Connect with us

Articles

എസ് വൈ എസ്: സാര്‍ഥക മുന്നേറ്റത്തിന്റെ അറുപത്തൊന്നാണ്ടുകള്‍

Published

|

Last Updated

കേരളീയ സമൂഹത്തിന് ആദര്‍ശപരവും ധാര്‍മികപരവുമായ ദിശാബോധം നല്‍കുന്നതിനായി പ്രതിജ്ഞാബദ്ധമായി മുന്നേറുന്ന ആധികാരിക പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. ഇതിന് കീഴിലുള്ള സുന്നി സംഘശക്തിയുടെ ജനകീയ മുഖം സമസ്ത കേരള സുന്നി യുവജന സംഘം -എസ് വൈ എസ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പല പേരിലും രൂപത്തിലും അങ്ങിങ്ങായി തലപൊക്കിയ മതനവീകരണ-നശീകരണ നീക്കങ്ങളെ പ്രതിരോധിച്ച് മത തനിമയും സത്യാദര്‍ശവും യഥോചിതം പ്രചരിപ്പിക്കുന്നതിനായി രൂപംകൊണ്ട സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രബോധന രംഗത്ത് ശക്തമായ പോരാട്ടമാണ് നടത്തിയത്. ആദ്യകാലത്ത് പണ്ഡിത സഭ നേരിട്ട് തന്നെ പ്രബോധന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നു. 1945 മെയ് 27,28 തിയ്യതികളില്‍ കാര്യവട്ടത്തു നടന്ന സമസ്തയുടെ 16-ാം സമ്മേളനം ശ്രദ്ധേയമായ ഒരു പ്രമേയം മുന്നോട്ടുവെച്ചു. പ്രവര്‍ത്തന വിപുലീകരണത്തിനായി പണ്ഡിതന്‍മാരല്ലാത്ത അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു “ആമിലീ സംഘം” രൂപവത്കരിക്കണമെന്നതായിരുന്നു പ്രമേയത്തിന്റെ കാതല്‍.
പത്ത് വര്‍ഷത്തോളം പിന്നെയും പിന്നിട്ടു. 1954 ഏപ്രില്‍ 24,25 തിയ്യതികളില്‍ സമസ്തയുടെ 20-ാം വാര്‍ഷിക സമ്മേളനം താനൂരില്‍ വെച്ച് നടക്കുകയാണ്. സമൂഹം, പ്രത്യേകിച്ചും പുതുതലമുറ മതനിരാസത്തിലേക്കും നിരീശ്വര വാദത്തിലേക്കും ആകര്‍ഷിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കാര്യവട്ടം സമ്മേളനത്തിലെ “ആമിലീ സംഘം” എന്ന ആശയം പ്രയോഗവത്കരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായി. പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ വെച്ച് സമസ്ത കേരള സുന്നി യുവജനസംഘം തത്വത്തില്‍ രൂപംകൊണ്ടു. തെന്നിന്ത്യന്‍ മുഫ്തിയായിരുന്ന ശൈഖ് ആദം ഹസ്‌റത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് തത്സംബന്ധമായ പ്രഖ്യാപനവും വിശദീകരണങ്ങളുമുണ്ടായി.
തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. 1961ല്‍ കക്കാട് വെച്ച് നടന്ന സമസ്തയുടെ 21-ാം സമ്മേളനത്തില്‍ വെച്ച് എസ് വൈ എസിനെ സമസ്തയുടെ ഊന്നുവടി/ജീവല്‍ഘടകമായി പ്രഖ്യാപിച്ചു.
കേരള സമൂഹത്തില്‍ ചുവടുറച്ച കാല്‍വെപ്പുകളുമായി കരുത്തുറ്റ മുന്നേറ്റം കാഴ്ചവെച്ച് സമര്‍പ്പണത്തിന്റെ അറുപത്തൊന്നാണ്ട് പൂര്‍ത്തിയാക്കുകയാണ് എസ് വൈ എസ.് പിന്നിട്ട വഴികളില്‍ ശ്രദ്ധേയമായ അനേകായിരം നാഴികക്കല്ലുകള്‍ സംഘടന നാട്ടിയുറപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ ഇസ്‌ലാമിക നവോഥാന ചരിത്രത്തിന് കനപ്പെട്ട ഒട്ടേറെ സംഭാവനകളാണ് ഇതിനകം സമര്‍പ്പിക്കപ്പെട്ടത്.
