Connect with us

National

കര്‍ഷകരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് മാസത്തെ അവധിക്ക് ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ഇന്ന് കിസാന്‍ റാലി നടക്കാനിരിക്കെയാണ് കര്‍ഷകരുമായും അവരുടെ പ്രതിനിധികളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികളുമായാണ് വസതിയില്‍ വെച്ച് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ ശക്തമായി പ്രതിരോധിക്കുമെന്നും ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും രാഹുലിനൊപ്പമുണ്ടായിരുന്നു. പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങാനിരിക്കെയാണ് കര്‍ഷകരെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
കാലാവസ്ഥാ വ്യതിയാനം കൊണ്ടും മറ്റ് പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്നും കൃഷി നശിച്ച കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രതിനിധികള്‍ രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ അതിന്റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ കര്‍ഷകര്‍ ബോധവാന്മാരല്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം വസതിക്ക് പുറത്ത് കാത്തുനിന്ന കര്‍ഷകരുമായി രാഹുല്‍ സംസാരിച്ചു. ചിലര്‍ രാഹുലിനെ അനുഗ്രഹിക്കുകയും മറ്റുചിലര്‍ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ന് നടക്കുന്ന കര്‍ഷക റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഡല്‍ഹി രാംലീല മൈതാനത്താണ് റാലി സംഘടിപ്പിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഭൂമിയേറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ മാസം ആദ്യം രണ്ടാം തവണയും കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വ്യവസ്ഥകള്‍ കര്‍ഷകവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. എന്‍ ഡി എയിലെ ചില ഘടക കക്ഷികളും ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ രംഗത്തുവന്നിരുന്നു.

Latest