Connect with us

Kasargod

കേന്ദ്ര സര്‍വകലാശാലയിലെ അഴിമതി: മുന്‍ വിസിയെ സി ബി ഐ ചോദ്യം ചെയ്യും

Published

|

Last Updated

കാസര്‍കോട്: പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന കോടികളുടെ അഴിമതി സംബന്ധിച്ച് സി ബി ഐ അന്വേഷണം ഉന്നതങ്ങളിലേക്ക്. കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ളവരെ സി ബി ഐ ചോദ്യം ചെയ്യും. കേന്ദ്ര സര്‍വ്വകലാശാലയിലെ സെക്യൂരിറ്റി നിയമനത്തില്‍ നടന്ന അഴിമതിയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കാന്‍ മുന്‍ വൈസ് ചാന്‍സിലര്‍ ജാന്‍സി ജയിംസ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് സി ബി ഐ.
ജാന്‍സി ജയിംസിന്റെ ഭരണകാലത്താണ് സെക്യൂരിറ്റിനിയമനം നടന്നത്. കാസര്‍കോട് ചാലാ റോഡില്‍ പ്രവര്‍ത്തിക്കുന്ന മാതാ ഏജന്‍സി മുഖാന്തിരമാണ് ഇവരുമായുണ്ടാക്കിയ കരാര്‍ പ്രകാരം സെക്യൂരിറ്റിനിയമനം നടത്തിയത്. 44 സെക്യൂരിറ്റി ജീവനക്കാരെയാണ് ഇവിടെ നിയമിച്ചത്. എന്നാല്‍ കൃത്രിമരേഖകളുണ്ടാക്കി 54 സെക്യൂരിറ്റി ജീവനക്കാര്‍ സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ ലക്ഷങ്ങള്‍ ശമ്പളക്കണക്കെന്ന വ്യാജേന തട്ടിയെടുക്കുകയുമായിരുന്നു.
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളത്തിന്റെ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 2011 ലെ കരാര്‍ പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച ഏജന്‍സി 2012 ഡിസംബറില്‍ ഒരുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ഇതറിഞ്ഞിട്ടും പുതിയ ടെന്‍ഡറില്ലാതെ തന്നെ ഈ ഏജന്‍സിയെ തുടരാന്‍ അനുവദിച്ചതുതന്നെ അഴിമതി നടത്താന്‍ വേണ്ടി തന്നെയാണ് വ്യക്തമായി.
കോട്ടയം വൈക്കം സ്വദേശിയായ മാതാ സെക്യൂരിറ്റി ഏജന്‍സിയുടെ ഉടമ രാജേന്ദ്രന് മുന്‍ വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസ് ട്രസ്റ്റ് രൂപവത്കരിച്ച് സെക്യൂരിറ്റി നിയമനം ഉറപ്പ് വരുത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് കാണിക്കപ്പെടുന്നത്. 12 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ച് 9000 രൂപ വീതം ശമ്പളം നല്‍കുകയും ബാക്കിതുക സെക്യൂരിറ്റി ഏജന്‍സിയും ഉദ്യോഗസ്ഥരും വീതം വെക്കുകയും ചെയ്‌തെന്നും സി ബി ഐ കണ്ടെത്തി.
സര്‍വകലാശാലയിലെ പടന്ന ക്യാമ്പസിനുേവണ്ടി വാടകക്കെടുത്ത കെട്ടിടത്തിന്റെ മറവിലും അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിന് നിലവിലുള്ള വാടകയേക്കാള്‍ കൂടുതല്‍ സ്‌ക്വയര്‍ ഫീറ്റിനു വാടക നല്‍കുന്നുണ്ടെന്ന ആരോപണവും സര്‍വകലാശാല ഡീന്‍ ജേക്കബ് ചാക്കോ ക്യാമ്പസിലേക്ക് രണ്ടര കോടി രൂപ ചെലവഴിച്ച് കെമിക്കല്‍ ഇന്‍സ്ട്രുമെന്റ് സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.
രാഷ്ട്രപതി പങ്കെടുത്ത ബിരുദദാനച്ചടങ്ങില്‍ പന്തല്‍ ഒരുക്കിയതിലും മറ്റും ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയും അന്വേഷണത്തിലുണ്ട്. സര്‍വകലാശാലയിലെ ചില ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നാണ് വിവരം.

---- facebook comment plugin here -----

Latest