വിവിധ മതനവീകരണ- നശീകരണ സംഘങ്ങള്‍ നടത്തുന്ന വിധ്വംസക നീക്കങ്ങളെ ആദര്‍ശപരമായി നേരിടുന്നതില്‍ സംഘടന മുഖ്യപങ്ക് വഹിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിസ്തുലമായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മത സാംസ്‌കാരിക കേന്ദ്രമായി വളര്‍ന്നുവന്ന മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യയും അതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തിനകത്തും പുറത്തും സ്ഥാപിതമായ വിജ്ഞാന സമുച്ചയങ്ങളും ഇതിനുദാഹരണങ്ങളാണ്.
നാടിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരായി തലപൊക്കാന്‍ ശ്രമിച്ച എല്ലാതരം തീവ്രവാദ, ഭീകരവാദ, വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെയും എസ് വൈ എസ് നിതാന്ത ജാഗ്രത പാലിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ മതേതര സമൂഹത്തിന്റെ കാവലാളായി സംഘടന നിലയുറപ്പിച്ചു.
മര്‍ഹൂം പൂന്താനം അബ്ദുല്ല മുസ്‌ലിയാര്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയ അനേകം മഹാരഥന്‍മാര്‍ സംഘടനയുടെ പ്രാരംഭ, വളര്‍ച്ചാ കാലയളവില്‍ അനിഷേധ്യമായ സാരഥ്യം വഹിച്ചു.
1975-നു ശേഷം മര്‍ഹൂം ഇ കെ ഹസ്സന്‍ മുസ്‌ലിയാരും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും പ്രസിഡണ്ട് സെക്രട്ടറിമാരായി സാരഥ്യമേറ്റെടുത്തത് മുതല്‍ എസ് വൈ എസിന്റെ പ്രയാണത്തിന് വേഗം കൂടി, ചുവടുകള്‍ക്ക് കരുത്തേറി സംഘടനയും പ്രസ്ഥാനവും കക്ഷി രാഷ്ട്രീയ ബാന്ധവങ്ങളില്‍ നിന്നും മുക്തമായി സ്വയം പര്യാപ്ത ശക്തിയായി മുന്നോട്ടുപോകാനുള്ള ശ്രമങ്ങളുണ്ടായി. 1978-ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനം പതിവിനു വിപരീതമായി കക്ഷിരാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തവും മേല്‍ക്കൈയുമില്ലാതെ ആത്മീയ, പണ്ഡിത നേതാക്കളുടെ പൂര്‍ണമായ കാര്‍മ്മികത്വത്തിലായിരുന്നു നടന്നത്. അന്നു മുതല്‍ തുടര്‍ന്നുവന്ന ഈ സ്വയംപര്യാപ്തത കൂടുതല്‍ സുശക്തമായതല്ലാതെ, കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കാന്‍ പ്രസ്ഥാനത്തിനു സാധിച്ചിട്ടുണ്ട്.
ഈ യാഥാര്‍ഥ്യം വിളബരം ചെയ്ത് കൊണ്ട് നടന്ന മഹാ സംഭവമായിരുന്നു സമസ്തയുടെ 60-ാം വാര്‍ഷിക മഹാ സമ്മേളനം. ശംസുല്‍ ഉലമയുടെയും കാന്തപുരത്തിന്റെയും നേതൃത്വത്തില്‍ കേരളീയ മുസ്‌ലിം സമൂഹം ഒറ്റക്കെട്ടാണെന്ന തിരിച്ചറിവ്. സമസ്തയെ പിളര്‍ത്തിയും നേതൃത്വത്തെ പരസ്പരം അകറ്റിയും കാര്യം നേടാന്‍ ഭൗതിക രാഷ്ട്രീയ ബിദഈ ബാന്ധവ ദുശ്ശക്തികളെ പ്രേരിപ്പിച്ചു. പക്ഷേ എല്ലാ ദുഷ്ട ലാക്കുകളെയും തിരിച്ചറിഞ്ഞും ഉന്‍മൂലന ശ്രമങ്ങളെ ത്യാഗ പൂര്‍ണമായ പോരാട്ടങ്ങളിലൂടെ അതിജയിച്ചും സമസ്തയുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിച്ചു മുന്നേറാന്‍ സുന്നി സംഘശക്തിക്കു സാധിച്ചു എന്നത് മായ്ച്ചുകളയാനാവാത്ത ചരിത്ര യാതാര്‍ഥ്യമാണ്.
