Connect with us

Kerala

പിവി അബ്ദുല്‍ വഹാബ് മുസ്‌ലിംലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

Published

|

Last Updated

മലപ്പുറം: മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായിയായി പി വി അബ്ദുല്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഇതോടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്കും വിരാമമായി. മുന്‍ രാജ്യസഭാ അംഗം കൂടിയായ വഹാബിന് ഇത് രണ്ടാം ഊഴമാണ്. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
രാജ്യസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ലീഗില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് പ്രഖ്യാപന ശേഷം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് പാര്‍ട്ടി തീരുമാനമെടുത്തത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇതുപോലെ പല പേരുകളും ഉയര്‍ന്നുവരും. ഹൈദരലി തങ്ങള്‍ ഒരു തീരുമാനമെടുത്താല്‍ പിന്നീട് മറ്റ് പേരുകള്‍ക്കൊന്നും പ്രസക്തിയില്ല. ലീഗില്‍ ഭിന്നതയുണ്ട് എന്നുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് സെക്രട്ടറി കെ പി എ മജീദിന്റെയും വഹാബിന്റെയും പേരുകളായിരുന്നു തുടക്കം മുതല്‍ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഇതില്‍ മജീദിനായിരുന്നു മുന്‍തൂക്കമുണ്ടായിരുന്നതെങ്കിലും ജില്ലാ കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞ ശേഷം വഹാബിനെ സ്ഥാനാര്‍ഥിയാക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഹൈദരലി തങ്ങള്‍ക്ക് വിട്ടത്. ഇതനുസരിച്ച് രാവിലെ എട്ട് മണിയോടെ ഉന്നതാധികാര സമിതി ചേരുകയും തുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയുമായിരുന്നു.

mlp-Panakkadu nadanna yogathinu shesham KP Majeedum PV Abdul vahabum.photo pk nazer
പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് രണ്ടാം തവണയും രാജ്യസഭാ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞതിനെ കാണുന്നതെന്ന് വഹാബ് പറഞ്ഞു. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകും. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് വളര്‍ന്നു വന്നത്. മുന്‍പരിചയം ഉള്ളതുകൊണ്ട് ഇത്തവണ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പാര്‍ട്ടി തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നതായി ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു. പാര്‍ട്ടിയുടെ കീഴ്‌വഴക്കം അനുസരിച്ച് ഹൈദരലി തങ്ങളുടേതാണ് അന്തിമ തീരുമാനം. ലീഗിന് ഇക്കാര്യം പുതുമയല്ലെന്നും മജീദ് പറഞ്ഞു. ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്ക് ഈ മാസം ഇരുപതിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest