Connect with us

National

പി രാജീവ് വീണ്ടും രാജ്യസഭയില്‍ വരണമെന്ന് കക്ഷി ഭേദമന്യേ നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്നു വിരമിച്ച സി പി എം നേതാവ് പി രാജീവിനെ വീണ്ടും സഭയിലേക്കയക്കണമെന്ന് ഭരണ- പ്രതിപക്ഷ കക്ഷി ഭേദമില്ലാതെ നേതാക്കളുടെ ആവശ്യം. സി പി എം ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം സഭയിലെത്തിയ സീതാറാം യെച്ചൂരിയോടാണ് സഭാനേതാവും പ്രതിപക്ഷ നേതാവും വിവിധ പാര്‍ട്ടികളുടെ നേതാക്കളും ഒന്നടങ്കം ആവശ്യപ്പെട്ടത്.

രാജ്യസഭാംഗമായി ആദ്യതവണ തന്നെ നടപടി ചട്ടങ്ങളെ കുറിച്ചും വിഷയങ്ങള്‍ പഠിച്ചും നടപടികളില്‍ പങ്കെടുക്കുന്ന പി രാജീവിന്റെ അഭാവം തങ്ങള്‍ക്കു നേട്ടമാണെന്നു സഭാ നേതാവു കൂടിയായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തമാശയായി പറഞ്ഞെങ്കിലും രാജീവിനെ വീണ്ടും സഭയിലെത്തിക്കണമെന്ന് അദ്ദേഹം യെച്ചൂരിയോടാവശ്യപ്പെട്ടു. സഭാ ചട്ടങ്ങളുടെ വിജ്ഞാനകോശമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്റെ വിശേഷണം.

ആര്‍ക്കും അസൂയ തോന്നുന്ന രാഷ്ട്രീയക്കാരനാണ് രാജീവെന്നായിരുന്നു കേന്ദ്രമന്തി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന. രാജീവിനെപ്പോലെ മികച്ച പാര്‍ലമെന്റേറിയനെ സഭയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ഗുലാംനബി ആസാദും ബി എസ് പി നേതാവ് മായാവതിയും ജെ ഡി യു നേതാവ് ശരദ് യാദവും തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയനും ഡി എം കെ നേതാവ് തിരുച്ചി ശിവ തുടങ്ങിയവരും ഒരേപോലെ ആവശ്യമുന്നയിച്ചു. പാര്‍ട്ടി ഇപ്പോള്‍ പ്രധാനപ്പെട്ട ചുമതലയാണ് രാജീവിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ സഭയുടെ വികാരം പരിഗണിക്കാമെന്ന് യെച്ചൂരി ഇതിന് മറുപടി പറഞ്ഞു.