Connect with us

International

പുതിയ വഴി തുറന്ന് ഒബാമയും റൗളും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ച

Published

|

Last Updated

പനാമ സിറ്റി: ചരിത്രപരമായ ഹസ്തദാനത്തിന് പിറകേ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ഔദ്യോഗിക ചര്‍ച്ച നടത്തി. പനാമയില്‍ നടക്കുന്ന അമേരിക്കാസ് ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ നടന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിപ്ലവകരമായ ചുവടുവെപ്പായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ക്യൂബന്‍ നേതാവ് റൗള്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ച തുറന്നമനസ്സോടെയും ഫലപ്രദവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഇന്നലെ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഒബാമ ഇങ്ങനെ പ്രതികരിച്ചത്. ഒബാമ സത്യസന്ധനാണെന്നും നല്ല വ്യക്തിയാണെന്നും റൗള്‍ കാസ്‌ട്രോയും പ്രതികരിച്ചു.
ക്യൂബന്‍ ജനതയുമായുള്ള എല്ലാ നിലക്കുമുള്ള ബന്ധം നല്ല നിലയിലേക്കാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്നാണ് താന്‍ വിചാരിക്കുന്നത്. ശീത സമരം അവസാനിച്ചിരിക്കുന്നുവെന്നതാണ് ജനങ്ങള്‍ക്കുള്ള നല്‍കാനുള്ള തന്റെ സന്ദേശം. എന്നാല്‍ മനുഷ്യാവകാശം പോലെയുള്ള പല ഗൗരവമായ വിഷയങ്ങളിലും ഇരു രാജ്യങ്ങളിലും ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ലെന്നും ഒബാമ വ്യക്തമാക്കി. അതേസമയം, എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് ക്യൂബന്‍ നേതാവ് അറിയിച്ചു. എന്നാല്‍ ചില വിഷയങ്ങളില്‍ ഇപ്പോഴും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാം ചര്‍ച്ച ചെയ്യാം. പക്ഷേ ക്ഷമയോടെ കാത്തിരിക്കണമെന്നും റൗള്‍ കാസ്‌ട്രോ ചൂണ്ടിക്കാട്ടി.
ക്യൂബക്കെതിരെ അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളില്‍ ഒബാമക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് മുമ്പുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ക്യൂബയെ പ്രയാസപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂബയെ ഭീകരവാദി പട്ടികയില്‍ നിന്ന് ഒഴിവാക്കുക, ഉപരോധം പൂര്‍ണമായി നീക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധം നേരെയാക്കുന്നതിന് ക്യൂബ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഒബാമക്ക് തുറന്ന മനസ്സാണുള്ളത്. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മാത്രമേ മുന്നോട്ട് പോകാനുകകയുള്ളൂ. കോണ്‍ഗ്രസില്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി ന്യൂനപക്ഷമാണ്.

Latest