Connect with us

Articles

ഇനി നയതന്ത്ര നേതൃത്വം

Published

|

Last Updated

പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി സി പി എമ്മിന്റെ കേന്ദ്ര കമ്മറ്റിയിലെത്തുന്നത്. അന്ന് പ്രായം 35 വയസ്സ്. കേന്ദ്രകമ്മറ്റിയംഗം ആകാനുള്ള പക്വതയൊക്കെ ഉണ്ടോയെന്ന് സ്വയം സംശയം തോന്നിയ നിമിഷം. ഭയം തോന്നിയ യെച്ചൂരി ഇ എം എസിനെ സമീപിച്ചു. ഞാന്‍ ഇതിനൊക്കെ പാകപ്പെട്ടോയെന്ന് ആശങ്കയോടെ ചോദ്യം. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും. കേന്ദ്രീകൃത ജനാധിപത്യമുള്ള പാര്‍ട്ടിയായ സി പി എമ്മില്‍ മേല്‍കമ്മറ്റി തീരുമാനിച്ചാല്‍ കീഴ്ഘടകങ്ങള്‍ അംഗീകരിച്ചേ പറ്റൂവെന്നായിരുന്നുവത്രെ അന്ന് ഇ എം എസ് നല്‍കിയ മറുപടി. മൂന്ന് വര്‍ഷം കഴിഞ്ഞ് കേന്ദ്രസെക്രട്ടേറിയറ്റിലേക്ക് 1988ല്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവിടെയും പയ്യനായിരുന്നു യെച്ചൂരി.
കേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശക്തിയെക്കുറിച്ചൊന്നും അന്നത്തെ “പയ്യന്‍സ്” മനസ്സിന് ബോധ്യംവന്നുകാണില്ല. അത് കൊണ്ടാണ് ലഭിച്ച പദവി വേണ്ടെന്ന് വെക്കാന്‍ ആലോചിച്ചതും. ഇരുത്തം വന്ന സഖാവായപ്പോഴാകട്ടെ, അര്‍ഹിക്കുന്ന പദവികള്‍ തട്ടിത്തെറിപ്പിക്കുന്നതിനെതിരെ മല്ലടിക്കേണ്ടിയും വന്നു. പാര്‍ട്ടി തലപ്പത്തെ സ്വാധീനശക്തികള്‍ തനിക്കെതിരെ വന്‍മതില്‍ തീര്‍ത്തിട്ടും ഇ എം എസ് ഓര്‍മിപ്പിച്ച ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ കരുത്താണ് സീതാറാമിനെ പാര്‍ട്ടി തലപ്പത്തേക്ക് വഴിനടത്തുന്നത്. പ്രകാശ് കാരാട്ട് മുതല്‍ പിണറായി വിജയന്‍ വരെയുള്ള കരുത്തരോടാണ് വിശാഖപട്ടണത്ത് യെച്ചൂരി മല്ലടിച്ചത്. 2004ല്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ പിന്‍ഗാമിയാരെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ യെച്ചൂരിയുടെ പേര് പരാമര്‍ശിച്ചവരുണ്ട്. അന്ന് പ്രകാശ് കാരാട്ടില്‍ സമവായം കണ്ടെത്തിയപ്പോള്‍ നിറഞ്ഞ മനസ്സ് കൊണ്ട് പിന്തുണച്ചിട്ടുണ്ട് യെച്ചൂരി. എന്നാല്‍, പത്ത് വര്‍ഷത്തിനിപ്പുറം കാരാട്ടിന്റെ പിന്‍ഗാമിയാരെന്ന ചര്‍ച്ചയിലും തന്നെ തഴയുമെന്നായതോടെ യെച്ചൂരിയിലെ നയതന്ത്രജ്ഞന്‍ പോരടിക്കാന്‍ ഇറങ്ങി നേടിയെടുക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊടിയേറ്റത്തിനൊപ്പം അഞ്ചാമത്തെ ജനറല്‍സെക്രട്ടറിക്കായുള്ള ഉപജാപങ്ങളും വിശാഖപട്ടണത്ത് തുടങ്ങിയിരുന്നു. എസ് രാമചന്ദ്രന്‍ പിള്ളയായിരുന്നു കാരാട്ടിന്റെ മനസ്സില്‍. പിന്തുണക്കാന്‍ കേരള ഘടകവും. ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പം നിന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ എസ് ആര്‍ പി പിന്‍വാങ്ങി. എസ് ആര്‍ പിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍ കാരാട്ട് തന്നെ തന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ യെച്ചൂരിയുടെ നയതന്ത്രം ജയിച്ചടക്കുകയായിരുന്നു.
