Connect with us

Articles

നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാന്‍ എന്തിനാണിത്ര വാശി?

Published

|

Last Updated

ഇന്റര്‍നെറ്റ് പോപ്പുലേഷനില്‍ ഇത്രയും ശക്തി കൈവരിച്ച ഒരു രാജ്യത്താണ് ഇന്റര്‍നെറ്റിന് കൂച്ചുവിലങ്ങിടാന്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നത് അങ്ങേയറ്റം വിരോധാഭാസമാണ്. അറിവിന്റെ അക്ഷയഖനിയായ ഇന്റര്‍നെറ്റിനെ ശക്തിപ്പെടുത്തി വിജ്ഞാന വിപ്ലവം തീര്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മത്സരിക്കുമ്പോഴാണ് ഇന്ത്യ ഈ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. നെറ്റ് ന്യൂട്രാലിറ്റി പരിരക്ഷിക്കപ്പെടണമെന്ന് മറ്റു രാജ്യങ്ങള്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ അത് തകര്‍ക്കണമെന്ന് നാം വാശി പിടിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്? ഡിജിറ്റല്‍ ഇന്ത്യയെ സ്വപ്‌നം കാണുന്ന ഒരു പ്രധാനമന്ത്രിയുടെ കാലത്താണ് ഈ നാടകങ്ങളെല്ലാം നടക്കുന്നത് എന്നത് വിചിത്രമായി ആര്‍ക്കും അനുഭവപ്പെടും.

സമത്വം സാര്‍വലൗകികമായ ഒരു സമസ്യയാണ്. എല്ലാവരും ആഗ്രഹിക്കുന്നതും എന്നാല്‍ എല്ലായിടത്തും കിട്ടാത്തതുമായ ഒരു പ്രഹേളിക. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ “സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന”മായ ഒരു ഇടമുണ്ട്. അതാണ് ഇന്റര്‍നെറ്റ്. ഈ ചിലന്തിവലക്കുള്ളില്‍ എല്ലാവരും തുല്യരാണ്. കറുത്തവനും വെളുത്തവനും കുറിയവനും വലിയവനും പാവപ്പെട്ടവനും സമ്പന്നനും എല്ലാം ഇവിടെ ഒരുപോലെ ഗണിക്കപ്പെടുന്നു. ഇന്റര്‍നെറ്റ് പ്രാപ്യമായ ആര്‍ക്കും അതിലെ ഏത് വിവരവും തേടിപ്പിടിച്ചു കണ്ടെത്താം. രാജ്യദ്രോഹപരവും തീവ്രവാദം വളര്‍ത്തുന്നതുമായ ചുരുക്കം ചില സൈറ്റുകള്‍ക്ക് നിരോധമേര്‍പ്പെടുത്തുന്നത് ഒഴിച്ചാല്‍ ഇന്റര്‍നെറ്റിലെ ലക്ഷോപലക്ഷം സൈറ്റുകളില്‍ സൈ്വരവിഹാരം നടത്താന്‍ ആര്‍ക്കും ആരുടെയും അനുമതി ആവശ്യമില്ല. അതുകൊണ്ട് തന്നെ വിവരകൈമാറ്റത്തിന്റെയും ആശയകൈമാറ്റത്തിന്റെയും ഏറ്റവും വലിയ ഇടനാഴിയായി ഇന്റര്‍നെറ്റ് മാറിക്കഴിഞ്ഞു. അറിവിന്റെ ജനാധിപത്യവത്കരണമാണ് ഈ വലിയ ശൃംഖലയില്‍ നടക്കുന്നത്. എന്നാല്‍ ഈ ജനാധിപത്യത്തിനും മരണമണി മുഴങ്ങുകയാണ്. നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റര്‍നെറ്റ് സമത്വത്തിന് കോടാലിവെക്കാന്‍ വന്‍കിട കമ്പനികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചില വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം പണം നല്‍കണമെന്ന കമ്പനികളുടെ ആവശ്യത്തിന് രാജ്യത്തെ ടെലികോം വാച്ച്‌ഡോഗായ ട്രായ് മൗനാനുവാദം നല്‍കിയതോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും അസ്വസ്ഥരാണ്.

1980കളില്‍ തന്നെ ഇന്റര്‍നെറ്റിന് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റ് ഒരു ജനകീയ മാധ്യമമായി വളര്‍ന്നത്, പ്രത്യേകിച്ചും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം സര്‍വസാധാരണമായത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. ഓര്‍ക്കൂട്ട്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാടസ്ആപ്പ്, വൈബര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവും സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരവുമാണ് രാജ്യത്ത് ഇന്റര്‍നെറ്റിനെ സാധാരണക്കാരന്റെ മാധ്യമമായി വളര്‍ത്തിയത്. അതുവരെ സമ്പന്നന്റെയും വൈറ്റ്‌കോളര്‍ ജന്റില്‍മാന്‍മാരുടെയും മാത്രം ഇടമായിരുന്ന ഇന്റര്‍നെറ്റിനെ കയറ്റിറക്ക് തൊഴിലാളിയുടെയും കൂലിപ്പണിക്കാരന്റെയും അടിച്ചുതെളിക്കാരന്റെയും വരെ നിത്യോപയോഗ പട്ടികയിലേക്ക് കൊണ്ടുവന്നത് സാമൂഹിക മാധ്യമങ്ങളാണ്. ടെലികോം രംഗത്തുണ്ടായ വളര്‍ച്ചയും കിടമത്സരങ്ങളും ഇന്റര്‍നെറ്റിനെ ചെലവ് ചുരുങ്ങിയ മാധ്യമമാക്കാന്‍ സഹായിക്കുകയും ചെയ്തു. ജി പി ആര്‍ എസില്‍ നിന്ന് 2ജിയിലേക്കും 3ജിയിലേക്കും 4ജിയിലേക്കും ഡയലപ് കണക്ഷനില്‍ നിന്ന് ബ്രോഡ്ബാന്‍ഡിലേക്കും വൈമാക്‌സിലേക്കുമുള്ള ടെക്‌നോളജിയുടെ ദ്രുതവളര്‍ച്ച ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ വേഗം കൂട്ടി. ഡെസ്‌ക്‌ടോപ്പ് ഡിവൈസുകളിലൂടെയുള്ളതിനേക്കാള്‍ ഏറെ മൊബൈല്‍ ഡിവൈസുകളിലൂടെയാണ് ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കപ്പെടുന്നത്.

mobile internet usage

2015 ജൂണില്‍ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 21.3 കോടി കടക്കുമെന്നാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014ലെ കണക്കുകള്‍ അനുസരിച്ച് ഒരാള്‍ പ്രതിമാസം ശരാശരി 439 രൂപ മൊബൈല്‍ കണക്ഷന് വേണ്ടി ചെലവിടുമ്പോള്‍ 235 രൂപ മൊബൈല്‍ ഇന്റര്‍നെറ്റിന് വേണ്ടി ചെലവഴിക്കുന്നുണ്ട്. ആകെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കണക്കെടുത്താല്‍ അവരില്‍ 63 ശതമാനം പേരും 101 മുതല്‍ 500 രൂപ വരെ പ്രതിമാസം മൊബൈല്‍ ഇന്റര്‍നെറ്റിന് വേണ്ടി ചെലവഴിക്കുന്നുവെന്നും സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നു. 2018 ഓടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 50 കോടി കടക്കും. ഇതോടെ ഇന്റര്‍നെറ്റ് ജനസംഖ്യയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ രണ്ടാമതെത്തുമെന്നും കണക്കുകള്‍ അടിവരയിടുന്നു.

digital-india

ഇന്റര്‍നെറ്റ് പോപ്പുലേഷനില്‍ ഇത്രയും ശക്തി കൈവരിച്ച ഒരു രാജ്യത്താണ് ഇന്റര്‍നെറ്റിന് കൂച്ചുവിലങ്ങിടാന്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നത് അങ്ങേയറ്റം വിരോധാഭാസം തന്നെ. അറിവിന്റെ അക്ഷയഖനിയായ ഇന്റര്‍നെറ്റിനെ ശക്തിപ്പെടുത്തി വിജ്ഞാന വിപ്ലവം തീര്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മത്സരിക്കുമ്പോഴാണ് ഇന്ത്യ ഈ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. നെറ്റ് ന്യൂട്രാലിറ്റി പരിരക്ഷിക്കപ്പെടണമെന്ന് മറ്റു രാജ്യങ്ങള്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ അത് തകര്‍ക്കണമെന്ന് ഇന്ത്യ വാശി പിടിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്? ഡിജിറ്റല്‍ ഇന്ത്യയെ സ്വപ്‌നം കാണുന്ന ഒരു പ്രധാനമന്ത്രിയുടെ കാലത്താണ് ഈ നാടകങ്ങളെല്ലാം നടക്കുന്നത് എന്നത് കൂടി ഇതിനോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. ഡിജിറ്റല്‍ ഇന്ത്യയെ ഉയര്‍ത്തിക്കാട്ടി മോദിയും കൂട്ടരും മേനി നടിക്കുമ്പോള്‍, പ്രസ്താവനയും പ്രവര്‍ത്തനങ്ങളും രണ്ടും രണ്ട് വഴിക്കാണ് പോകുന്നത് എന്ന വിമര്‍ശം ഇവിടെയും ശരിവെക്കപ്പെടുകയല്ലേ?

