Connect with us

Kerala

സി കെ വിദ്യാസാഗര്‍ ഗവര്‍ണറായേക്കും

Published

|

Last Updated

തൊടുപുഴ: എസ് എന്‍ ഡി പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍ ഗവര്‍ണര്‍ പദവിയിലെത്താന്‍ സാധ്യത. ഇതിനുളള നടപടികള്‍ അവസാന ഘട്ടത്തിലാണ്. അടുത്ത ഗവര്‍ണര്‍ പട്ടികയില്‍ വിദ്യാസാഗറും ഇടം പിടിക്കുമെന്നാണ് സൂചന. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ ശിപാര്‍ശ പ്രകാരമാണ് വിദ്യാസാഗര്‍ ഗവര്‍ണര്‍ പട്ടികയിലെത്തിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറായാണ് വിദ്യാസാഗറെ പരിഗണിക്കുന്നത്. ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) എ കെ സിംഗ് ആണ് ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. പുതുച്ചേരിയുടെ അധികച്ചുമതലയും എ കെ സിംഗ് വഹിക്കുന്നുണ്ട്.

എന്നാല്‍, വിദ്യാസാഗറിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനോട് ഇടുക്കിയിലെ ബി ജെ പി നേതൃത്വത്തിന് എതിര്‍പ്പുണ്ട്. പി ഡി പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതും മുസ്‌ലിം, ദളിത്, ക്രിസ്ത്യന്‍ വിഭാഗങ്ങളുമായുള്ള വിദ്യാസാഗറുടെ ബന്ധവുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചെങ്കിലും വിദ്യാസാഗറിന് ഗവര്‍ണര്‍ സ്ഥാനം നല്‍കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇടക്കാലത്ത് അകല്‍ച്ചയിലായിരുന്ന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി വിദ്യാസാഗര്‍ ഇപ്പോള്‍ നല്ല ബന്ധത്തിലാണ്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളുടെ ഐക്യം എന്ന ആശയത്തിന്റെ പ്രചാരകനായ വിദ്യാസാഗര്‍, ഈ കാഴ്ചപ്പാട് മുന്‍ നിര്‍ത്തി ഒരു വിശാല ഹിന്ദു സഖ്യത്തിനും രൂപം നല്‍കിയിരുന്നു. അടുത്തിടെ ഈഴവ രാഷ്ട്രീയ പ്രസ്ഥാനമായ എസ് ആര്‍ പി പുനരുജ്ജീവിപ്പിച്ച് അതിന്റെ അധ്യക്ഷനാകുകയും ചെയ്തു.
കഴിഞ്ഞ ആഗസ്റ്റില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ കേരള സന്ദര്‍ശനത്തിനിടെയാണ് വിദ്യാസാഗര്‍ – സംഘ്പരിവാര്‍ ബന്ധം ശക്തമായത്. മോഹന്‍ ഭഗവത് മടങ്ങിയതിന് ശേഷം ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ സന്നദ്ധനാണോ എന്ന് ആരാഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശമെത്തി. അദ്ദേഹം അനുകൂല മറുപടി നല്‍കിയതോടെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ ആരംഭിക്കുകയായിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാറിന് ലഭിച്ചു.
എസ് എന്‍ ഡി പിക്ക് ഗവര്‍ണര്‍ പദവി നല്‍കി എന്നതിനാല്‍ ഈഴവ വിഭാഗത്തില്‍ നേട്ടമുണ്ടാകും എന്നതാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ഗവര്‍ണറാകാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് രാജഗോപാലിന്റെ തീരുമാനം.
2000ത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായതിനൊപ്പം എസ് എന്‍ ഡി പി യോഗം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാസാഗര്‍ വെള്ളാപ്പള്ളിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് 2005ല്‍ സ്ഥാനം ഒഴിയുകയായിരുന്നു.

Latest