Connect with us

Kerala

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കാനും തിടുക്കം

Published

|

Last Updated

>>മൂല്യനിര്‍ണയം ഇന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: എസ് എസ് എല്‍ സിക്ക് പിന്നാലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും തിരക്കിട്ട് പൂര്‍ത്തീകരിക്കാന്‍ നീക്കം. ഇന്നു വൈകീട്ടോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ ചില ജില്ലകളില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ കെട്ട് ഉത്തരക്കടലാസുകള്‍ നല്‍കി. ഫിസിക്‌സ്, കെമിസ്ട്രി ഉത്തരക്കടലാസുകളാണ് കൂടുതല്‍ നല്‍കിയത്. തിരക്കിട്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ എസ് എസ് എല്‍ സി പരിക്ഷാഫലത്തില്‍ അപാകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം വേഗത്തിലാക്കില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം അനന്തമായി നീണ്ടു പോകുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍.

26 ഉത്തരക്കടലാസുകളാണ് ഒരു അധ്യാപകന്‍ ഒരു ദിവസം നോക്കുന്നത്. അതായത് 13 വീതമുള്ള രണ്ട് കെട്ട്. ഓരോ കെട്ട് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനും മൂന്ന് മണിക്കൂറാണ് സമയം. രാവിലെ 9.30ന് ആരംഭിക്കുന്ന മൂല്യനിര്‍ണയം വൈകീട്ട് നാലോടെ അവസാനിക്കും. എന്നാല്‍, ഇന്നത്തോടെ മൂല്യനിര്‍ണയം തീര്‍ക്കണമെന്ന നിര്‍ദേശം വന്നതോടെ ചില ജില്ലകളില്‍ ഒരു കെട്ട് ഉത്തരക്കടലാസ് അധികമായി നല്‍കി. ഇതോടെ ആറ് മണിക്കൂറില്‍ നോക്കിത്തീര്‍ക്കേണ്ടതു 39 ഉത്തരക്കടലാസുകളാണ്.
കണ്ണൂര്‍ ജില്ലയിലെ ക്യാമ്പില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കെമിസ്ട്രി പേപ്പര്‍ ഒരു കെട്ട് അധികം നല്‍കിയെന്നാണ് വിവരം. തിരുവനന്തപുരത്തെ ക്യാമ്പില്‍ കെമിസ്ട്രിയും ഫിസിക്‌സും ഒരോ കെട്ട് വീതം അധികം നല്‍കിയെന്നും പറയപ്പെടുന്നു. എന്‍ജിനീയറിംഗ് പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളുടെ മാര്‍ക്കും പരിഗണിക്കുന്നുണ്ട്. അതിനാല്‍ ഇരട്ട മൂല്യനിര്‍ണയമാണ് നടത്തുന്നത്. ഈ സാഹചര്യമുള്ളപ്പോഴാണ് തിടുക്കത്തിലുള്ള മൂല്യനിര്‍ണയം. ഒരു കെട്ട് അധികം ഉത്തരക്കടലാസ് നോക്കുന്നതിന് അര ഡി എയും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും നല്‍കാമെന്നാണ് അധ്യാപകര്‍ക്കുള്ള വാഗ്ദാനം. കഴിഞ്ഞ ആറിനാണ് മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങിയത്.
പത്തനംതിട്ട, മലപ്പുറം അടക്കമുള്ള ഏതാനും ജില്ലകളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായെങ്കിലും തൃശൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ പകുതി പോലും എത്തിയിട്ടില്ല. ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചതില്‍ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷക്കും മറ്റും പരിഗണിക്കുന്ന ശാസ്ത്ര വിഷയങ്ങളില്‍ തിരക്കിട്ടു മൂല്യനിര്‍ണയം നടത്തുന്നത് ദോഷകരമാകുമെന്ന് അധ്യാപകര്‍ പറയുന്നു.