സാമൂഹിക മാധ്യമങ്ങള്‍ ചാറ്റിംഗും കോളിംഗും സൗജന്യമായി നല്‍കാന്‍ തുടങ്ങിയതാണ് വന്‍ കിട കമ്പനികള്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതാക്കിയത്. ഇതോടെ ജനങ്ങള്‍ എസ് എം എസിനെ മറന്നു. ഇന്റര്‍നാഷണല്‍ കോളുകളെല്ലാം സാമൂഹിക മാധ്യമങ്ങള്‍ക്ക് വഴിമാറി. മെല്ലെ മെല്ലെ ലോക്കല്‍ കോളുകളും ആ വഴിക്ക് വരികയാണ്. സാമൂഹിക മാധ്യമങ്ങളുടെ ഈ സൗജന്യ സേവനം തങ്ങള്‍ക്ക് വന്‍ നഷ്ടം വരുത്തുന്നുവെന്ന വാദവുമായി മൊബൈല്‍ സേവന ദാതാക്കള്‍ ട്രായിയെ സമീപിച്ചത് ഈ സാഹചര്യത്തിലാണ്. സാമൂഹിക കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേകം പണം വേണമെന്നാണ് ഇവരുടെ ആവശ്യം. അതായത് നിങ്ങള്‍ ഒരു പാര്‍ക്കില്‍ കയറുന്നതിന് പ്രവേശന ഫീസ് നല്‍കുന്നതിന് പുറമെ ഓരോ റൈഡിനും പ്രത്യേകം പ്രത്യേകം ചാര്‍ജ് നല്‍കണമെന്ന് പറയുന്നത് പോലെ. നിലവില്‍ നിങ്ങള്‍ ഒരു ജി ബി യുടെ ഇന്റര്‍നെറ്റ് പായ്ക്ക് എടുത്താല്‍ ആ പരിധി കഴിയുന്നത് വരെ ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ സൈറ്റുകളും ഉപയോഗിക്കാം. എല്ലാ സൈറ്റുകളും തുല്യ സ്പീഡില്‍ ലഭിക്കണമെന്നും നെറ്റ് ന്യൂട്രാലിറ്റി ഉറപ്പ് വരുത്തുന്നുണ്ട്. നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാല്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പ്രത്യേകം റീചാര്‍ജ് ചെയ്യേണ്ടിവരും. യൂറ്റിയൂബിന് വേറെ റീച്ചാര്‍ജ്. ചുരുക്കത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിങ്ങളുടെ കീശയിലെ പണത്തിന്റെ തോതനുസരിച്ച് മാത്രം ലഭ്യമാകും എന്നര്‍ഥം.

സാമൂഹിക മാധ്യമങ്ങളുടെ സജീവ സാന്നിധ്യം ആശയവിനിമയത്തിന്റെ ചെലവ് കുറച്ചിട്ടുണ്ട് എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ മൊബൈല്‍ കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന വാദം തള്ളിക്കളയാതെ വയ്യ. ഒരു ദിവസം 15 മിനുട്ട് വീഡിയോ സ്ട്രീമിംഗും 15 മിനുട്ട് ഓഡിയോ സ്ട്രീമിംഗും സോഷ്യല്‍ മീഡിയയില്‍ അഞ്ച് പോസ്റ്റുകളും അഞ്ച് ഇ മെയിലുകളും അഞ്ച് ഇന്റര്‍നെറ്റ് അധിഷ്ടിത ആപ്പുകളും ഉപയോഗിക്കുന്ന ഒരാള്‍ക്ക് പ്രതിമാസം 2.16 ജിഗാബൈറ്റ് ഡാറ്റ ഉപയോഗിക്കേണ്ടിവരുമെന്ന് വോഡഫോണിന്റെ തന്നെ വെബ്‌സൈറ്റിലുള്ള ഡാറ്റ കാല്‍ക്കുലേറ്റര്‍ വ്യക്തമാക്കിത്തരുന്നു. അങ്ങനെയെങ്കില്‍ പ്രതിമാസം അയാള്‍ അഞ്ഞൂറ് രൂപയിലധികം ഇന്റര്‍നെറ്റിന് വേണ്ടി മാത്രം ചെലവഴിക്കുന്നുണ്ട്. ഭൂരിഭാഗം പേരുടെ കാര്യത്തിലും മൊബൈല്‍ ഫോണ്‍ വഴിയുള്ള കോളുകള്‍ക്കും എസ് എം എസുകള്‍ക്കും ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലാണ് ഈ തുകയെന്ന് വ്യക്തം. അപ്പോള്‍ തങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മൊബൈല്‍ കമ്പനികളുടെ അവകാശ വാദത്തിന് ഒരു ന്യായീകരണവും നിരത്താനില്ല. ഇനി തങ്ങള്‍ക്ക് കൊള്ളലാഭം കൊയ്യാനാകുന്നില്ല എന്നാണോ ഈ നഷ്ടക്കണക്ക് കൊണ്ട് കമ്പനികള്‍ ഉദ്ദേശിക്കുന്നത് ആവോ.

