Connect with us

National

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയലളിതയുടെ ശിക്ഷ റദ്ദാക്കി

Published

|

Last Updated

ബംഗളൂരു:അനധികൃത സ്വത്ത സമ്പാദനക്കേസില്‍ ജയലളിതയുടെ ശിക്ഷ റദ്ദാക്കി.കര്‍ണ്ണാടക ഹൈക്കോടതി അവധികാല ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ്. കുമാര സ്വാമിയുടെതാണ് വിധി . രാവിലെ 11 മണിക്ക് ചേര്‍ന്ന കോടതി ഒറ്റവരിയിലാണ് വിധി പ്രസ്താവിച്ചത്. കോടതി അപ്പീലുകള്‍ അംഗീകരിക്കുന്നു എന്ന് മാത്രമാണ് ജഡ്ജി പറഞ്ഞത്. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ വിചാരണ കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ജയലളിതയും കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് മൂന്ന് പേരായ ശശികല, ഇളവരസി, സുധാകര്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്. ഇത് പൂര്‍ണ്ണമായും അംഗീകരിക്കുന്നതാണ് ഇന്നത്തെ വിധി. ഇതോടെ ജയലളിതയ്ക്ക് തമിഴ് നാട് രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവിനാണ് അവസരം ഒരുങ്ങുന്നത്. കര്‍ണ്ണാട ഹൈക്കോടതിയുടെ മുന്നിലും, തമിഴ്‌നാട്ടിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്.

ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വിധി പ്രസ്താവിക്കുന്ന അന്നു മുതല്‍ പത്തുവര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യയാക്കപ്പെടുമായിരുന്നു.

കേസിന്റെ നാള്‍ വഴികളിലൂടെ…..
1991 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടിരൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ജയലളിതയ്‌ക്കെതിരെയുള്ള കേസ്. 1996 ല്‍ ഡിഎംകെ സര്‍ക്കാരാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷത്തില്‍ തന്നെ ഒക്‌ടോബര്‍ മാസത്തില്‍ വിജിലന്‍സ് കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ജയലളിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, ,രത്‌നകമ്മലുകള്‍, 19 കാറുകള്‍ തുടങ്ങിയവ കണെ്ടടുത്തിരുന്നു. എന്നാല്‍ ഇതു സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടിയതാണെന്നാണു ജയലളിത കോടതിയില്‍ പറഞ്ഞത്. 1997 മുതല്‍ 2003 വരെ ചെന്നൈയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടന്നു.

കേസ് അട്ടിമറിക്കാന്‍ എഐഎഡിഎംകെ ശ്രമിക്കുന്നുവെന്ന ഡിഎംകെയുടെ പരാതിയെ തുടര്‍ന്നു കേസ് ബംഗളുരുവിലെ പ്രത്യേക കോടതിയിലേയ്ക്കു മാറ്റി. 2011ല്‍ കോടതി മുമ്പാകെ നേരിട്ടു ഹാജരാകാന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് നിര്‍ദ്ദേശം ലഭിച്ചു. ഇതിനെതിരേ ജയലളിത സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി നിരസിച്ചു. ഇതേ തുടര്‍ന്നു 2011 ഒക്‌ടോബറില്‍ ജയലളിത കോടതിയില്‍ നേരിട്ടു ഹാജരായി. 1,300 ലേറെ ചോദ്യങ്ങള്‍ക്കായിരുന്നു ജയലളിത അന്നു മറുപടി നല്‍കിയത്.

2104 ഓഗസ്റ്റ് 28 നു പ്രത്യേക കോടതിയില്‍ വാദം പൂര്‍ത്തിയായി. 259 പ്രോസിക്യൂഷന്‍ സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. നാലു പ്രതികളും നേരിട്ടു ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്നു സെപ്റ്റംബര്‍ 27 നു 18 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

 

Latest