Connect with us

National

സര്‍ക്കാര്‍ പരസ്യങ്ങളില്‍ മന്ത്രിമാരുടെ ചിത്രം പതിക്കുന്നത് സുപ്രീം കോടതി വിലക്കി

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ മന്ത്രിമാരുടെയോ രാഷ്ട്രീയക്കാരുടെയോ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഓഫ ഇന്ത്യ എന്നിവരുടെയും അന്തരിച്ച ദേശീയ നേതാക്കളുടെയും ചിത്രങ്ങള്‍ മാത്രം പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഒാഫ് ഇന്ത്യ എന്നിവരുടെ ചിത്രം ഉള്‍െപ്പടുത്താന്‍ ഇവരുടെ അനുമതി വാങ്ങണം. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മൂന്നംഗ സിമിതിയെ നിയമിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രം പതിക്കുന്നത് ഇതോടെ ഇല്ലാതാകും. ഇത്തരം ചിത്രപ്രദര്‍ശനം വ്യക്തിപൂജയായി മാറുന്നുവെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. രാഷ്ട്രീയ നേട്ടത്തിനായി പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇൗ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ കോടതി ഇടപെടുന്നതിനെ കേന്ദ്രം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗവണ്‍മെന്റ് പരസ്യങ്ങള്‍ കോടതിയുടെ പരിധിക്ക് പുറത്ത് വരുന്നതാണെന്നും ഇത് നിയന്ത്രിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ മുകുള്‍ റോഹ്തഗി വാദിച്ചിരുന്നു. ഇത്തരം പരസ്യങ്ങളിലൂടെയാണ് ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest