Connect with us

Kerala

'പണമുണ്ടാകുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല' മുനവ്വറലി തങ്ങള്‍ക്കെതിരെ വഹാബിന്റെ ഒളിയമ്പ്

Published

|

Last Updated

മലപ്പുറം: മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെ പി വി അബ്ദുല്‍ വഹാബിന്റെ ഒളിയമ്പ്. പണക്കാരനായതു കൊണ്ടല്ല താന്‍ സ്ഥാനാര്‍ഥിയായതെന്നായിരുന്നു വഹാബിന്റെ പ്രതികരണം.
പണമുണ്ടാകുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ലല്ലോ എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ മുനവറലിയെ ലക്ഷ്യം വെച്ചായിരുന്നു. വഹാബിനെ രാജ്യസഭാസ്ഥാനാര്‍ഥിയാക്കുന്നതിലുള്ള പ്രതിഷേധം മുനവറലി തങ്ങള്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിനോടായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പേര് പരാമര്‍ശിക്കാതെ മുനവറലിക്കെതിരെ വഹാബ് ഒളിയമ്പെയ്തത്. “പാര്‍ട്ടിയുടെ പാരമ്പര്യത്തിന് കോട്ടം തട്ടാത്ത രീതിയിലുളള ഒരു തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നു. സേവന പാരമ്പര്യവും അച്ചടക്കവും ഉള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുക്കേണ്ട ഒരു പദവിയാണെന്നതാണ് ലീഗ് പ്രവര്‍ത്തകരുടെ പൊതുവികാരം.
മുമ്പ് ഒരു മുതലാളിക്ക് ആ സ്ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ പിതാവിനെ ഏറെ വിഷമിപ്പിച്ച തീരുമാനമായിരുന്നു ഇത്. ആ തീരുമാനം വേണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നത് പല തവണ കേട്ടിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന തീരുമാനത്തിന്റെ തനിയാവര്‍ത്തനം ഇനിയുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്ത തീരുമാനം ഇനി ഉണ്ടാകില്ലെന്ന് പ്രാര്‍ഥിക്കാമെന്നു”മാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്. എന്നാല്‍, അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന തീരുമാനമാണ് ഹൈദരലി തങ്ങളെടുത്തത്. മാത്രമല്ല, ലീഗ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന “തനിയാവര്‍ത്തനം”മുനവറലിയുടെ അഭിപ്രായം പരിഗണിച്ച് കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്നീട് അതൊരു കീഴ്‌വഴക്കമായി മാറുമെന്നതും മജീദിനെ ഒഴിവാക്കാന്‍ കാരണമായി.
കൂടാതെ വഹാബില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വീകരിക്കാനാകുമെന്ന് മനസിലാക്കിയ ഇ കെ വിഭാഗം നേതൃത്വും വഹാബിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ പ്രഖ്യാപന ചടങ്ങില്‍ ഇരുവരുമുണ്ടായിരുന്നെങ്കിലും അകന്ന് നില്‍ക്കുന്നത് കാണാമായിരുന്നു. പിന്നീട് വഹാബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഇരുവരോടും ആലിംഗനം ചെയ്യാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടുകയായിരുന്നു. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഇപ്പോഴും ഇത് സംബന്ധിച്ച് നടക്കുന്നത്. തന്റെത് വ്യക്തിപരമായ അഭിപ്രായം മാത്രമായിരുന്നുവെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അറിയിച്ചാണ് വിവാദങ്ങളില്‍ നിന്ന് മുനവറലി രക്ഷപ്പെട്ടത്. ഹൈദരലി തങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.