംഘര്‍ഷഭരിതമായ യമനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 358 പേര്‍ മടങ്ങിയെത്തി. 168 പേരുമായി വ്യോമസേനയുടെ ആദ്യവിമാനം സിയ 17 ഗ്ലോബ് മാസ്റ്റര്‍ ഇന്ന് പുലര്‍ച്ചെ 1.45ന് നെടുമ്പാശ്ശേരിയിലും 190 പേരെയുമായി രണ്ടാം വിമാനം പുലര്‍ച്ചെ നാല് മണിക്ക് മുംബൈയിലുമാണ് ഇറങ്ങിയത്. യെമനില്‍ നിന്ന് രക്ഷിച്ച് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ എത്തിച്ച സംഘമാണ് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്.

മടങ്ങിയെത്തിയ യാത്രക്കാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മന്ത്രിമാരായ കെ സി ജോസഫ്, വി കെ ഇബ്‌റാഹീം കുഞ്ഞ്, കെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മടങ്ങിയെത്തിയവര്‍ക്ക് സഹായധനമായി രണ്ടായിരം രൂപവീതം നോര്‍ക്ക വിതരണം ചെയ്തു.

kochi

തമിഴ്‌നാട്ടിലേക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ളവരെ സ്വന്തം നാട്ടിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി ബസ് ഏര്‍പ്പെടുത്തിയിരുന്നു. വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ജിബൂത്തിയിലെത്തി ഓപ്പറേഷന്‍ റാഹത്ത് എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചൊവ്വാഴ്ച രാത്രിയാണ് യമനില്‍ നിന്ന് 350 ഇന്ത്യക്കാരുമായി ഐ എന്‍ എസ് സുമിത്ര പുറപ്പെട്ടത്. 101 സ്ത്രീകളും 28 കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് ജിബൂത്തിയില്‍ എത്തിച്ചത്. കേരളത്തില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും (206 പേര്‍). തമിഴ്‌നാട്ടില്‍ നിന്നുള്ള 40 പേരും മഹാരാഷ്ട്രിയില്‍ നിന്നുള്ള 31 പേരും പശ്ചിമബംഗാളില്‍ നിന്നുള്ള 23 പേരും ഡല്‍ഹിയില്‍ നിന്നുള്ള 22 പേരും കര്‍ണാടകയില്‍ നിന്നുള്ള 15 പേരും ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള 13 പേരുമാണ് ഇപ്പോള്‍ യമനില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടിട്ടുള്ളത്.

mumbai photos

യമനിലെ ഏദന്‍ തുറമുഖത്ത് കപ്പല്‍ അടുപ്പിക്കുന്നതിനുള്ള അനുവാദം ലഭിച്ചതിന് ശേഷം ഐ എന്‍ എസ് സുമിത്ര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെടുകയായിരുന്നു. നാലായിരത്തോളം ഇന്ത്യക്കാര്‍ യമനില്‍ ഉണ്ടെന്നാണ് കണക്ക്. വ്യോമ, നാവിക രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ഇവരില്‍ 350 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിട്ടുള്ളത്. ഐ എ എഫ് സി 17 ഗ്ലോബ്മാസ്റ്ററിന് പുറമേ മറ്റൊരു എയര്‍ക്രാഫ്റ്റ് കൂടി യമനിലേക്കയക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരി 22 മുതല്‍ യമനില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ എതാനും ദിവസമായി യുദ്ധസമാനത കൈവരിച്ചതോടെയാണ് ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് അവിടെ സുരക്ഷ നഷ്ടപ്പെട്ടത്. പ്രസിഡന്റ് അബ്ദുര്‍റബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള നിയമാനുസൃത സര്‍ക്കാറിനെ ഹൂത്തി വിമതര്‍ പുറത്താക്കിയതിനെ തുടര്‍ന്ന് യമനില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സഊദി അറേബ്യ നേതൃത്വം നല്‍കുന്ന 10 രാഷ്ട്രങ്ങളുടെ സഖ്യസേന യമനില്‍ വ്യോമാക്രമണം ആരംഭിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി. നൂറോളം ആളുകളാണ് ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത്. നാനൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
നിരവധി ഇന്ത്യക്കാര്‍ യമനില്‍ ഉണ്ടെന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ സഹായവും സഊദി രാജാവ് ഉറപ്പുനല്‍കി. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇന്ത്യ യമനില്‍ നിന്ന് സ്വന്തം പൗരന്മാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

kochi 2

ഐ എന്‍ എസ് സുമിത്രക്ക് പുറമേ രണ്ട് യാത്രാക്കപ്പലുകളും ഇന്ത്യ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. മസ്‌കത്തില്‍ രണ്ട് എയര്‍ ഇന്ത്യന്‍ വിമാനവും ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. ഐ എന്‍ എസ് മുംബൈ, ഐ എന്‍ എസ് തര്‍ക്കശ് ഉള്‍പ്പെടെ നാല് കപ്പലുകള്‍ ശനിയാഴ്ച യമനില്‍ എത്തുമെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങല്‍ അറിയിച്ചിട്ടുണ്ട്. നാല് കപ്പലുകളും ഇന്ന് അറബിക്കടലില്‍ സംഗമിച്ച് സംഘമായി യമന്‍ ലക്ഷ്യമാക്കി നീങ്ങും. ഇവ കൂടാതെ രണ്ട് മര്‍ച്ചന്റ് വെസ്സലുകളും യമനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, ആശുപത്രി അധികൃതര്‍ വിസ അടിച്ചു നല്‍കാത്തതിനാല്‍ ഒരു കൂട്ടം മലയാളി നഴ്‌സുമാര്‍ക്ക് യമനില്‍ നിന്ന് പുറത്തുകടക്കാന്‍ കഴി ഞ്ഞിട്ടില്ല. പ്രശ്‌നം രൂക്ഷമായതോടെ നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ട നഴ്‌സുമാരോട് പിഴ അടക്കണമെന്ന് യമനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വാശിപിടിക്കുന്നതായും തിരുവനന്തപുരം സ്വദേശിയായ ഷിബിന്‍ ഡാനിയല്‍ സിറാജിനോട് പറഞ്ഞു. സംഘര്‍ഷം രൂക്ഷമായ ബനി മാതറില്‍ ജോലി ചെയ്യുകയായിരുന്ന ഷിബിന്‍ കഴിഞ്ഞ ദിവസമാണ് സന്‍ആയിലെത്തിയത്. സന്‍ആയിലെ ഒരു ആശുപത്രിയിലാണ് ഷിബിന്‍ ഇപ്പോള്‍ കഴിയുന്നത്. നൂറ് കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ തന്നോടൊപ്പമുണ്ടെന്നും ഇതുവരെയായിയിട്ടും തങ്ങള്‍ക്കാര്‍ക്കും എന്‍ട്രി വിസയല്ലാതെ മറ്റൊന്നും ലഭിച്ചിരുന്നില്ലെന്നും ഷിബിന്‍ പറഞ്ഞു.
30,000 മുതല്‍ 40,000 യമനി റിയാല്‍വരെ നല്‍കിയാല്‍ മാത്രമേ നാട്ടിലെത്തിക്കുകയുള്ളുവെന്നുമാണ് ഇന്ത്യന്‍ എംബസി പറയുന്നതെന്ന് നഴ്‌സുമാര്‍ പറയുന്നു.