Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷയില്‍ 97.99 ശതമാനം വിജയം

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ ഇത്തവണ റെക്കോര്‍ഡ് വിജയം. 97.99 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. ആകെ പരീക്ഷ എഴുതിയ 468273 വിദ്യാര്‍ഥികളില്‍ 458541 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പ്രഖ്യാപിച്ചു. ഇത്തവണ ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

1501 സ്കൂളുകള്‍ ഇത്തവണ 100% വിജയം നേടി. 12287 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയികളെ സംഭാവന ചെയ്തത്. ഏറ്റവും കുറഞ്ഞ ശതമാനം പാലക്കാട് ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഇവിടെ 94.3 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള വിദ്യാഭ്യാസജില്ല മണ്ണാര്‍ക്കാടാണ്. ഗള്‍ഫില്‍ 464 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 461 പേര്‍ വിജയിച്ചു.

തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16 വരെ നടക്കും. ഈ മാസം 28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാം. മെയ് ആറ് മുതല്‍ പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിക്കാം.

പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ results.itsc-hool.gov.in വഴിയുംwww.IndiaEducation.net, (www.ExamResults.net) എന്നീ വെബ്‌സൈറ്റുകള്‍ വഴിയും തത്സമയം അറിയാം. ഇതിനായി വിദ്യാര്‍ഥിയുടെ മൊബൈല്‍ നമ്പറും വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം.

ഗൂഗിള്‍ ആപ്ലിക്കേഷനില്‍ നിന്നും “സഫലം” ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം. ഫലം സര്‍ക്കാറിന്റെ സിറ്റിസണ്‍സ് കോള്‍ സെന്ററുകള്‍ മുഖേനെയും അറിയാം. ഇതിനായി ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471 155 300 എന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്, മറ്റ് സേവനദാതാക്കള്‍ 0471 2335523, 2115054, 2115098.

Latest