Connect with us

Kerala

എസ്എസ്എല്‍സി ഫലം; എല്ലാ തലത്തിലും വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ എല്ലാതലത്തിലും വീഴ്ചകള്‍ സംഭവിച്ചെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. പരീക്ഷാഭവന്‍ വിവരങ്ങള്‍ കൈകാര്യം ചെയ്തതില്‍ തെറ്റുവരുത്തി. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വ്യാപക തെറ്റുകളുണ്ടായി. പിന്നീടാണ് സോഫ്റ്റ്‌വെയറിലും സെര്‍വറിലും പിശക് പറ്റിയത്. മൂല്യനിര്‍ണയ ക്യാമ്പുകളിലെയും പരീക്ഷാഭവനിലെയും ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്നും ഡി പി ഐ ആവശ്യപ്പെട്ടു.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡി പി ഐ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. എന്നാല്‍, റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിച്ചശേഷം അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വ്യക്തമാക്കി.
എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചപ്പോള്‍ പരീക്ഷയെഴുതാത്ത കുട്ടികള്‍ ജയിക്കുകയും മാര്‍ക്ക് രേഖപ്പെടുത്താത്ത ഫലം പുറത്തുവരികയുമടക്കമുള്ള പിശകുകളാണ് സംഭവിച്ചിരുന്നത്. ഫലപ്രഖ്യാപനത്തില്‍ റെക്കോര്‍ഡുണ്ടാക്കുന്നതിനായി വേഗത്തില്‍ മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ വന്ന പിശകാണ് പാളിച്ചകള്‍ക്കിടയാക്കിയത്.
തിടുക്കത്തില്‍ ഫലം പ്രഖ്യാപിക്കുന്നതിനിടയില്‍ ഗ്രേസ് മാര്‍ക്ക് രേഖപ്പെടുത്താത്തതിനാലാണ് ഫലപ്രഖ്യാപനം പിഴച്ചത്. പലര്‍ക്കും ഫിസിക്‌സ് ഉള്‍പ്പടെയുള്ള വിഷയങ്ങളുടെ മാര്‍ക്ക് രേഖപ്പെടുത്താതെയാണ് ഫലം പുറത്തു വന്നത്. ഫലപ്രഖ്യാപനം പാളിയതിനു പിന്നില്‍ സോഫ്റ്റ്‌വെയറിന്റെ തകരാറാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ആദ്യ ഫലപ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരുത്തിയ ഫലം പ്രസിദ്ധീകരിച്ചത്.

---- facebook comment plugin here -----

Latest