സേവനദാതാക്കളുടെ ലോബീയിംഗില്‍ ട്രായ് കുടുങ്ങിയതോടെയാണ് നെറ്റ് ന്യൂട്രാലിറ്റി ഇന്ത്യയില്‍ സജീവ ചര്‍ച്ചയായത്. കമ്പനികളുടെ ആവശ്യം പരിഗണിക്കുന്നതിന് മുന്നോടിയായി ട്രായ് പുറത്തിറക്കിയ ആലോചനാരേഖ അവര്‍ ഈ ലോബീയിംഗിന് വഴങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. 118 പേജ് വരുന്ന രേഖയുടെ ലിങ്ക് ട്രായിയുടെ വെബ്‌സൈറ്റില്‍ കാണണമെങ്കില്‍ സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് പരിശോധിക്കണമെന്നത് തന്നെ ഇതിനുള്ള ഒന്നാമത്തെ തെളിവ്. ആനപ്പുറത്ത് കയറുകയും വേണം എന്നാല്‍ ആരും കാണുകയുമരുത് എന്നപോലെ പേരിന് ഒരു അഭിപ്രായം തേടലായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ നെറ്റിസണ്‍സ് ഇതിനെതിരെ ശക്തമായ ക്യാമ്പയിന്‍ ആരംഭിച്ചതോടെയാണ് നെറ്റ് ന്യൂട്രാലിറ്റി പൊതുജനങ്ങള്‍ ഏറ്റെടുത്തത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ക്യാമ്പയിന്‍ വന്‍ വിജയമാകുകയും നെറ്റ് ന്യൂട്രാലിറ്റി പാര്‍ലിമെന്റില്‍ വരെ ചര്‍ച്ചയാകുകയും ചെയ്തു. ഇന്റര്‍നെറ്റ് നിഷ്പക്ഷത തകര്‍ക്കപ്പെടരുതെന്ന അഭിപ്രായവുമായി പത്ത് ലക്ഷം മെയിലുകളാണ് ട്രായിയുടെ ഇന്‍ബോക്‌സിലെത്തിയത്. ഏപ്രില്‍ 24നായിരുന്നു അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തീയതി. ഈ തീയതിക്ക് ശേഷം തങ്ങള്‍ക്ക് ലഭിച്ച മെയിലുകള്‍ ട്രായ് പരസ്യമാക്കി. എന്നാല്‍ ഇവ ഒരിക്കല്‍ പോലും ട്രായ് പരിശോധിച്ചില്ല എന്നതിന് തെളിവാണ് മെയിലുകളുടെ കൂട്ടത്തില്‍ പ്രസിദ്ധീകരിച്ചുകണ്ട ഒരു പ്രേമലേഖനം. ഏതോ ഒരു രസികന്‍ ഈ മെയില്‍ ബോക്‌സിലേക്ക് അയച്ച പ്രേമലേഖനവും ട്രായ് സൈറ്റില്‍ അതേപടി പ്രസിദ്ധീകരിക്കുകയായിരുന്നു. ആനന്ദ നിര്‍വൃതിക്ക് ഇനിയെന്തു വേണം.!!

