Connect with us

National

ദാവൂദ് ഇബ്‌റാഹീമിന്റെ ഇന്ത്യയിലെയും യൂറോപ്പിലെയും ആസ്തികളെ കുറിച്ച് അന്വേഷണം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമിന്റെ പാക്കിസ്ഥാനിലെ വീട് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ക്ക് ഇന്ത്യയിലും യൂറോപ്പിലുമുള്ള ആസ്തികള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ദാവൂദിന്റെ ഇന്ത്യയിലെ ഇടപാടുകള്‍ നടത്തിയിരുന്നത് ഇഖ്ബാല്‍ മിര്‍ച്ചി എന്നയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ 2013 ആഗസ്റ്റ് 14ന് ലണ്ടനില്‍ വെച്ച് മരിച്ചതായാണ് വിവരം എന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. മരിക്കുന്നതിന് മുമ്പ് മിര്‍ച്ചി മുംബൈയില്‍ സമുദ്ര തീരങ്ങളിലുള്ള സ്വത്തുക്കള്‍ ആയിരം കോടി രൂപക്ക് വില്‍പ്പന നടത്തിയതായും വിവരമുണ്ട്. ഈ വകയില്‍ കിട്ടിയ പണമത്രയും യൂറോപ്പില്‍ വസ്തുവകകള്‍ വാങ്ങാന്‍ വിനിയോഗിച്ചുവെന്നും അന്വേഷണവൃത്തങ്ങള്‍ പറയുന്നു. യു കെ, തുര്‍ക്കി, സ്‌പെയിന്‍, സൈപ്രസ്, ദുബൈ, മൊറോക്കോ എന്നിവിടങ്ങളില്‍ മിര്‍ച്ചിയുടെ പേരില്‍ വസ്തുക്കള്‍ ഉള്ളതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ദാവൂദിന്റെ കൂട്ടാളുകളുടെ സ്വത്ത് വിവരം കണ്ടെത്തുന്നതിന് വിദേശ സര്‍ക്കാറുകളുടെ സഹായം തേടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ആലോചിക്കുന്നതായും അതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പാക്കിസ്ഥാനിലെ മുറേ റോഡില്‍ ഇപ്പോള്‍ ദാവൂദ് ഇബ്‌റാഹിം താമസിച്ചുവരുന്ന വീട് ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. കുറേ നാളായി ദാവൂദ് ഇസ്‌ലാമാബാദിലും കറാച്ചിയിലുമായി താമസിച്ചുവരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാള്‍ക്ക് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ എല്ലാ സഹായങ്ങളും നല്‍കിവരികയായിരുന്നു. ഇയാള്‍ക്കും കുടുംബത്തിനും പാക്കിസ്ഥാന്‍ അനുവദിച്ച പാസ്‌പോര്‍ട്ടാണുള്ളത്. ദാവൂദിന് മാത്രം മൂന്ന് പാസ്‌പോര്‍ട്ടുകളാണ് പാക്കിസ്ഥാന്‍ നല്‍കിയത്. ജി-866537, സി-267185, കെ സി-285901 എന്നീ നമ്പറുകളിലാണ് ഈ പാസ്‌പോര്‍ട്ടുകള്‍.
ദൂവൂദ് ഇബ്‌റാഹിന്റെ വീട് കണ്ടെത്തിയതായുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവകാശവാദങ്ങളോട് കടുത്ത രീതിയിലാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്. ദൂവൂദിന്റെ വീടിനെ കുറിച്ച് ഒരറിവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലല്ലെന്ന് പാക് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്നത് സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്നും ഇയാളെ വൈകാതെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
അല്‍ഖാഇദ തീവ്രവാദ സംഘവുമായി ദാവൂദ് ഇബ്‌റാഹിമിനുള്ള ബന്ധം കണക്കിലെടുത്ത് അന്താരാഷ്ട്ര തീവ്രവാദി എന്ന പ്രത്യേക വിഭാഗത്തില്‍ പെടുത്തിയാണ് യു എസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നത്. 1992- 93 കാലഘട്ടത്തില്‍ മംബൈ കേന്ദ്രീകകിച്ച് പ്രവര്‍ത്തിച്ചിരുന്ന അല്‍ഖാഇദാ തീവ്രവാദ സംഘം ഇപ്പോള്‍ ഗള്‍ഫ് നാടുകളാണ് പ്രവര്‍ത്തന കേന്ദ്രമാക്കിയിരിക്കുന്നത് എന്നാണ് വിവരം. 1993ല്‍ 257 പേരുടെ മരണത്തിനും 32 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദ്ത്വം ഐ എസ് ഐക്കൊപ്പം ദാവൂദ് ഇബ്‌റാഹിമിനും ഉണ്ടെന്ന് സി ബി ഐ ആരോപിച്ചിരുന്നു.

Latest