പ്രസ്ഥാനത്തെ പിളര്‍പ്പിലെത്തിച്ച സംഭവ പരമ്പരകള്‍ക്കിടയിലാണ് എസ് വൈ എസ് ചരിത്ര പ്രധാനമായ 35-ാം വാര്‍ഷികം 1989ല്‍ എറണാകുളത്ത് സംഘടിപ്പിച്ചത.് നെല്ലും പതിരും തിരിച്ച്, പ്രതികൂലമായ കാലാവസ്ഥകളെ തരണം ചെയ്തും പ്രതിസന്ധികളുടെ ഗിരിപര്‍വ്വങ്ങളെ ഉഴുതു മറിച്ചും പ്രബോധന മേഖലയില്‍ വിത്തിറക്കാനും നൂറുമേനി വിളവ് കൊയ്‌തെടുക്കാനും പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന മഹാസംഭവമായിരുന്നു എറണാകുളം സമ്മേളനം. രാഷ്ട്രീയ തമ്പുരാക്കളുടെ തിട്ടൂരങ്ങള്‍ക്ക് ആദര്‍ശ സമൂഹത്തിന്റെ വിശാല മനസ്സില്‍ ഇടമില്ലെന്ന് വിളിച്ചറിയിച്ച വന്‍ പുരുഷാരമാണ് ആ സമ്മേളനത്തെ അവിസ്മരണീയമാക്കിയത്.
ആദര്‍ശ വിപ്ലവ പോരാളിയായിരുന്ന മര്‍ഹൂം ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ക്ക് ശേഷം 1982ല്‍ പ്രസിഡ്ണ്ട് പദവി ഏറ്റെടുത്ത മര്‍ഹൂ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും 1975 മുതല്‍ കര്യദര്‍ശി പദവിയിലുള്ള ഖമറുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്‌ലിയാരുമായിരുന്നു അക്കാലത്ത് എസ് വൈ എസിന് നെടുനായകത്വം വഹിച്ചിരുന്നത്.
ആ പ്രയാണത്തെ തടഞ്ഞുനിര്‍ത്താനും നിര്‍വീര്യമാക്കാനും നാടൊട്ടുക്കും ശ്രമങ്ങളുണ്ടായി. പ്രകോപനങ്ങളും പ്രലോഭനങ്ങളും പീഡനങ്ങളും കെട്ടഴിഞ്ഞു വീണു. പക്വതയോടും സംയമനത്തോടും കൂടി സമസ്തയും സംഘ കുടുംബവും എല്ലാം നിഷ്പ്രഭമാക്കി മുന്നേറി. 1994ല്‍ മലപ്പുറം സി എം നഗറില്‍ വെച്ച് നടന്ന നാല്‍പ്പതാം വാര്‍ഷികം പ്രൗഢമായിരുന്നു. തീയില്‍ കുരുത്ത കനല്‍ കട്ടകള്‍ ചവിട്ടിക്കയറിയ പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും മര്‍ദനങ്ങളുടെ ഇളം വെയ്‌ലില്‍ കരിച്ചുകളയാന്‍ കഴിയില്ലെന്ന് വിളംബരം ചെയ്ത മഹാസംഗമം.
2004ല്‍ എസ് വൈ എസ് അമ്പതാണ്ട് പൂര്‍ത്തിയാക്കുമ്പോഴേക്കും ശത്രുക്കളുടെ സര്‍വായുധങ്ങളും ധര്‍മ്മാധിഷ്ടിത സംഘ ശക്തിയുടെ നെഞ്ചൂക്കിന് മുന്നില്‍ നിര്‍വീര്യമായിക്കഴിഞ്ഞിരുന്നു. ഈ മുന്നേറ്റത്തെ തടയാനോ നിസ്സംഗമാക്കാന്‍ പോലുമോ സാധ്യമല്ലന്ന തിരിച്ചറിവും മ്ലാനതയും എതിര്‍പ്പാളയങ്ങളില്‍ തളംകെട്ടി നിന്നു. കോഴിക്കോട് വാദീഹസനില്‍ നടന്ന ഗോള്‍ഡന്‍ ജൂബിലി സമ്മേളനം എല്ലാറ്റിനും മറുപടിയായി, എല്ലാവര്‍ക്കും താക്കീതായി. സമസ്തയുടെ അറുപതാം വാര്‍ഷികത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ഇസ്‌ലാമിക ജന സഞ്ചയം. നീണ്ട നാളത്തെ ത്യാഗപൂര്‍ണമായ മുന്നേറ്റത്തിനൊടുവില്‍ “” മുസ്‌ലീം കേരളം പണ്ഡിത നേതൃത്വത്തിന് കീഴില്‍ സുഭദ്രമാണെന്ന്”” ഒരിക്കല്‍കൂടി തെളിയിച്ചു ഗോള്‍ഡന്‍ ജൂബിലി സമ്മേളനം.
