Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആരോഗ്യവകുപ്പ് ചികില്‍സ നിഷേധിക്കുന്നു

Published

|

Last Updated

കാസര്‍കോട്: കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ ഭരണകാലത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അനുവദിച്ചിരുന്ന ആംബുലന്‍സുകള്‍ പിടിച്ചെടുത്ത യു ഡി എഫ് സര്‍ക്കാറിലെ ആരോഗ്യവകുപ്പ് ഇരകള്‍ക്ക് ചികിത്സയും നിഷേധിക്കുന്നു.

യാതൊരു തരത്തിലുമുള്ള ചികിത്സകളോ സര്‍ക്കാറിന്റെ സാമ്പത്തിക സഹായങ്ങളോ ലഭിക്കാതെ ഇവര്‍ കടുത്ത ദുരിതമനുഭവിക്കുകയാണ്. ജനിതക വൈകല്യങ്ങളും മാരകരോഗങ്ങളും ബാധിച്ച് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലുമാകാത്ത എന്‍ഡോസള്‍ഫാന്‍ രോഗികളെ അത്യാവശ്യഘട്ടങ്ങളില്‍ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണ് അത്യാധുനിക സജ്ജീകരണങ്ങളുള്ള രണ്ട് ആംബുലന്‍സുകള്‍ ഇടതുമുന്നണി ഭരണകാലത്ത് കാസര്‍കോട് ജില്ലക്ക് അനുവദിച്ചിരുന്നത്. ജില്ലയിലെ പതിനൊന്ന് ഗ്രാമപഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ ആംബുലന്‍സുകള്‍ അനുവദിക്കപ്പെട്ടത് ജനപ്രതിനിധികളുടെയും രാഷ്ട്രീയ- സാമൂഹിക സംഘടനകളുടെയും ഇടപെടലിനെ തുടര്‍ന്നായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്കുമായാണ് ആംബുലന്‍സുകള്‍ അനുവദിച്ചിരുന്നത്. രോഗികള്‍ക്ക് ഓക്‌സിജനും അത്യാവശ്യചികിത്സയും നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പോലും ആംബുലന്‍സിലുണ്ടായിരുന്നു. അത്യാസന്ന നിലയിലായിരുന്ന നിരവധി രോഗികളെ രക്ഷപ്പെടുത്താന്‍ ഈ ആംബുലന്‍സ് ഉപകരിച്ചിരുന്നു.
എന്നാല്‍, സംസ്ഥാനത്ത ഭരണമാറ്റമുണ്ടായതോടെ ആരോഗ്യവകുപ്പ് രണ്ട് ആംബുലന്‍സുകളും പിടിച്ചെടുത്ത് ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലന്‍സുകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നും കടത്തുന്നതിനെതിരെ സി പി എം, സി പി ഐ, മുസ്‌ലിം ലീഗ്, ബി ജെ പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, യൂത്ത് ലീഗ്, യുവമോര്‍ച്ച തുടങ്ങിയ യുവജനസംഘടനകളും രംഗത്തുവരികയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പുറമെ ആംബുലന്‍സുകള്‍ കൊണ്ടുപോകാനെത്തിയവരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ തുടക്കത്തില്‍ കാണിച്ച ആര്‍ജവം പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും കാണിക്കാതിരുന്നതോടെ ആംബുലന്‍സുകള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതില്‍ അധികൃതര്‍ വിജയിക്കുകയും ചെയ്തു. ഈ നടപടിക്കെതിരെ തുടര്‍സമരപരിപാടികളൊന്നും ഉണ്ടായതുമില്ല. കാസര്‍കോട് ജില്ലയില്‍ നിന്നും കൊണ്ടുപോയ ആംബുലന്‍സുകള്‍ക്കു പകരം രണ്ട് ആംബുലന്‍സുകള്‍ ആരോഗ്യവകുപ്പ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെന്നു പറഞ്ഞ് അനുവദിച്ചിരുന്നുവെങ്കിലും ഈ ആംബുലന്‍സുകളില്‍ ജീവന്‍രക്ഷക്കുതകുന്ന സജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ അനുവദിക്കപ്പെട്ട രീതിയിലുള്ള ആംബുലന്‍സുകളുടെ അതേ നിലവാരമുള്ളവ നല്‍കാമെന്ന ഉറപ്പ് അധികൃതര്‍ പാലിച്ചുമില്ല.

Latest