Connect with us

Kerala

വിട്ടുവീഴ്ച്ചക്കില്ലാതെ ജോര്‍ജും മാണിയും; പ്രതിസന്ധി തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ യു ഡി എഫില്‍ നടന്ന ചര്‍ച്ചകള്‍ വഴിമുട്ടി. സമവായ നിര്‍ദേശങ്ങള്‍ ഉരുത്തിരിയാതെ വരികയും ജോര്‍ജും മാണിയും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് പ്രശ്‌നപരിഹാരം സാധ്യമാകാതെ വന്നത്. കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാതെ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് പി സി ജോര്‍ജ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണിയും നിലപാടെടുത്തു. ഒടുവില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും തീരുമാനം ഇന്നുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പകല്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി കെ എം മാണിയുമായി ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വീണ്ടും കൂടിക്കാഴ്ച നടത്തി.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ പി സി ജോര്‍ജുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തി. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെങ്കില്‍, പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കി, കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം നല്‍കണമെന്ന ഉപാധിയാണ് പി സി ജോര്‍ജ് മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാതെ സ്വയം രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോര്‍ജുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ കെ എം മാണി നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചു. ജോര്‍ജ് മുന്നോട്ടുവെച്ച ഉപാധി നേതാക്കള്‍ മുന്നോട്ടുവച്ചെങ്കിലും, പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും ഒഴിവാക്കുക എന്നത് പാര്‍ട്ടി തീരുമാനമാണെന്നും അത് അംഗീകരിച്ചേ മതിയാകുവെന്നും മാണി നിലപാടെടുത്തതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.
പത്ത് മിനുട്ട് മാത്രം നീണ്ടുനിന്ന മാണിയുമായുള്ള ചര്‍ച്ചക്കു ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രിക്ക് നേരത്തേ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ചര്‍ച്ചകള്‍ അവസാനിച്ചുവെന്നും തീരുമാനം ഇന്നുണ്ടാകുമെന്നും അറിയിച്ചു. തൊട്ടുപിന്നാലെ വന്ന രമേശ് ചെന്നിത്തല ഒരുവട്ടം കൂടി ചര്‍ച്ച തുടരുമെന്നറിയിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പുറത്തിറങ്ങിയ ശേഷവും കുഞ്ഞാലിക്കുട്ടിയും മാണിയും തമ്മിലുള്ള ആശയവിനിമയം കുറച്ചുനേരം കൂടി തുടര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിര്‍വശത്തുള്ള കുഞ്ഞാലിക്കുട്ടിയുടെ ഓഫീസില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ട ശേഷമാണ് കെ എം മാണിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍, മാണിയുടെ വീട്ടുവീഴ്ചയില്ലാത്ത നിലപാട് രണ്ടാം വട്ട ചര്‍ച്ചയുടെ വഴിയടച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശക പത്രികാസമര്‍പ്പണത്തിനെത്തിയ മാണിയുമായി നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വെച്ച് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തിയിരുന്നു. പത്രികാ സമര്‍പ്പണത്തിന് പി സി ജോര്‍ജും എത്തിയിരുന്നെങ്കിലും ഉടന്‍ തന്നെ തിരിച്ചുപോകുകയായിരുന്നു. അതിനു ശേഷം കുഞ്ഞാലിക്കുട്ടി പി സി ജോര്‍ജുമായി ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് ജോര്‍ജിനെ ഉച്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയത്.

Latest