ഗോള്‍ഡന്‍ ജൂബിലിയോടെ സുന്നീ കൈരളിയുടെ നവോത്ഥാന ചരിത്രത്തില്‍ സമ്പൂര്‍ണ്ണ വിജയത്തിന്റെ അന്തരീക്ഷം സംജാതമായി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ പോലും അപ്രതീക്ഷിത പ്രകമ്പനങ്ങളുണ്ടായി. സംഘടന കൂടുതല്‍ കരുത്തും ശക്തിയും ആര്‍ജിച്ചു. ആദര്‍ശരംഗത്തെ അജയ്യതക്കൊപ്പം ജനകീയവും ജനോപകാരപ്രദവുമായ അജന്‍ഡകള്‍ പ്രയോഗവത്കരിച്ച് എസ് വൈ എസ് അസൂയാവഹമായ മുന്നേറ്റം നടത്തി. സംഘടനയുടെ പിന്തുണയും പൊതു പങ്കാളിത്തവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ഈ ജനകീയാടിത്തറ കൈമുതലാക്കി പ്രസ്ഥാനം നടത്തുന്ന തേരോട്ടത്തില്‍ അസൂയയും അസഹിഷ്ണുതയും വെച്ചുപുലര്‍ത്തുകയും സമൂഹമധ്യേ സ്വന്തമായൊരു ആദര്‍ശമോ അജന്‍ഡയോ മുന്നോട്ടുവെക്കാനില്ലാതെ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയും ചെയ്യുന്നവരുടെ ജാള്യവും നിരാശാബോധവും ഇരട്ടിച്ചു.
കോട്ടക്കല്‍ ഉലമാ കോണ്‍ഫറന്‍സിനു ബദലായി കോഴിക്കോട്ട് അറുപത് ശതമാനത്തിലേറെ തല മറക്കാത്തവര്‍ പങ്കെടുത്ത “പണ്ഡിത സമ്മേളന”നവും കേരളയാത്രക്കുപകരം “മുടി” യാത്രയുമൊക്കെയായി തത്പരകക്ഷികള്‍ ഉടുതുണിപൊക്കി മുഖംമറക്കുന്ന അതിദയനീയമായ കാഴ്ച. എന്തെല്ലാം കോപ്രായങ്ങളാണ് പൊതു സമൂഹം കാണേണ്ടിവന്നത്? പണ്ഡിത നേതൃത്വത്തോടുള്ള അസൂയ മൂത്ത് പുണ്യപ്രവാചകന്‍(സ)യെ പോലും അപഹസിക്കുകയും ബിദഈ നേതാക്കളോട് കൈകോര്‍ത്ത് പരസ്പര പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഗുരുതരമായ നീക്കങ്ങളുണ്ടായി. ഇതൊക്കെയും ആദര്‍ശവും ധാര്‍മികതയും പ്രബോധനം ചെയ്യാന്‍ അധികാരവും ചങ്കൂറ്റവുമുള്ള വിഭാഗം എസ് വൈ എസ് ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണെന്ന സത്യത്തിന് വീണ്ടും വീണ്ടും അടിവരയിടുന്നതായി. മാത്രമല്ല, ശത്രുക്കള്‍ ആവനാഴിയിലെ അവസാനത്തെ ആയുധവും പുറത്തെടുത്ത് തുല്യതയില്ലാത്ത അപഹാസ്യ വേലകള്‍ കാണിച്ചു. സുന്നി സംഘശക്തി കുലുങ്ങിയില്ല. ദൗത്യനിര്‍വഹണ രംഗത്ത് ഒരു സെക്കന്റെങ്കിലും നിസ്സംഗമാകാനോ മുന്നൊട്ടുവെച്ച കാലുകള്‍ പിറകോട്ടുവലിക്കാനോ തയ്യാറായില്ല.
ഗോള്‍ഡന്‍ ജൂബിലിക്കു ശേഷമുള്ള പത്ത് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ടിന്റെ വളര്‍ച്ച എസ് വൈ എസും പ്രസ്ഥാനവും സ്വന്തമാക്കിയതിന് കേരളം നേര്‍ സാക്ഷിയായി. അതിന്റെ അക്ഷരാര്‍ഥത്തിലുള്ള വിളംബരമായിരുന്നു കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ സമാപിച്ച പത്തു മാസക്കാലം നീണ്ട 60-ാം വാര്‍ഷിക മഹാസമ്മേളനം. ഇതൊരു കേവല സമ്മേളനമായിരുന്നില്ല. സമഗ്രവും സാര്‍വത്രികവും സര്‍വതല സ്പര്‍ശിയുമായ ദഅ്‌വത്ത് മുന്നില്‍ വെച്ചുള്ള ക്രിയാത്മക കര്‍മപദ്ധതികളുടെ സമര്‍പ്പണമായിരുന്നു.