internet dot org

സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായാണ് വന്‍കിട കമ്പനികള്‍ ആദ്യമായി നെറ്റ് ന്യൂട്രാലിറ്റിയുടെ കടയ്ക്കല്‍ കത്തിവെച്ചത്. ഇത് പക്ഷേ അധികമാര്‍ക്കും തിരിച്ചറിയാനായില്ല. ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗും എയര്‍ടെലിന്റെ എയര്‍ടെല്‍ സീറോയും സൗജന്യസേവനം നല്‍കിയപ്പോള്‍ നാം അത് കണ്ണടച്ച് വിശ്വസിച്ചു. റിലയന്‍സ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 30 വെബ്‌സൈറ്റുകള്‍ സൗജന്യമായി ആക്‌സസ് ചെയ്യാമെന്നതായിരുന്നു ഫേസ്ബുക്കിന്റെ ഓഫര്‍. ഇന്റര്‍നെറ്റ് സേവനത്തിന് പ്രത്യേകം പണം മുടക്കാതെ ഉപഭോക്താക്കള്‍ക്ക് ചില ആപ്ലിക്ഷേനുകള്‍ ഉപയോഗിക്കാമെന്നതായിരുന്നു എയര്‍ടെലിന്റെ വാഗ്ദാനം. ഇവ രണ്ടും നെറ്റ് നിഷ്പക്ഷത തകര്‍ക്കാനുള്ള ചൂണ്ടയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായിക്കഴിഞ്ഞു. വന്‍ തുക നല്‍കി തങ്ങളുമായി സഹകരിക്കുന്ന വെബ്‌സൈറ്റുകള്‍ മാത്രം ജനങ്ങളെ ഉപയോഗിക്കാന്‍ അനുവദിക്കുക എന്ന ഹിഡന്‍ അജന്‍ഡയായിരുന്നു ഇതിന് പിന്നില്‍. സൗജന്യമായി ലഭിക്കുന്ന സേവനം വിട്ട് ഇന്റര്‍നെറ്റിന് പണം മുടക്കി മറ്റു വെബ്‌സൈറ്റിലേക്ക് പോകാന്‍ അധികപേരും താത്പര്യപ്പെടില്ലല്ലോ. വന്‍കിട വെബ്‌സൈറ്റുകള്‍ സൗജന്യമായി നല്‍കുകയും ഇതേ സേവനം ഇതിനേക്കാള്‍ മികച്ച രീതിയില്‍ നല്‍കുന്ന മറ്റു വെബ്‌സൈറ്റുകള്‍ സ്പീഡ് കുറച്ച് ഉപയോഗിക്കാന്‍ കഴിയാതാക്കുകയും ചെയ്യുകയെന്ന ഒളിയജന്‍ഡയും ഇതിന്റെ പിന്നിലുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചുരുക്കത്തില്‍ നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാകുന്നതിലൂടെ ഇന്റര്‍നെറ്റിന്റെ കുത്തക സ്വകാര്യ കോര്‍പ്പറേറ്റുകളുടെ കൈകളിലമരുന്ന സ്ഥിതിയാണ് സംജാതമാകുക. കോര്‍പ്പറ്റേുകള്‍ നിശ്ചയിക്കുന്ന സൈറ്റുകള്‍ മാത്രം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാകും ഇതിന്റെ അനന്തരഫലം. ഇന്റര്‍നെറ്റിനെ തുറന്നതും സ്വതന്ത്രവും നവീനവും ആക്കിമാറ്റാന്‍ സാധിക്കണമെങ്കില്‍ നെറ്റ് ന്യൂട്രാലിറ്റി ആവശ്യമാണെന്ന് നാഷണല്‍ ഇന്റര്‍നെറ്റ് എക്‌സ്‌ചേയ്ഞ്ച് ഓഫ് ഇന്ത്യ അടക്കമുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

net neutrality

സമ്പന്നര്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പരിമിതപ്പെടുത്തപ്പെടുമെന്നതും ഇത് ഉയര്‍ത്തുന്ന ഭീഷണിയാണ്. ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി ലംഘിക്കപ്പെടാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ആറിരട്ടി വരെ വര്‍ധിപ്പിക്കുമെന്ന ഭീഷണിയും ഇപ്പോള്‍ കുത്തക കമ്പനികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ നീക്കങ്ങളെയും കൈ മെയ് മറന്ന് പ്രതിരോധിച്ചേ മതിയാകുകയുള്ളൂ. അല്ലെങ്കില്‍ വിവര വിപ്ലവത്തിന്റെ ഈ മഹാസമുദ്രത്തില്‍ നിന്ന് നമ്മള്‍ എന്നെന്നേക്കുമായി പുറന്തള്ളപ്പെടും.

editor@sirajlive.com

Latest