Connect with us

Kerala

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം; പത്ത് കടകള്‍ ചാമ്പലായി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ വ്യാപാരകേന്ദ്രമായ മിഠായിത്തെരുവില്‍ വന്‍ തീപ്പിടുത്തം. രാത്രി പത്ത് മണിയോടെ കൊയന്‍കോ ബസാറിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന തുണിക്കടക്കാണ് ആദ്യം തീ പിടിച്ചത്.  ഉടന്‍ തന്നെ തീ മറ്റുകടകളിലേക്കും പടര്‍ന്നു. പത്തോളം കടകള്‍ പൂര്‍ണമായും കത്തി നശിച്ചതായാണ് വിവരം. മുപ്പതോളം കടകള്‍ ഭാഗീഗമായും നശിച്ചിട്ടുണ്ട്. ബട്ടണ്‍ ഹൗസ്, ബ്രദേഴ്സ്, ഹണീബി ബോയ്സ് തുടങ്ങിയ കടകളാണ് പൂര്‍ണമായും കത്തിയത്.കോടികളുടെ നഷ്ടം കണക്കാക്കുന്നു.

കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലെ അത്യാധുനിക ഫയര്‍ എഞ്ചിന്‍ അടക്കം 15 ഫയര്‍ എഞ്ചിനുകള്‍ മൂന്നു മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. ഒരു ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കുമ്പോഴേക്കും മറുഭാഗത്ത് തീ ആളിപ്പടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. അഗ്‌നിശമനസേനയുടെ വാഹനങ്ങളില്‍ വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് മാനാഞ്ചിറ കുളത്തില്‍ നിന്ന് വെള്ളം നിറച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. വ്യാപാരി വ്യവസായി നേതാവ് ടി നസ്റുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ആദ്യം തീപിടിച്ച ബ്യൂട്ടി സ്റ്റോഴ്സ്.

കടകള്‍ ഏറെക്കുറെ അടച്ച ശേഷമായതിനാല്‍ തീപ്പിടുത്തം നടക്കുമ്പോള്‍ ഇവിടെ വലിയ ആള്‍ത്തിരക്കുണ്ടായിരുന്നില്ല. കടകള്‍ അടുത്തടുത്തായതും ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനുള്ള അസൗകര്യവുമാണ് തീ ആളിപ്പടരാന്‍ കാരണമായത്. തീപിടിച്ച കെട്ടിടങ്ങളില്‍ ഭൂരിഭാഗവും പഴയതും ഒാടിട്ടതുമാണ് എന്നതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിന് ജനങ്ങള്‍ പരമാവധി സഹകരിക്കണണമെന്നും ആളുകള്‍ ഇവിടേക്ക് വരരുതെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. എഡിജിപി ശങ്കര്‍ റെഡ്ഢി അടക്കം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. അട്ടിമറി ഉള്‍പ്പെടെ ഒരു സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2007ല്‍ മിഠായിത്തെരുവിലുണ്ടായ തീപ്പിടുത്തത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. എം പി റോഡിലെ ഒരു പടക്കക്കടയ്ക്കാണ് അന്ന് തീ പിടിച്ചത്. ഇതിന് എതിര്‍വശത്തായാണ് ഇപ്പോള്‍ തീപ്പിടിത്തമുണ്ടായത്. തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറി സാധ്യതകള്‍ ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

തീപിടുത്തത്തിന്റെ ആദ്യ ദൃശ്യങ്ങള്‍:

Latest