സമ്മേളന ദൗത്യമായി നടപ്പിലാക്കിയ ജനകീയ കൃഷിത്തോട്ടങ്ങളുടെ വിളവെടുപ്പും നവീകരിച്ച ആശുപത്രി വാര്‍ഡുകളുടെ സമര്‍പ്പണവും ഇപ്പോഴും നടന്നുവരുന്നു. അടുത്ത അറുപതാണ്ടിന്റെ കര്‍മഭടന്‍മാരായി രൂപപ്പെടുത്തി കേരളത്തിനു കാഴ്ചവെച്ച “സ്വഫ്‌വ”ദൗത്യവാഹക സംഘം കര്‍മഗോദയില്‍ സര്‍വസജ്ജരായിക്കഴിഞ്ഞു.
നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയും മതത്തനിമയും പരിശുദ്ധിയും കാത്തുസൂക്ഷിച്ചും ഒരുക്കിയ മഹനീയ വേദികളില്‍ നടന്ന 13 വേറിട്ട സമ്മേളനങ്ങളും കേരളം കണ്ട ഏറ്റവും വലിയ ജനാവലി സംഗമിച്ച സമാപന മഹാ സമ്മേളനവും ശ്രദ്ധേയമായ ധാരാളം സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
സമ്മേളനം പ്രഖ്യാപിച്ച “വിഷന്‍ 2025” അണിയറയില്‍ പൂര്‍ണരൂപം പ്രാപിച്ചുവരികയാണ്. ജൂണ്‍ ആറിന് നടക്കുന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സിലില്‍ വെച്ച് ഇതിന്റെ പ്രഖ്യാപനമുണ്ടാകും. ഇപ്പോള്‍ 60-ാം വാര്‍ഷികം പകര്‍ന്നു നല്‍കിയ കരുത്തില്‍ സമ്മര്‍ കാമ്പയിന്‍ നടത്തിവരികയാണ്. ഘടകങ്ങളുടെ വാര്‍ഷിക കൗണ്‍സിലുകള്‍ക്കൊപ്പം “ജലമാണ് ജീവന്‍” ബോധവത്കരണ പദ്ധതിയും ആദര്‍ശ പ്രചാരണവും ശുചീകരണപക്ഷവും ഇതിന്റെ ഭാഗമായി നടക്കുന്നു.
ഇന്ന്, യൗവനത്തെ എങ്ങനെ സക്രിയമായി ഉപയോഗപ്പെടുത്താമെന്ന് പ്രായോഗിക തലത്തില്‍ വരച്ചുകാണിച്ച എസ് വൈ എസിന് 61 വയസ്സ് പൂര്‍ത്തിയാകുകയാണ്. സമര്‍പ്പിത യൗവനത്തിന്റെ അറുപത്തൊന്നാണ്ടുകള്‍ പൂര്‍ത്തിയാക്കി സാര്‍ഥക മുന്നേറ്റ വഴിയിലെ 62-ാം പിറന്നാളാഘോഷമാണിന്ന്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ സമ്പൂര്‍ണ വിജയം വിളിച്ചറിയിച്ച് കൊണ്ട് സംഘടന ഇന്ന് വിജയ വിളംബര ദിനമായി ആചരിക്കുകയാണ്. പ്രാദേശിക തലങ്ങളില്‍ സ്ഥാപക/വിജയ വിളംബരം നടക്കും. തുടര്‍നാളുകളില്‍ സമ്മേളനത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങളുടെ പ്രദര്‍ശനവും സമ്മേളന വിഭവങ്ങളുടെ ദൃശ്യങ്ങളും ഒപ്പിയെടുത്ത സി ഡികളും ഓര്‍മപ്പതിപ്പും ജനങ്ങളിലെത്തിക്കും.
വര്‍ധിത വീര്യത്തോടെ സര്‍വം സമൂഹത്തിന് സമര്‍പ്പിച്ച് എസ് വൈ എസും സുന്നി സംഘ ശക്തിയും കാഴ്ചവെക്കുന്ന പുതിയ മുന്നേറ്റങ്ങള്‍ക്കും ചുവടുറച്ച കാല്‍വെപ്പുകള്‍ക്കും കരുത്തുപകരാനായി നാട്ടിലും മറുനാടുകളിലുമുള്ള ധാര്‍മിക സമൂഹം കാത്തിരിക്കുകയാണ്.