Connect with us

International

മുഹമ്മദ് മുര്‍സിക്കും യൂസുഫുല്‍ ഖറദാവിക്കും വധശിക്ഷ

Published

|

Last Updated

കൈറോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയും ആഗോള സലഫി പണ്ഢിതന്‍ യൂസുഫുല്‍ ഖര്‍ദാവിയുമടക്കം 105 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. 2011ലെ ജയില്‍ ഭേദന കേസിലാണ് കൂട്ട വധ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ 2012ലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട് മുര്‍സിയെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. (● Read more ► ഈജിപ്ത് മുന്‍ പ്രസിഡന്റ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്)

പ്രത്യേകം സജ്ജമാക്കിയ കൂട്ടിലടച്ചാണ് മുര്‍സിയെ കോടതിയില്‍ കൊണ്ടുവന്നത്. ജഡ്ജി വിധി പ്രസ്താവിച്ചപ്പോള്‍ ധിക്കാരസ്വരത്തില്‍ മുഷ്ടി ചുരുട്ടി മുര്‍സി അത് കേട്ടു. ഈജിപ്തിലെ നിയമമനുസരിച്ച് ഗ്രാന്‍ഡ് മുഫ്തിയാണ് വധശിക്ഷയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ഗ്രാന്‍ഡ് മുഫ്തി മാപ്പ് നല്‍കിയാല്‍ മുര്‍സി വധശിക്ഷയില്‍ നിന്ന് ഒഴിവാകും. മുഫ്തിയുടെ തീരുമാനം എതിരായാല്‍ അപ്പീല്‍ സമര്‍പ്പിക്കാനും അവസരമുണ്ട്.  വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ ഖറദാവി അടക്കം ഭൂരിഭാഗം പേരും ഇപ്പോള്‍ ഇൗജിപ്തിന് പുറത്താണ്. ഖത്തറിലുള്ള ഖറദാവിക്ക് ഖത്തര്‍ പൗരത്വവും നല്‍കിയിട്ടുണ്ട്.

ഈജിപ്തില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2013ലാണ് മുര്‍സി് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. തുടര്‍ന്ന് സൈന്യം അധികാരം പിടിക്കുകയും ബ്രദര്‍ഹുഡിനെ നിരോധിക്കുകയും ചെയ്തിരുന്നു.

Qaradavi

ബ്രദര്‍ഹുഡ് നേതാവായ യൂസുഫുല്‍ ഖറദാവിക്ക് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധമുണ്ട്. രണ്ട് തവണ അദ്ദേഹം കേരളത്തില്‍ എത്തിയിട്ടുണ്ട്.  ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനമായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയുടെ പ്രഖ്യാപനത്തിനായിരുന്നു ഒടുവില്‍ കേരളത്തിലെത്തിയത്. ശാന്തപുരം കോളജിന്റെ ഉപദേശക സമിതി ചെയര്‍മാനും കൂടിയാണ് ഖറദാവി.  ഖറദാവിയുടെ പതിനഞ്ചോളം പുസ്തകങ്ങള്‍ ജമാഅത്തേ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ എെ പി എച്ച് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ആഗോള പണ്ഢിത സഭ എന്ന പേരില്‍ ഖറദാവി ഒരു പണ്ഢിത സഭ രൂപീകരിച്ചിരുന്നു. ചേളാരി വിഭാഗം സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ് വി ഇൗ സംഘടനയില്‍ അംഗമാണ്.