Connect with us

Articles

പനാമ സിറ്റിയുടെ പിന്നാമ്പുറങ്ങള്‍

Published

|

Last Updated

ചരിത്രപരം, നിര്‍ണായകം, ദിശാസൂചകം, വിപ്ലവകരം തുടങ്ങിയ പദങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് മുഴക്കം നഷ്ടപ്പെട്ടു പോയവയാണ്. ചില സംഭവങ്ങളുടെയും ആശയങ്ങളുടെയും കടന്നുവരവ് അത്രമേല്‍ പ്രധാനമായതിനാല്‍ അര്‍ഥഭംഗം വന്നുവെന്ന് ഉറപ്പുണ്ടായിട്ടും ഈ പദങ്ങള്‍ തന്നെ മാധ്യമങ്ങളും വിശകലനക്കാരും ഉപയോഗിക്കുന്നു. പുതിയ പ്രയോഗങ്ങള്‍ കടന്നു വരാത്തതിന്റെ പ്രതിസന്ധി ഇത്തരം സന്ദര്‍ഭങ്ങളിലാണ് അനുഭവവേദ്യമാകുക. പനാമാ സിറ്റിയില്‍ നടന്ന അമേരിക്കാസ് ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ യു എസ് പ്രസിഡന്റ് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ഹസ്തദാനം ചെയ്തപ്പോഴും പിന്നീട് ഔദ്യോഗിക ചര്‍ച്ച നടത്തിയപ്പോഴും മാധ്യമങ്ങള്‍ ഈ പ്രതിസന്ധിയില്‍ ഒരു ആവശ്യവുമില്ലാതെ അകപ്പെട്ടുവെന്ന് തോന്നുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വാരാദ്യത്തില്‍ സമാപിച്ച ഈ ഉച്ചകോടിയില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണ്? ഒബാമ – റൗള്‍ കൂടിക്കാഴ്ചയുടെ ഗ്ലാമറില്‍ ലോകത്തിന് കണ്ണഞ്ചിപ്പോകുകയാണോ ഉണ്ടായത്?
ക്യൂബയും യു എസും തമ്മിലുള്ള ബന്ധത്തില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ പ്രധാനം തന്നെയാണ്. ഏത് രാജ്യം ഭീകരം, ഏത് രാജ്യം തിന്‍മയുടെ അച്ചുതണ്ട്, ഏത് രാജ്യം ജനാധിപത്യവിരുദ്ധം, ഏത് രാജ്യം പൗരാവകാശ ധ്വംസകര്‍, ഏത് രാജ്യം മതമൗലികം എന്നൊക്കെ തീരുമാനിക്കുന്നത് അമേരിക്കയാണല്ലോ. അന്താരാഷ്ട്ര സമൂഹമെന്ന ചട്ടമ്പിത്തരത്തിന്റെ നേതൃസ്ഥാനത്ത് അവരായതിനാല്‍ ഇത്തരം ചാപ്പകള്‍ തരാതരം തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇവയിലൊന്നെടുത്ത് പ്രയോഗിക്കേണ്ട താമസമേയുള്ളൂ ഒരു രാജ്യം ഉപരോധത്തിലമര്‍ന്ന് നട്ടം തിരിയാന്‍. ബാറ്റിസ്റ്റ ഭരണകൂടത്തെ തൂത്തെറിഞ്ഞ് ഫിദല്‍ ക്‌സ്‌ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ അധികാരം പിടിച്ചത് മുതല്‍ ക്യൂബക്ക് മേല്‍ ഭീകരരാഷ്ട്ര ചാപ്പ പതിഞ്ഞു. ചരിത്രത്തിലുടനീളം ക്യൂബയെ തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്ക. ഈ അയല്‍ക്കാര്‍ തമ്മില്‍ ഒരു നയതന്ത്രബന്ധവും ഉണ്ടായിരുന്നില്ല. കടുത്ത വ്യാപാര, സാമ്പത്തിക ഉപരോധമാണ് അമേരിക്ക ഈ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ ചിത്രം തീര്‍ത്തും മാറിയിരിക്കുന്നു. ക്യൂബയും അമേരിക്കയും തമ്മില്‍ പൂര്‍ണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയാണ്. ക്യൂബക്കെതിരായ വ്യാപാര ഉപരോധവും യാത്രാവിലക്കും യു എസ് ഇളവ് ചെയ്തു കഴിഞ്ഞു. ഒബാമ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് ഇറക്കിയ ഉത്തരവിലൂടെയാണ് ഈ ഇളവുകള്‍ പ്രാബല്യത്തിലാക്കിയത്.
റൗള്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബരാക് ഒബാമ പറഞ്ഞു: “അവിശ്വാസത്തിന്റെയും ശത്രുതയുടെയും കാലം അസ്തമിച്ചിരിക്കുന്നു. അത് നമുക്ക് മുമ്പേയുള്ള കാലമായിരുന്നു. ഇന്ന് അത് ഇല്ലാതായിരിക്കുന്നു”. റൗള്‍ കാസ്‌ട്രോ പറഞ്ഞു: “ക്യൂബക്കെതിരായ ഉപരോധത്തില്‍ ഒബാമക്ക് പങ്കില്ല. അദ്ദേഹം ആത്മാര്‍ഥമായ ഹൃദയമുള്ളവനാണ്”. നല്ലത് വളരെ നല്ലത്. ഈ വാക്കുകള്‍ ലോകത്തെ മുഴുവന്‍ സന്തോഷിപ്പിക്കുന്നതാണ്. കാരണം, ഈ രണ്ട് രാഷ്ട്രങ്ങളുടെ ശത്രുത ലോകമഹായുദ്ധ ഭീതിയയുയര്‍ത്തിയ കാലമുണ്ടായിരുന്നു. അന്ന് സോവിയറ്റ് റഷ്യയായിരുന്നു ക്യൂബയുടെ ആപല്‍ബന്ധവന്‍മാര്‍. ഹവാനയില്‍ റഷ്യന്‍ മിസൈലുകള്‍ സജ്ജമാക്കി നിര്‍ത്തി. അമേരിക്കയും പടപ്പുറപ്പാട് നടത്തി. ഒടുവില്‍ സാക്ഷാല്‍ ഫിദല്‍ തന്നെയാണ് ശാന്തതക്ക് മുന്‍കൈയെടുത്തത്. ആ ചരിത്രത്തെ മുഴുവന്‍ ബഹുദൂരം പിന്നിലാക്കി ഈ അയല്‍ക്കാര്‍ കൈകോര്‍ക്കുമ്പോള്‍ സമാധാന സ്‌നേഹികള്‍ എങ്ങനെ സന്തോഷിക്കാതിരിക്കും. അത് മാത്രമോ? ഉപരോധമെന്ന മാരകായുധം തത്കാലം ഉപേക്ഷിക്കാന്‍ അതിന്റെ മൊത്തക്കച്ചവടക്കാരായ അമേരിക്ക തയ്യാറാകുന്നുവെങ്കില്‍ അതില്‍പരം ആശ്വാസമുണ്ടോ? ക്യൂബയില്‍ മാത്രമല്ല ഇറാനിലും ഈ ആയുധം ഉറയിലിടാനുള്ള തീരുമാനത്തിലാണ് യു എസ്. അമേരിക്കന്‍വിരുദ്ധ ചേരിയില്‍ ശക്തമായി നിലകൊള്ളുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലക്കെതിരെ യു എസ് ഏര്‍പ്പെടുത്തിയ ഉപരോധവും ഇതോടെ വലിയ ചര്‍ച്ചയാകുന്നു.
പനാമാ ഉച്ചകോടിയിലെ മൊത്തം ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഒരു അന്താരാഷ്ട്ര വേദിയിലും കാണാത്ത വഴക്കവും ജനാധിപത്യ സ്വഭാവവുമാണ് അമേരിക്ക അവിടെ പുറത്തെടുത്തത്. എന്താണ് ഈ വിനീതഭാവത്തിന്റെ അര്‍ഥം? ലോകപോലീസ് ഇങ്ങനെ വളഞ്ഞ് നില്‍ക്കുന്നത് എന്തിനാണ്? അത് ബാമയെന്ന കറുത്ത പ്രസിഡന്റിന്റെ പ്രതിച്ഛായാ നിര്‍മിതിയുടെ മാത്രം പ്രശ്‌നമാണോ? ഒരിക്കലുമല്ല. ഒരു വ്യക്തിയല്ല, അമേരിക്കന്‍ ഭരണകൂടമെന്ന സര്‍വപ്രതാപ സംവിധാനത്തിന്റെ സര്‍വതല സ്പര്‍ശിയായ നയം മാറ്റത്തിന്റെ ഭാഗമാണ് അത്. തന്ത്രപരമായ നീക്കം. അടുത്ത 10 വര്‍ഷത്തിനകം നേടിയെടുക്കേണ്ട ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവട് വെപ്പുകള്‍. നഷ്ടപ്പെട്ട ഒന്നര പതിറ്റാണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമം.
2001 സെപ്തംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത് കൂറ്റന്‍ കെട്ടിടങ്ങളും അമേരിക്കന്‍ അഹന്തയും മാത്രമല്ല, അവരുടെ മുന്‍ഗണനകള്‍ കൂടിയാണ്. നയപരമായ തുടര്‍ച്ച താറുമാറായി. ഏതൊക്കെയോ ശത്രുവിനെ തേടിയുള്ള നെട്ടോട്ടത്തിലായിരുന്നു അമേരിക്ക. ചിലരെ കൊന്ന് കടലില്‍ തള്ളി. ചിലരെ തൂക്കിക്കൊന്നു. ഒരു ഫലവുമില്ലെന്ന് ഇന്ന് അവര്‍ തിരിച്ചറിയുന്നു. പേടിപ്പെടുത്താന്‍ ഭൂതങ്ങള്‍ ഇനിയും ബാക്കിയാണ്. ശത്രുവിനെ തേടി അകലങ്ങളില്‍ അലയുമ്പോള്‍ തൊട്ടുത്ത പറമ്പില്‍ ആരൊക്കെയോ കുടിപാര്‍ത്തു കഴിഞ്ഞുവെന്ന് അമേരിക്കക്ക് ഇന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ബോധ്യപ്പെടലില്‍ ഒരു പങ്ക് ഒബാമക്കും ഉണ്ടാകാം. ഈ ബോധ്യവുമായാണ് ഏഴാമത് അമേരിക്കാസ് ഉച്ചകോടിയില്‍ യു എസ് സംഘം എത്തിയത്. 2001ന് ശേഷം മെക്‌സിക്കോയും കാനഡയും ഒഴിച്ച് അമേരിക്കന്‍ ഭൂവിഭാഗത്തില്‍ ഒരിടത്തും തങ്ങള്‍ക്ക് പിടിപാട് ഇല്ലെന്ന ബോധ്യമാണ് ഏറ്റവും പ്രധാനം. മധ്യഅമേരിക്കയിലും കരീബിയന്‍ മേഖലയിലും ഒരു കാലുറപ്പും അമേരിക്കക്ക് ഇല്ല. ലാറ്റിനമേരിക്കയില്‍ ഇടത് തരംഗം മുമ്പൊരിക്കലും ഇല്ലാത്തവിധം ശക്തമാണ്. അമേരിക്കന്‍ വിരുദ്ധത ഉദ്‌ഘോഷിച്ചാണ് അവര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ചുവട് പിടിച്ച് റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മേഖലയില്‍ നേടിയെടുത്ത സ്വാധീനവും അമേരിക്കന്‍ വിദഗ്ധര്‍ കാണുന്നുണ്ട്. റഷ്യയാണ് ഇവിടുത്തെ ഊര്‍ജ മേഖലയിലെ ഏറ്റവും വലിയ മുതലാളി. ആയുധക്കച്ചവടത്തിലും അവര്‍ തന്നെ മുന്നില്‍. ചൈന ഒരു പടി കൂടി മുന്നിലാണ്. അവര്‍ വസ്തു കമ്പോളത്തില്‍ കൂടി ശ്രദ്ധവെക്കുന്നു. പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും നീക്കിയിരിപ്പ് പണം ചൈനീസ് ബേങ്കുകളിലാണ്. വെനിസ്വേല, അര്‍ജനന്റീന, ഇക്വഡോര്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രധാന വായ്പാ ദാതാവ് ചൈനയാണ്. അര്‍ജന്റീനയെ മാത്രം ഉദാഹരണമായി എടുത്താല്‍ ചൈനയുടെ വ്യാപാര സ്വാധീനം വ്യക്തമാകും. 1994ല്‍ ചൈനയില്‍ നിന്നുള്ള അര്‍ജന്റീനയുടെ ഇറക്കുമതി 3.4 ശതമാനമായിരുന്നു. ഇന്നത് 16.5 ശതമാനമാണ്. അര്‍ജന്റീനയിലെ പുതിയ ഭരണാധികാരി ക്രിസ്റ്റിനക്ക് ചൈനീസ്, റഷ്യന്‍ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. ഇക്വഡോറിന്റെ ബഹിരാകാശ പദ്ധതിയില്‍ ഏറ്റവും പ്രധാന പങ്കാളിയും ബീജിംഗ് തന്നെ. യു എസ് ഉപരോധത്തില്‍ നട്ടം തിരിയുന്ന വെനിസ്വേലയില്‍ റഷ്യക്കും ചൈനക്കും നടത്തിപ്പില്ലാത്ത ഒരു മേഖലയും ഇല്ല. ഇവിടുത്തെ നിരത്തുകളില്‍ നിറയെ ഇറാനിയന്‍ കാറുകളാണ്. 2006ല്‍ പ്രതിദിനം 50,000 ബാരല്‍ എണ്ണയായിരുന്നു ചൈനയിലേക്ക് വെനിസ്വേല കയറ്റി അയച്ചിരുന്നത്. 2014ല്‍ അത് 600,000 ബാരല്‍ ആയി. വിലയിടിവിന്റെ പശ്ചാത്തലത്തില്‍ അത് ഇനിയുമുയരും.
മൂക്കിന് താഴെയുള്ള ഇടങ്ങള്‍ “അന്യാധീന”പ്പെട്ടത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിലാണെന്നും അത് തിരിച്ചുപിടിക്കാതെ തരമില്ലെന്നും തീരുമാനിച്ചുറച്ചാണ് അമേരിക്കന്‍ പ്രതിനിധി സംഘം പനാമയിലേക്ക് പോയതെന്ന് ചുരുക്കം. പഴയ ശീതസമരത്തിന്റെ ബാക്കിപത്രം കൂടിയുണ്ട് ഈ തീരുമാനത്തിന് പിന്നില്‍. സോവിയറ്റ് യൂനിയന്‍ തകര്‍ന്ന ശേഷം ഇതാദ്യമായി റഷ്യയുമായി അമേരിക്ക നേരിട്ട് കോര്‍ക്കുന്ന ഘട്ടമാണ് ഇപ്പോള്‍. ഉക്രൈന്‍ അതിന്റെ ഒരു കാരണം മാത്രമാണ്. റഷ്യക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന ഉപരോധം ഫലപ്രദമാകണമെങ്കില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് അവരെ ഇറക്കിവിട്ടേ മതിയാകൂ. ചൈനയുമായി സൗഹൃദം അഭിനയിക്കുമ്പോഴും ഏഷ്യന്‍ സിംഹത്തെ യു എസ് ഭയക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലടക്കം ചൈനക്കുള്ള സ്വാധീനം അവരെ ലോകശക്തിയാക്കുന്നുവെന്ന് മറ്റാരേക്കാളും യു എസിനറിയാം. അവരുടെ കറന്‍സി സ്ഥിരത അമേരിക്കന്‍ (മുതലാളിത്ത) സാമ്പത്തിക വിദഗ്ധരെ കുഴക്കുകയാണ്.
ലാറ്റിനമേരിക്കയിലെ ഇടതു മുന്നേറ്റം വലിയ പരുക്കില്ലാതെ തുടരുന്നുവെന്നത് അമേരിക്കക്ക് പ്രത്യയശാസ്ത്രപരമായ ആധിയും സമ്മാനിക്കുന്നുണ്ട്. തങ്ങളുടെ ഒരു പിന്തുണയുമില്ലാതെ, ഈ രാഷ്ട്രങ്ങള്‍ കമ്പോള സാമ്പത്തിക ക്രമത്തെ ഒരു പരിധി വരെയെങ്കിലും ചെറുക്കുന്നുവെന്നത് സഹിക്കാനാകില്ല ഈ മുതലാളിത്ത നേതാവിന്. ബദല്‍ സ്വപ്‌നങ്ങള്‍ക്ക് അടങ്ങാത്ത ഊര്‍ജമാണ് ക്യൂബയും വെനിസ്വേലയും ബോളീവിയയുമെല്ലാം നല്‍കിക്കൊണ്ടിരിക്കുന്നത്. ശക്തമായ ബദല്‍ സാമ്പത്തിക ക്രമത്തിന്റെ വിജയ മാതൃക വന്നാല്‍ പിന്നെ മുതലാളിത്തമുണ്ടോ? ഡോളറുണ്ടോ? ഇവിടെയാണ് ക്യൂബയുടെ ചുവടുമാറ്റവും അമേരിക്കന്‍ ബാന്ധവവുമെല്ലാം പിന്‍നടത്തമാണെന്ന ആശങ്ക പടരുന്നത്. 2011 ഏപ്രില്‍ ചേര്‍ന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബയുടെ 14-ാം കോണ്‍ഗ്രസ് ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചിട്ട നിര്‍ണായക തീരുമാനങ്ങളാണ് കൈകൊണ്ടത്. മതം, സ്വകാര്യ സ്വത്ത്, ഭരണ നേതൃത്വം തുടങ്ങിയ മേഖലകളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കി. എന്നുവെച്ചാല്‍ മാറിക്കഴിഞ്ഞ ക്യൂബയുമായാണ് അമേരിക്ക കൈകോര്‍ക്കുന്നത്. അത് ഫിദലിന്റെ ക്യൂബയല്ല. പുതിയ ക്യൂബയുടെ കൈപിടിച്ച് ലാറ്റിനമേരിക്കയിലേക്ക് കടന്നു കയറുന്ന അമേരിക്കയെയാണ് ഇനി കാണുക. അതുകൊണ്ട് പനാമ സിറ്റിയില്‍ നടന്നതൊന്നും നല്ലതിനല്ല. ഇടപെടലിനും കീഴടക്കലിനുമുള്ള വിശാല പദ്ധതിയുടെ നടത്തിപ്പ് മാത്രമാണ് പനാമ സിറ്റിയില്‍ കണ്ടത്. ഒബാമ പോയി പുതിയ പ്രസിഡന്റ് വരുമ്പോഴറിയാം ക്യൂബ- അമേരിക്ക ബന്ധത്തിന്റെ ഗതി.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്