Connect with us

Kerala

അഗ്നി ഭീതിയിലാണ്ട് കോഴിക്കോട് നഗരം

Published

|

Last Updated

കോഴിക്കോട്: നഗരത്തെ ഭീതിയിലാഴ്ത്തിയ രാത്രിയായിരുന്നു ഇന്നലെ. ആകാശത്തേക്കുയര്‍ന്ന പുകച്ചുരുളുകളും ഓടിക്കൂടിയ ആയിരങ്ങളും 2007 ലെ മിഠായി തെരുവ് തീപിടുത്തത്തെയാണ് ആനുസ്മരിപ്പിച്ചത്. മൂന്ന് മണിക്കൂര്‍ നേരമാണ് തീ ആളിക്കത്തിയത്. ചാറ്റല്‍മഴ ഇടക്കൊന്ന് പെയ്‌തെങ്കിലും ഇതൊന്നും തീ കെടുത്താന്‍ പര്യാപ്തമായിരുന്നില്ല.
വിവിധ പ്രദേശങ്ങളില്‍ കുതിച്ചെത്തിയ 16 ഓളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ടും മൂന്നും തവണയാണ് വെള്ളം നിറച്ചെത്തിയത്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കടകളും ഇടുങ്ങിയ റോഡും രക്ഷാപ്രവര്‍ത്തനത്തെ പലപ്പോഴും ദുഷ്‌കരമാക്കി. അടുത്തടുത്ത കടകളിലേക്ക് തീ പടര്‍ന്നതും തുണിക്കടകളായതും തീ വ്യാപിക്കാന്‍ കാരണമായി.
ഫയര്‍ഫോഴ്‌സിന് പുറമെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഫയര്‍ എന്‍ജിന്‍ എത്തിയതോടെയാണ് തീ അണക്കുന്നതിന് വേഗം കൈവന്നത്. കൂടാതെ പോലീസിന്റെ “വരുണും” സ്ഥലത്തെത്തിയിരുന്നു. എസ് എം സ്ട്രീറ്റിലെ കോയന്‍കോ ബസാറില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സ്റ്റോറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് ഇത് മറ്റു കടകളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രദേശത്തെ നൂറ് കണക്കിന് സ്ഥാപനങ്ങളിലായി ആയിരകണക്കിനാളുകളാണ് ജോലി ചെയ്യുന്നത്. സ്ഥാപനങ്ങള്‍ അടച്ച് പോയവരെല്ലാം ആശങ്കയോടെ തിരിച്ചെത്തുന്നത് കാണാമായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ വെച്ച് പോലീസ് ജനങ്ങളെ തടഞ്ഞിരുന്നെങ്കിലും കുറുക്കുവഴികളിലൂടെ എത്തിയവര്‍ നിരവധിയാണ്.
തീ അണക്കുന്നതിന് ഫയര്‍ഫോഴ്‌സിനും പോലീസിനും ഒരു പരിധിവരെ ജനങ്ങളുടെ തള്ളിക്കയറ്റവും തടസ്സമായി. 12 മണിയോടെ മഴ കനത്തു പെയ്‌തെങ്കിലും തുണിക്കടകളില്‍ തീ പടര്‍ന്നതോടെ ഇതു കൊണ്ടും രക്ഷയില്ലെന്നായി.
ഫയര്‍ഫോഴ്‌സിന്റെ ഏണി ഉപയോഗിച്ച് ജനല്‍ചില്ലുകളും ഷട്ടറും തല്ലിപൊളിച്ചാണ് ചില കടകള്‍ക്കകത്തെ തീ കെടുത്തിയത്. തീ പടരുന്നതിനൊപ്പം ചില കടകളുടെ ഓടുകള്‍ പൊട്ടിത്തെറിച്ചതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.