Connect with us

Kerala

തടവുകാര്‍ പഠിക്കും;കമ്പ്യൂട്ടര്‍ മുതല്‍ ഹൈടെക് ഫാമിംഗ് വരെ

Published

|

Last Updated

തിരുവനന്തപുരം: തടവുകാരെ കുറ്റവാസനകളില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജയില്‍ വകുപ്പ് അവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന തടവുകാര്‍ക്ക് പുതിയ ജീവിതമാര്‍ഗം കണ്ടെത്താന്‍ പിന്തുണ നല്‍കാനാണ് ജയില്‍ വകുപ്പിന്റെ ശ്രമം. ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴാണ് പലരും കുറ്റവാസനകളിലേക്ക് തിരിയുന്നത്. ഇത് ഒഴിവാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഓരോരുത്തരുടെയും താത്പര്യത്തിനനുസരിച്ച് വിവിധ തൊഴിലുകളിലാണ് പരിശീലനം നല്‍കുന്നത്. ഡ്രൈവിംഗില്‍ 31 പേര്‍ക്ക് പരിശീലനം നല്‍കിയതില്‍ ഒരാള്‍ ഒഴികെ എല്ലാവരും ലൈസന്‍സ് നേടിക്കഴിഞ്ഞു. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്കാണ് ഡ്രൈവിംഗില്‍ പരിശീലനം നല്‍കിയത്. 31 പേരില്‍ ആറ് പേര്‍ക്ക് ഹെവി വെഹിക്കിള്‍ ഓടിക്കുന്നതിനുള്ള പരിശീലനവും ലഭിച്ചു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.

കൊല്ലം ജില്ലാ ജയിലിലെ തടവുകാര്‍ക്ക് പാചകത്തിലാണ് പരിശീലനം നല്‍കിയത്. 23 പേരാണ് പരിശീലനം നേടിയത്. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ഇതിനു പുറമെ 45 തടവുകാര്‍ക്ക് അക്ഷയ നല്‍കുന്ന കമ്പ്യൂട്ടര്‍ പരിശീനവും ഇവിടെ നല്‍കിവരുന്നു. കമ്പ്യൂട്ടറില്‍ അടിസ്ഥാന പരിജ്ഞാനമാണ് നിലവില്‍ നല്‍കുന്നത്. പിന്നീട് മറ്റ് കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും.
ജയില്‍ തടവുകാരുടെ ക്ഷേമത്തിനായി 2014-15ല്‍ 35.40 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെയുള്ള തടവുകാരില്‍ തൊഴില്‍പരമായ കഴിവുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തുകയുടെ ഭൂരിഭാഗവും ജയില്‍ വകുപ്പ് ചെലവഴിക്കുന്നത്. ഡ്രൈവിംഗ്, പാചകം, കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് പുറമെ ബ്യൂട്ടീഷന്‍, ഹൈടെക് ഫാമിംഗ്, പ്ലംമ്പിംഗ്, ഇലക്‌ട്രോണിക്‌സ് തെങ്ങുകയറ്റം എന്നിവയിലുള്ള പരിശീലനവും നല്‍കിവരുന്നുണ്ട്.
ജയില്‍ വകുപ്പ് തീരുമാനിക്കുന്നതിന് പുറമെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതില്‍ തടവുകാരുടെ അഭിപ്രായം ആരായാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തടവുകാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് കോഴ്‌സുകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. പരിശീലനം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ജയില്‍ അധികൃതര്‍ കഠിന പ്രയത്‌നത്തിലാണ്. ജയില്‍ പരിസരത്ത് വര്‍ക്ക്‌ഷോപ്പ് സൗകര്യം ഒരുക്കണമെന്ന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയറിംഗ്, പ്ലംമ്പിംഗ് പരിശീലനം നടത്തുന്നവര്‍ക്ക് പ്രായോഗിക പരിശീലനം കൂടി ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു സൗകര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി സജ്ജീകരിക്കുന്ന വര്‍ക്‌ഷോപ്പില്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇലക്ട്രിക്കല്‍ സാധനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത് നല്‍കുന്ന സൗകര്യം കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.
സംസ്ഥാനത്തെ തടവുകാരില്‍ 2,500 ലധികം പേര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതരാകുന്നവര്‍ക്ക് പരിശീലനം ലഭിച്ച തൊഴില്‍ ചെയ്ത് മാന്യമായ ജീവിതം നയിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. തടവുകാര്‍ക്കായി ഇത്തരത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ജയില്‍ വകുപ്പ് അടുത്തകാലത്തായി ഒരുക്കിയിട്ടുള്ളത്. ജയിലിനുള്ളില്‍ത്തന്നെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന് പുറമെ, ഇവിടെ നിന്ന് ലഭിക്കുന്ന വേതനം സൂക്ഷിക്കുന്നതിന് തടവുകാര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest