Connect with us

International

സ്‌ഫോടന പരമ്പര:അഫ്ഗാനില്‍ 33 മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ ചാവേര്‍ ആക്രമണ പരമ്പരയില്‍ 33 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് ഇസില്‍ രംഗത്തെത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹര്‍ പ്രവിശ്യയിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. ന്യൂ കാബുള്‍ ബേങ്കിന്റെ പ്രവേശന കവാടത്തിലാണ് ആദ്യ ആക്രമണം നടന്നതെന്ന് പ്രവിശ്യ പോലീസ് മേധാവി ഫസല്‍ അഹ്മദ് ശര്‍സാദ് പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം ഇതിന് തൊട്ടടുത്തുള്ള മറ്റൊരു പ്രദേശത്തും ആക്രമണം നടന്നു. മറ്റൊരു ആക്രമണം നടന്നത് ഇവിടെയടുത്തുള്ള ഒരു പള്ളിക്ക് പുറത്തുവെച്ചാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ആദ്യത്തെ രണ്ടാക്രമണത്തിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടതെന്നും മൂന്നാമത്തെ ആക്രമണത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങളില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബേങ്കിലേക്ക് ശമ്പളം കൈപ്പറ്റുന്നതിന് എത്തുന്ന സമയത്താണ് ചാവേര്‍ ആക്രമണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ച് പാക് താലിബാന്‍ വക്താവ് പ്രസ്താവനയിറിക്കി. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രസിഡന്റ് അശ്‌റഫ് ഗനി അനുശോചനം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന് എന്ത് സഹായവും ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫും പിന്തുണയറിയിച്ചു.

Latest