Connect with us

National

ബാലവേല നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: വ്യവസ്ഥകള്‍ക്ക് വിധേയമായി 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടും തൊഴിലെടുപ്പിക്കാമെന്ന് ബാലവേല നിരോധന നിയമ ഭേദദതി ബില്‍ നിര്‍ദേശിക്കുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തൊഴിലെടുക്കുന്നത് വിലക്കുന്ന ബാലവേല നിരോധന നിയമത്തിനുള്ള ഭേദഗതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപകടരഹിതമായ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ മാത്രമാണ് എല്ലാ കുട്ടികള്‍ക്കും നിയമ ഭേദഗതി അനുമതി നല്‍കുന്നതെങ്കിലും, നിയമം ചൂഷണം ചെയ്യപ്പെട്ടേക്കുമെന്ന് ഇതിനകം വിമര്‍ശമുയര്‍ന്നിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക സ്ഥിതികളില്‍ വന്ന മാറ്റം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് എന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം. കൃഷി അടക്കമുള്ള മേഖലയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുട്ടികളുടെ സഹായം തേടാന്‍ അവസരം ഒരുക്കുന്നതാണ് നിയമ ഭേദഗതിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകരം ലഭിച്ചതോടെ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും.
ഭേദഗതി അനുസരിച്ച് 14ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപകടരഹിതമായ തൊഴില്‍ മേഖലകളില്‍ അവധി ദിവസങ്ങളിലും സ്‌കൂള്‍ സമയം കഴിഞ്ഞും വ്യവസ്ഥകള്‍ക്ക് വിധേയമായി ജോലിയെടുക്കാം. മറ്റെല്ലാ രംഗങ്ങളിലും കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് പൂര്‍ണ നിരോധമുണ്ടാകും. നിര്‍ബന്ധിത വിദ്യാഭ്യാസം സംബന്ധിച്ച നിയമവുമായി ബാലവേല നിരോധ നിയമം ബന്ധിപ്പിക്കാനും ബില്‍ വ്യവസ്ഥചെയ്യുന്നു. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ കുട്ടികള്‍ പഠനത്തോടൊപ്പം പരിശീലനം നേടേണ്ടത് അത്യാവശ്യമാണെന്നാണ് ഭേദഗതി അനുകൂലിക്കുന്നവരുടെ വാദം.
ഭേദഗതി പ്രകാരം, വിനോദ വ്യവസായ മേഖലയില്‍ കലാകാരനെന്ന നിലയില്‍ ജോലി ചെയ്യുന്നതിനും കുട്ടികള്‍ക്ക് ഇളവ് ലഭിക്കും. പരസ്യങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും പ്രവര്‍ത്തിക്കാന്‍ വിലക്കുണ്ടാകില്ല. സര്‍ക്കസ് ഒഴികെയുള്ള കായിക രംഗങ്ങളിലും കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍, ഇത്തരം അവസരങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
നിയമലംഘനം നടത്തുന്നവര്‍ക്ക് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷ നല്‍കും. നേരത്തെ ഇത് മൂന്ന് മാസം തടവും 20,000 രൂപവരെ പിഴയുമായിരുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷ മൂന്ന് വര്‍ഷമായി വര്‍ധിക്കും. കുട്ടികളെ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിച്ചാല്‍ ആദ്യ തവണ രക്ഷിതാക്കള്‍ക്കെതിരെ നടപടിയുണ്ടാകില്ല. എന്നാല്‍, കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. 14 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളെ ആരോഗ്യത്തിന് ഹാനികരമാകുന്ന ജോലികളിലേര്‍പ്പെടാന്‍ അനുവദിക്കില്ലെന്നും നിയമ ഭേദഗതി വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്നവരെ വാറന്‍ഡില്ലാതെ അറസ്റ്റ് ചെയ്യാമെന്നും ബില്‍ വ്യക്തമാക്കുന്നു.
14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ 2009ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമം നിരര്‍ഥകമാകുമെന്നാണ് പ്രധാന വിമര്‍ശം. ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമം.
അതോടൊപ്പം, അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ക്കും ഈ ഭേദഗതി എതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ വ്യവസ്ഥ പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന് വിലക്കുകളുണ്ട്.