Connect with us

National

ആന്ധ്രയിലെ പോലീസ് വെടിവെപ്പ്: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശേഷാചലം വനത്തില്‍ പോലീസ് വെടിവെപ്പില്‍ 20പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഏറ്റുമുട്ടലിന്റെ രേഖകള്‍ സൂക്ഷിക്കണം, ദൃക്‌സാക്ഷികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം, ആയുധങ്ങള്‍ കണ്ടെത്തണം തുടങ്ങിയ നിര്‍ദേശങ്ങളും മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

ദൃക്‌സാക്ഷികളായ ശേഖര്‍, ബാലചന്ദ്രന്‍ എന്നിവരാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കിയത്. തമിഴ്‌നാട്ടില്‍നിന്നുള്ള തൊഴിലാളികളെ കസ്റ്റഡിയിലെടുത്തശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പീപ്പിള്‍ വാച്ച് ഫോറം എന്ന മനുഷ്യാവകാശ സംഘടനയാണ് ഇവരെ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരാക്കിയത്.

അതേസമയം, വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറു പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കളുടെ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.