Connect with us

International

ലഖ്‌വിയുടെ മോചനം: ഇടപെടാമെന്ന് ഇന്ത്യക്ക് യു എന്നിന്റെ ഉറപ്പ്

Published

|

Last Updated

ഐക്യരാഷ്ട്ര സഭ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന നിലയില്‍ വിചാരണ നേരിടുന്നയാളും ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡറുമായ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ച നടപടി ചര്‍ച്ച ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി കമ്മിറ്റി ഇന്ത്യക്ക് ഉറപ്പ് നല്‍കി. യു എന്നിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ലഖ്‌വിയെ പാക്കിസ്ഥാന്‍ കോടതി മോചിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ യു എന്നിനെ സമീപിച്ചത്. തീവ്രവാദ സംഘടനകള്‍ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കും ഉപരോധം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്ന സമിതി അംബാസിഡര്‍ ജിം മെക്‌ലേക്ക് യു എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി എഴുതി നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. സമിതിയുടെ ചട്ടങ്ങള്‍ ലംഘിച്ചാണ് ലഖ്‌വിയെ മോചിപ്പിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
സമിതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ക്ക് പണം സ്വീകരിക്കാനോ നല്‍കാനോ കഴിയാത്തവിധം സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കണമെന്നാണ് യു എന്‍ സമിതിയുടെ ചട്ടം. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി കോടതിയില്‍ പണം കെട്ടിവെച്ചത് ചട്ടലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് വിഷയം സമിതിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച നടത്തുമെന്ന് മെക് ലേ അറിയിച്ചു. അടുത്ത യോഗം ഉടന്‍ തന്നെ ചേര്‍ന്നേക്കും.
2008 ഡിസംബറിലാണ് ലഖ്‌വിയെ ലശ്കറെ ത്വയ്യിബ, അല്‍ഖാഇദ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദിയായി സമിതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനും പുറമെ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവ നല്‍കിയതിനെ തുടര്‍ന്നാണ് ലഖ്‌വിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാ നിരോധമേര്‍പ്പെടുത്തുകയും ചെയ്യും.
ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡറെന്ന നിലയില്‍ ഇറാനിലും ദക്ഷിണ, പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ലഖ്‌വിയാണെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ലഖ്‌വിയെ മോചിപ്പിച്ചതിനെ തുടര്‍ന്ന് യു എസ്, യു കെ, റഷ്യ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ലഖ്‌വിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്നാണ് യു എസ് ആവശ്യപ്പെട്ടത്.
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന കേസില്‍ 2008 ഡിസംബറിലാണ് ലഖ്‌വി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റിലാകുന്നത്. ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ആറ് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ലഖ്‌വി മോചിതനായത്. കഴിഞ്ഞ ഡിസംബറില്‍ തീവ്രവാദവിരുദ്ധ കോടതി ലഖ്‌വിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇസ്‌ലാമാബാദ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ലഖ്‌വിക്ക് ജയില്‍ മോചിതനാകാന്‍ സാധിച്ചിരുന്നില്ല. ലശ്കറെ ത്വയ്യിബ സ്ഥാപകനും ജമാഅത്തുദ്ദഅ്‌വ നേതാവുമായ ഹാഫിസ് സഈദിന്റെ ബന്ധുവാണ് ലഖ്‌വി.