ദേശീയ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചും ബദല്‍ രേഖകളിലൂടെ വെല്ലുവിളിച്ചും നേതൃത്വത്തെ വട്ടം ചുറ്റിച്ച ശേഷമാണ് അതേ നേതൃപദവിയിലേക്ക് യെച്ചൂരിയുമെത്തുന്നത്. കേരളം പോലെ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള ഒരു സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് മറികടന്നുള്ള സ്ഥാനലബ്ധി ഉയര്‍ത്തുന്ന വെല്ലുവിളി വേറെയും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി പുലര്‍ത്തിവന്ന അടുത്ത ബന്ധമാണ് യെച്ചൂരിയെ കേരള ഘടകത്തിന്റെ കണ്ണിലെ കരടാക്കിയത്.
സി പി ഐയുടെ സുധാകര്‍റഡ്ഢിയെപ്പോലെ പാര്‍ട്ടിയുടെ തലപ്പത്ത് സി പി എമ്മിനും തെലുങ്കാനക്കാരന്‍ വന്നിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ തിരഞ്ഞെടുപ്പിന്. ബസവ പുന്നയ്യക്ക് ശേഷം ആന്ധ്ര പ്രദേശില്‍ നിന്ന് സെക്രട്ടറിയാകുന്നയാളുമാണ് യെച്ചൂരി.
പ്രകാശ് കാരാട്ട് സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പല നയങ്ങളോടും നിലപാടുകളോടും ആഭിമുഖ്യമുണ്ടായിരുന്നില്ല യെച്ചൂരിക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം മുതലിങ്ങോട്ട് കാരാട്ടിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം യെച്ചൂരിയുടെ ശബ്ദമായി അത് വ്യാഖ്യാനിക്കപ്പെട്ടു. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് ശരിയായ സമയത്തല്ലെന്നും കോണ്‍ഗ്രസിന്റെ ശക്തി കുറച്ചുകണ്ടതാണ് 2009ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയതിന്റെ കാരണമെന്നും യെച്ചൂരി തുറന്നടിച്ചു. പാര്‍ട്ടി സ്വീകരിച്ചുവന്ന അടവുനയം ചര്‍ച്ചയായപ്പോഴെല്ലാം ഇരുവരുടെ വഴികളും രണ്ടെന്ന് ബോധ്യമായി. അടവുനയത്തില്‍ പിഴവു പറ്റിയെന്ന് കാരാട്ടും അതല്ല, അടവുനയം നടപ്പാക്കിയ രീതിയാണ് പാളിയതെന്ന് ബദല്‍ രേഖയിലൂടെ യെച്ചൂരിയും വാദമുയര്‍ത്തി. യെച്ചൂരിയുടെ വാദങ്ങള്‍ക്ക് കേന്ദ്രകമ്മറ്റിയില്‍ പിന്തുണയും ലഭിച്ചു.
കാരാട്ടിനെ പോലെ തന്നെ ജെ എന്‍ യു(ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി) ഇന്ത്യന്‍ രാഷ്ട്രീയത്തിന് സമ്മാനിച്ചതാണ് യെച്ചൂരിയെന്ന പ്രതിഭയെ. ജെ എന്‍ യുവില്‍ യെച്ചൂരിയുടെ സീനിയറായിരുന്നു പ്രകാശ് കാരാട്ട്. പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത് ഇരുവരും ഒരുമിച്ച്. പത്ത് വര്‍ഷമായി ജനറല്‍ സെക്രട്ടറി കാരാട്ടാണെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ മുഖം യെച്ചൂരിയായിരുന്നു. രാജ്യസഭയിലെ പാര്‍ട്ടി ലീഡറായത് കൊണ്ട് മാത്രം കൈവന്നതല്ല ഇത്.
രാജ്യത്തിന്റെ ഭാവി കുറിക്കുന്ന നിര്‍ണായക തീരുമാനങ്ങളിലെ പാര്‍ട്ടി ലൈന്‍ യെച്ചൂരിയില്‍ തട്ടിനിന്നു. ചിരിക്കാതിരിക്കലാണ് സി പി എം നേതാവാകാനുള്ള മാനദണ്ഡമെന്ന അലിഖിത നിയമം തിരുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തി. ഒന്ന് കൂടി പറഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തിലെ “കോടിയേരി”യാണ് യെച്ചൂരിയെന്ന് പറയാം. കമ്യൂണിസം പറയുമ്പോള്‍ മുഖത്തു ഗൗരവം വേണമെന്ന് നിര്‍ബന്ധമില്ല. ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും തെലുങ്കും തമിഴും ഒരു പോലെ വഴങ്ങും. അതിനാല്‍ ടെലിവിഷന്‍ മാധ്യമങ്ങള്‍ക്കും പ്രിയമുള്ള സഖാവ്. പാര്‍ട്ടിക്കുള്ളിലായാലും പുറത്തായാലും സമ്മര്‍ദങ്ങളിലും സംഘര്‍ഷങ്ങളിലും സമവായത്തിന്റെ നയതന്ത്രം പണിയും. പാര്‍ട്ടിക്ക് ചെറുപ്പം നഷ്ടപ്പെടുന്നുവെന്ന മുറവിളി ഉയരുന്ന ഘട്ടത്തിലാണ് യെച്ചൂരിയുടെ സ്ഥാനലബ്ധിയെന്നതും ശ്രദ്ധേയം.
