Connect with us

Kerala

യു ഡി എഫിനെതിരെ ആഞ്ഞടിച്ച് വീരേന്ദ്രകുമാര്‍

Published

|

Last Updated

കോഴിക്കോട്: എല്‍ ഡി എഫ് വിട്ട് വന്നതിനു ശേഷം ജനതാദള്‍ യുനൈറ്റഡിന് യു ഡിഎഫ് ചെറിയ പരിഗണന പോലും നല്‍കിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍. ആര്‍ എസ് പിയോടും ജനതാദളിനോടും യു ഡി എഫ് രണ്ട് നീതിയാണ് കാണിച്ചത്. തങ്ങള്‍ മുന്നണിവിട്ടില്ലായിരുന്നെങ്കില്‍ കേരളത്തില്‍ എല്‍ ഡി എഫ് ഭരിക്കുമായിരുന്നെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ജെ ഡി യുവില്‍ എസ് ജെ ഡി ലയിച്ചതിന് ശേഷം നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും ആദ്യ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വീരേന്ദ്രകുമാര്‍ സ്വന്തം മുന്നണിക്കെതിരെ ആഞ്ഞടിച്ചത്.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജനതാപരിവാര്‍ യു ഡി എഫ് വിടുമോയെന്ന ചോദ്യത്തിന് തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം മറുപടി പറഞ്ഞു. യു ഡി എഫ് വിടുന്നതിനെക്കുറിച്ച് ദേശീയ നിര്‍വാഹകസമിതി യോഗമാണ് ചര്‍ച്ച ചെയ്യുക.
മാറിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. അതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. തീരുമാനമെടുക്കുമ്പോള്‍ അവഗണന മാത്രമല്ല മറ്റ് കാര്യങ്ങളും പരിഗണിക്കും. മേയിലാണ് ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോകുകയെന്നും അദ്ദേഹം വ്യക്തമാക്കി. മാറിയ സാഹചര്യത്തില്‍ പുതിയ കൂട്ടുകെട്ടുകളും രാഷ്ട്രീയ നിലപാടുകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ് ജെ ഡി വടകര സീറ്റ് ചോദിച്ചപ്പോള്‍ അത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്. എന്നാല്‍, ആര്‍ എസ് പിക്ക് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം കൊടുത്തു. തദ്ദേശ, നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കയ്‌പേറിയ അനുഭവമാണ് യു ഡി എഫില്‍ നിന്നുണ്ടായത്.
പാലക്കാട്ടെ തോല്‍വി സംബന്ധിച്ച് യു ഡി എഫ് നിയമിച്ച ബാലകൃഷ്ണപ്പിളള കമ്മീഷന്റെ റിപ്പോര്‍ട്ട് യു ഡി എഫ് പുറത്തുവിടണം. റിപ്പോര്‍ട്ട് പുറത്തുവിടാനും തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാനും യു ഡി എഫിന് ബാധ്യതയുണ്ട്. എതെങ്കിലും നേതാക്കളുടെ ഇംഗിതങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ അനുസരിച്ച് റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കരുത്.
2009ല്‍ യു ഡി എഫില്‍ എത്തിയതിന് ശേഷം നാല് വര്‍ഷം ജനതാദളിനോട് ചെയ്ത അനീതി വീരേന്ദ്രകുമാര്‍ അക്കമിട്ട് നിരത്തി. ഒരു ജില്ലയിലും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം പോലും ജെ ഡി യുവിന് ലഭിച്ചിട്ടില്ല. യു ഡി എഫ് മുമ്പ് രാഷ്ട്രീയ ജാഥ നടത്തിയപ്പോഴും അര്‍ഹമായ സ്ഥാനം നല്‍കാതെ അവഗണിച്ചു. തങ്ങള്‍ക്ക് പരാതിയില്ലെന്ന് ആരും കരുതരുതെന്നും കഴിഞ്ഞകാലത്തെ രാഷ്ട്രീയ അനുഭവങ്ങളാണിതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
തന്നെ ആരും ഇതുവരെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ല. തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നതില്‍ അര്‍ഥമില്ല. അങ്ങനെയുള്ള സമ്പ്രദായമൊന്നും ജെ ഡി യുവിന് ഇല്ല. പാര്‍ട്ടികള്‍ തെറ്റുതിരുത്തുകയല്ല, വിഷയങ്ങള്‍ വിലയിരുത്തുകയാണ് പതിവ്. രാജ്യസഭാ തിരഞ്ഞെടപ്പില്‍ യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം യു ഡി എഫിനെതിരെ രൂക്ഷ വിമര്‍ശം നടത്തിയ വീരേന്ദ്രകുമാര്‍ എല്‍ ഡി എഫിനെതിരെ മൃദുസമീപനമാണ് സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. ജനതാദള്‍ യുനൈറ്റഡിന്റെ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ ചാലപ്പുറത്തുള്ള വീട്ടിലാണ് നടന്നത്. കൃഷി മന്ത്രി കെ പി മോഹനന്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest