Connect with us

Kerala

പ്ലസ് വണ്‍ പ്രവേശം: മെയ് ആറ് മുതല്‍ അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് ആറ് മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായോ അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകള്‍സഹിതമോ വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20. ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്‌മെന്റ് തീയതി ജൂണ്‍ മൂന്ന്. ആദ്യ അലോട്‌മെന്റ് ജൂണ്‍ പത്തിന് നടക്കും. ആദ്യത്തെ രണ്ട് അലോട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂലൈ ഒന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ 14നായിരുന്നു ക്ലാസുകള്‍ തുടങ്ങിയത്. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 31ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേതുപോലെ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും. ആദ്യഘട്ടത്തില്‍ സ്‌പോര്‍ട്‌സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രണ്ടാം ഘട്ടത്തില്‍ പ്രവേശനത്തിന് യോഗ്യത നേടുന്ന കുട്ടികള്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂള്‍ അല്ലെങ്കില്‍ കോഴ്‌സുകള്‍ ഓപ്ഷനായി ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നല്‍കണം.
ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്‌മെന്റിന് മുമ്പായി രണ്ട് പ്രത്യേക അലോട്ട്‌മെന്റുകള്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുവേണ്ടി നടത്തും. ഒന്നാം ഘട്ട രജിസ്‌ട്രേഷന്‍ മെയ് ആറ് മുതല്‍ ജൂണ്‍ നാല് വരെയും രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ അഞ്ച് മുതല്‍ പത്ത് വരെയുമാണ്. ഒന്നാം സ്‌പോര്‍ട്‌സ് അലോട്‌മെന്റ് ജൂണ്‍ 15നും അവസാന അലോട്‌മെന്റ് ജൂണ്‍ 18നും നടക്കും.