Connect with us

National

നേപ്പാളിന് എല്ലാ സഹായവും ചെയ്യും: പ്രധാനമന്ത്രി; സൈന്യം സജ്ജം: പരീക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് താറുമാറായ നേപ്പാളിലെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യ വേണ്ടതെല്ലാം ചെയ്യുമെന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ഭൂകമ്പത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്ത്യയുടെ മുഴുവന്‍ സഹായവും നല്‍കും. നേപ്പാളിന്റെ കണ്ണീര്‍ തുടക്കുന്നതിന് ഇന്ത്യ അവരോടൊപ്പമുണ്ടാകും. ഇന്ത്യ എല്ലാ വിധത്തിലുള്ള സഹായവും നേപ്പാളിന് നല്‍കുമെന്നും പ്രധാന മന്ത്രി പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി പ്രത്യേക പരിശീലന സിദ്ധിച്ച നായകളുള്‍പ്പടെയുള്ള സംഘത്തെ നേപ്പാളിലേക്കയച്ചിട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് വ്യാപകമായി നശിച്ച് പോയ സ്ഥലങ്ങളില്‍ നിന്നും ധാരാളം ജീവനുകള്‍ അവര്‍ക്ക് രക്ഷിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മാന്‍ കീ ബാത്ത് എന്ന പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിക്കിടെയാണ് പ്രധാനമന്ത്രി നേപ്പാളിന് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.
നേപ്പാളിലെ സഹോദരീ സഹോദരന്‍മാരേ നിങ്ങളുടെ ഈ ദുഃഖത്തില്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ നിങ്ങളോടൊപ്പം ചേരുന്നു. നേപ്പാള്‍ അവരുടേത് കൂടിയാണ്. നേപ്പാള്‍ ജനതയുടെ കണ്ണുനീര്‍ തുടക്കാന്‍ ഇന്ത്യയുടെ മുഴുവന്‍ സഹായവുമുണ്ടായിരിക്കും. നേപ്പാളിലെ എല്ലാവരുടെയും കൈകള്‍ മുറുകെ പിടിക്കാന്‍, അവരോടപ്പം നില്‍ക്കാന്‍ ഇന്ത്യയുണ്ടാകും. എനിക്കറിയാം ഭൂകമ്പത്തിന്റെ ദുരിതം. 2001ല്‍ ഗുജറാത്തിലെ കച്ചില്‍ നടന്ന ദുരന്തം ഞാന്‍ വളരെ അടുത്തു നിന്ന് കണ്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.അതേസമയം പെട്ടെന്നുള്ള സഹായത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണന നല്‍കിയതെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. പലപ്പോഴും നാം സഹായം ചെയ്യാറുണ്ട്. എന്നാല്‍ അത് വൈകുന്നതാണ് പതിവ്. അതേസമയം നേപ്പാളില്‍ അടിയന്തര സഹായമാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദുരന്തം ഇന്ത്യക്കകത്തായാലും പുറത്തായാലും സൈന്യം സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
നേപ്പാളില്‍ ഇന്ത്യക്ക് ശക്തമായ റോളാണുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ അഗാധമായ സാംസാകാരിക ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.