Connect with us

National

സല്‍മാന്‍ ഖാന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം

Published

|

Last Updated

മുംബൈ: മദ്യലഹരിയില്‍ വാഹനമോടിച്ച് ഒരാള്‍ കൊല്ലപ്പെടാനിടയായ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ മുംബെെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു.  മുംബെെ സെഷന്‍സ് കോടതി ജഡ്ജി ഡി ഡബ്ല്യൂ ദേശ് പാണ്ടെയാണ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സല്‍മാന്‍ ഖാന്‍ ബോംബെ ഹെെക്കോടതിയെ സമീപിച്ച് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം നേടി. കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാ കാലാവധി മൂന്ന് വര്‍ഷത്തില്‍ കൂടുതലായതിനാലാണ് സല്‍മാന്‍ ഖാന് ജാമ്യം നേടുന്നതിന് ഹെെക്കോടതിയെ സമീപിക്കേണ്ടി വന്നത്.

സല്‍മാന്‍ ഖാന്‍ തന്നെയാണ് വാഹനം ഒാടിച്ചിരുന്നതെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും ലെെസന്‍സ് ഉണ്ടായിരുന്നില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. സല്‍മാനെതിരെ ചുമത്തിയ എട്ട് കുറ്റങ്ങളും കോടതി ശരിവെച്ചു. 13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. മാനുഷിക പരിഗണന വെച്ച് സല്‍മാന്‍ ഖാന് എതിരായ ശിക്ഷ രണ്ട് വര്‍ഷത്തില്‍ താഴെയായി ലഘൂകരിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

വിധി പ്രസ്താവം കേള്‍ക്കാനായി സല്‍മാന്‍ ഖാന്‍ കുടുംബസമേതമാണ് കോടതിയില്‍ എത്തിയത്.  കുറ്റക്കാരനാണെന്ന് വിധിച്ചപ്പോള്‍ തലകുനിച്ച് അദ്ദേഹം അത് കേട്ടു. അദ്ദേഹത്തിന്റെ മാതാവ് കോടതിയില്‍ കുഴഞ്ഞുവീണു.  ഒടുവില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് സല്‍മാന്‍ കോടതിമുറയില്‍ ഇരുന്നു. പിന്നീട് പൊട്ടിക്കരഞ്ഞു. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതി ജീവനക്കാര്‍ക്കും മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

അപകടം നടക്കുമ്പോള്‍ സല്‍മാന്‍ ഖാന്റെ അംഗരക്ഷകനായിരുന്ന രവീന്ദ്ര കാര്‍ത്തികിന്റെ മൊഴിയാണ് നിര്‍ണായകമായത്. ഇദ്ദേഹം പിന്നീട് മരിച്ചു. പല സാക്ഷികളും കൂറുമാറിയെങ്കിലും ഈ മൊഴി സല്‍മാനെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

ആരും നിയമത്തിന് അധീതരല്ലെന്ന് ഇൗ വിധി തെളിയിച്ചതായി മുതിര്‍ന്ന അഭിഭാഷക അബ്ബ സിംഗ് പ്രതികരിച്ചു. ശിക്ഷാ വിധിയില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം കോടതിവളപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

2002 സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ സല്‍മാന്‍ ഓടിച്ച കാര്‍ റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്ക് നേരെ പാഞ്ഞുകയറുകയും ഒരാള്‍ മരിക്കുകയും ചെയ്തുവെന്നാണ് കേസ്. നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.