Connect with us

Kozhikode

ഭീകരതക്ക് ഇസ്‌ലാമുമായി ബന്ധമില്ല: ഹോളണ്ട് ഗ്രാന്റ് മുഫ്തി

Published

|

Last Updated

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന നാഷനല്‍ മീറ്റ് ഹോളണ്ട് ഗ്രാന്റ് മുഫ്തി അബ്ദുല്‍ വാജിദ് നയ്യാര്‍ ഖാദിരി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് ;ആഗോള തലത്തില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് ഹോളണ്ട് ഗ്രാന്റ് മുഫ്തി അബ്ദുല്‍ വാജിദ് നയ്യാര്‍ ഖാദിരി. മുസ്‌ലിം നാമധാരികളായ മതബോധമില്ലാത്ത ഒരു വിഭാഗം മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും അന്തര്‍ദേശീയ തലത്തില്‍ ഭീകരത ഉന്‍മൂലനം ചെയ്യാനും ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്താനും മദ്‌റസകള്‍ സാര്‍വത്രികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നാഷനല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന നാഷനല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം വിദ്യാഭ്യാസം ദേശീയ തലത്തില്‍ എന്ന വിഷയം ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി അവതരിപ്പിച്ചു. സയ്യിദ് ഷാ യൂസുഫ് ഹാദി ഖാദിരി (യു പി), സയ്യിദ് മുഹമ്മദ് മഹ്ദി മുഈനി ചിശ്തി (അജ്മീര്‍ ശരീഫ്), ശൈഖ് മുജീബ് ബറകാത്തി (നേപ്പാള്‍), മുഫ്തി ഇഹ്തിശാം (മുംബൈ), അബൂ ഹനീഫല്‍ ഫൈസി തെന്നല, അഡ്വ എ കെ ഇസ്മാഈല്‍ വഫ, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ശാഹുല്‍ ഹമീദ് ശാന്തപുരം സ്വാഗതവും യൂസുഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.
എം എ ഉസ്താദ് നഗറില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പതാക ഉയര്‍ത്തിയതോടെയാണ് നാഷനല്‍ കോണ്‍ഫറന്‍സിന് തുടക്കമായത്. അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന സിയാറത്തിന് യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, സയ്യിദ് ഇല്യാസ് എരുമാട്, പി ജി അബൂബക്കര്‍ കോയ തങ്ങള്‍, സി എം യൂസുഫ് സഖാഫി, അബ്ദുനാസര്‍ അഹ്‌സനി മടവൂര്‍ നേതൃത്വം നല്‍കി.
വിവിധ സെഷനുകളിലായി പതിനയ്യായിരത്തോളം മുഅല്ലിം പ്രതിനിധികള്‍ പങ്കെടുക്കുന്ന നാഷനല്‍ കോണ്‍ഫറന്‍സും മുഅല്ലിം റാലിയും ഇന്ന് നടക്കും. രാവിലെ 9 മണിക്ക് സൈന്‍ അഫ്താബ് സിദ്ദീഖി ലണ്ടന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. 11ന് നടക്കുന്ന വിദ്യാഭ്യസ സെഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുസലാം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 ന് സമാപന സമ്മേളനത്തില്‍ കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

 

Latest