ജനനം 1952 ഓഗസ്റ്റ് 12ന് തമിഴ്‌നാട്ടിലെ ചെന്നൈയിലെങ്കിലും കുടുംബം അന്ധ്രയിലെ പുരാതന ബ്രാഹ്മണര്‍. അച്ഛന്‍ സോമയാജലു യെച്ചൂരിയും അമ്മ കല്‍പകം യെച്ചൂരിയും വേദമന്ത്രങ്ങള്‍ ഉരുവിട്ട്, ബ്രാഹ്മണ്യത്തിന്റെ തഴക്കവഴക്കങ്ങള്‍ ആചരിച്ചു കഴിഞ്ഞവര്‍. ഉന്നത പഠനത്തിനായി മകനെ അയക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത സ്ഥാനത്ത് എത്തണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. ആന്ധ്രാ പ്രദേശിലെ ഹൈദരാബാദില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നതിനിടെ തെലുങ്കാന സമരം രൂക്ഷമായി. വിദ്യാഭ്യാസം തടസ്സപ്പെട്ടതോടെ പഠനം ഡല്‍ഹിയിലേക്ക് മാറി. മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന സീതാറാം 11-ാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് തന്നെ ഒന്നാമനായി. ഡല്‍ഹി സെന്റ്‌സ്റ്റീഫന്‍സ് കോളജില്‍ സാമ്പത്തിക ശാസ്ത്ര ബിരുദത്തിനും ഉയര്‍ന്ന മാര്‍ക്ക്.
ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ പഠനകാലമാണ് യെച്ചൂരിയിലെ പോരാളിയെ തിരിച്ചറിഞ്ഞത്. എസ് എഫ് ഐയില്‍ സജീവ പ്രവര്‍ത്തകനായിരിക്കെ അടിയന്തിരാവസ്ഥ കാലത്ത് ജയിലിലായി. മോചിതനായ ശേഷം നടന്ന യൂനിവേഴ്‌സിറ്റി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജെ എന്‍ യുവിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സാമ്പ്രദായിക രീതികള്‍ക്കെതിരായ പോരാട്ടത്തിന് മുഖ്യധാര രാഷ്ട്രീയം അനിവാര്യമാണെന്ന ചിന്ത യെച്ചൂരിയിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനെ വളര്‍ത്തിയെടുത്തു. 1978ല്‍ എസ് എഫ് ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. 1984ല്‍ സി പി എം കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിക്കപ്പെട്ടു. തുടര്‍ന്ന് 1985ല്‍ നടന്ന 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988ല്‍ നടന്ന 13-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും 1992ല്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായി.
അന്താരാഷ്ട്ര വിഷയങ്ങളുടെ സി പി എം തലവനും പാര്‍ട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററുമാണ്. വാഗ്മിയും നയതന്ത്രജ്ഞനുമായ അദ്ദേഹം, നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനുള്ള മധ്യസ്ഥന്‍ വരെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോളവത്കരണ ഉദാര വത്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന നിരവധി രചനകള്‍ നടത്തി. “ആഗോളവത്കരണ കാലത്തെ സോഷ്യലിസം” എന്ന പുസ്തകം മികച്ച ഉദാഹരണം. മികച്ച പാര്‍ലിമെന്റേറിയനെന്ന നിലയില്‍ തിളങ്ങിയ അദ്ദേഹം പാര്‍ട്ടി നയരൂപവത്കരണത്തിലൂം സജീവ പങ്കാളിത്തം വഹിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ അസോസിയേറ്റ് എഡിറ്ററായ സീമ ക്രിസ്റ്റിയാണ് ഇപ്പോഴത്തെ ഭാര്യ. ആദ്യ വിവാഹത്തില്‍ യച്ചൂരിക്ക് ഒരു മകനും മകളുമുണ്ട്.

Latest