Connect with us

Ongoing News

മരണത്തിന്റെ ദ്വീപിലെ ജീവസുറ്റ കാഴ്ചകള്‍

Published

|

Last Updated

മലപ്പുറം മഅദിന്‍ അക്കാഡമിയുടെ 20ാം വാര്‍ഷിക പരിപാടിയായ വൈസനീയത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ തന്റെ യാത്രാനുഭവങ്ങള്‍ സിറാജ്‌ലൈവുമായി പങ്കുവെക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊച്ചുദ്വീപായ മയോട്ടയില്‍ നടന്ന റജബ് ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് തങ്ങളായിരുന്നു. അവിടത്തെ അനുഭവങ്ങളാണ് ആദ്യ എപ്പിസോഡില്‍…

yseniyam travelsഭൂപടത്തില്‍ മയോട്ടെ ഒരു ചെറു തരിയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൊസാംബിക് ചാനലിലെ ഈ കൊച്ചുദ്വീപ് കണ്ടെത്താന്‍ ഗൂഗില്‍ മാപ്പില്‍ നല്ലവണ്ണം സൂം ചെയ്യുകതന്നെവേണം. മഡഗാസ്‌കറിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തിനും മൊസാംബിക്കിന്റെ വടക്കു കിഴക്കന്‍ ഭാഗത്തിനുമിടയില്‍ ചിതറിക്കിടക്കുന്ന മയോട്ടെക്ക് കാലാവസ്ഥകൊണ്ടും പ്രകൃതി വിഭവങ്ങളാലും കേരളത്തോട് ഏറെ സാമ്യമുണ്ട്. തെങ്ങും വാഴയും കപ്പയും നെല്‍കൃഷിയും പച്ചപ്പും മലനിരകളും മഴയുമെല്ലാം കേരളത്തെ ഓര്‍മിപ്പിക്കുന്നു. സുന്ദരമായ ബീച്ചുകളും ആകാശത്തിന്റെയും കടലിന്റെയും നീലിമ പടര്‍ത്തുന്ന ദൃശ്യ വിസ്മയവും 374 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള മയോട്ടെയെ അവിസ്മരണീയമാക്കുന്നു.
പക്ഷെ, ചരിത്രത്തില്‍ മരണത്തിന്റെ ദ്വീപാണു മയോട്ടെ. ജസീറതുല്‍ മൗത്. അങ്ങിനെയാണ് പഴമക്കാര്‍ വിളിച്ചത്. വെറുതെയായിരുന്നില്ല ഇത്. മയോട്ടെക്കു ചുറ്റും കടലില്‍ പതുങ്ങി നില്‍ക്കുന്ന കല്‍ക്കെട്ടുകള്‍ ഇവിടേക്കുള്ള ഏതു യാത്രയെയും ഭീതിതമാക്കി. കച്ചവടക്കപ്പലുകളും അധിനിവേശ സേനകളും അഭയാര്‍ത്ഥികളുമെല്ലാം ഈ കല്‍മതിലില്‍ തട്ടിത്തകര്‍ന്നു. ദ്വീപിനു ചുറ്റും സുന്ദരമായ ലഗൂണ്‍. അതുകഴിഞ്ഞ് നിലയില്ലാ കടല്‍. പിന്നീട് ചുറ്റുമതില്‍പോലെ കല്‍ക്കെട്ട്.
മയോട്ടെയില്‍ നിന്ന് കൊമോറസിലേക്കു പറക്കുമ്പോള്‍ ആ കല്‍ക്കെട്ടുകള്‍ വളരെ അടുത്തുകണ്ടു. വിദഗ്ധനായ ഒരു ആര്‍ക്കിടെക്ട് രൂപകല്‍പന ചെയ്ത വൃത്താകൃതിയിലുള്ള മതിലിനെപ്പോലെ തോന്നിച്ചു അവ.

മയോട്ടെയിലേക്ക് അടുക്കാന്‍ ഇടയ്ക്കിടെ കല്‍ക്കെട്ടില്ലാത്ത ഭാഗങ്ങളുണ്ട്. ഇതിലൂടെയാണു കപ്പലുകളും ബോട്ടുകളുമെല്ലാം അകത്തു കയറേണ്ടത്. എന്നാല്‍ അപരിചിതരായ നാവികര്‍ക്ക് ഈ മതില്‍ക്കെട്ടുകളില്‍ തങ്ങളുടെ തുഴയവസാനിപ്പിക്കേണ്ടി വന്നു. ആഴക്കടലില്‍ പൊങ്ങി നില്‍ക്കുന്ന ഇവയില്‍ തട്ടി കപ്പലുകള്‍ തകര്‍ന്നു. നിലയില്ലാക്കയത്തില്‍ പിന്നീട് മരണം തന്നെ അഭയം. പുരാതന കാലം മുതല്‍ തന്നെ തിരക്കുപിടിച്ച കടല്‍വഴിയായിരുന്ന ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഈ ഭാഗം നാവികരുടെ പേടി സ്വപ്നമായിരുന്നു. അങ്ങിനെയാണ് പ്രകൃതി മനോഹരമായ മയോട്ടെ മരണത്തിന്റെ അടയാളമാകുന്നത്.

mayotte

ഇന്നും മറ്റൊരര്‍ത്ഥത്തില്‍ മയോട്ടെക്കു ചുറ്റുമുള്ള കടല്‍ വലിയൊരു ഖബറിടമാണ്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ മയോട്ടെയിലേക്ക് വിസയും മറ്റുമില്ലാതെ എത്തിപ്പെടാന്‍ ശ്രമിക്കുന്ന ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബോട്ടുകളും വള്ളങ്ങളും മറിഞ്ഞ് ആയിരങ്ങളാണ് ഓരോ വര്‍ഷവും മരിക്കുന്നത്. ഇതെല്ലാമറിഞ്ഞിട്ടും യൂറോപ്പിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളും ആനുകൂല്യങ്ങളും മെച്ചപ്പെട്ട ജീവിതവും മോഹിച്ച് ആഫ്രിക്കക്കാര്‍ ഇവിടേക്ക് തുഴയെറിയുന്നു.
ഫ്രഞ്ച് അധിനിവേഷത്തോടെയാണ് ജസീറതുല്‍ മൗത് മയോട്ടെയായി മാറിയത്. മയോട്ടെയപ്പറ്റി ആദ്യമായി കേള്‍ക്കുന്നത് കഴിഞ്ഞ സെപ്തംബറില്‍ യൂറോപ്യന്‍ പര്യടനത്തിനിടെ പാരീസിലെത്തിയപ്പോഴാണ്. അവിടെ മഅ്ദിന്‍ സംഘത്തിന് സ്വീകരണമൊരുക്കിയ ജമലുല്ലൈലി സാദാത്ത് അസോസിയേഷന്റെ ഭാരവാഹിയും മയോട്ടയില്‍ കുടുംബ വേരുകളുള്ള വ്യക്തിത്വവുമായ ഹബീബ് മുഹ്‌യിദ്ധീന്‍ ജമലുല്ലൈലി തന്റെ ജന്മനാടിനെപ്പറ്റി വിശദീകരിച്ചു. മതപരമായും സാംസ്‌കാരികമായും പാരമ്പര്യ ഇസ്‌ലാമിക ജീവിതം പിന്തുടരുന്ന മയോട്ടെയെപ്പറ്റി അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു. എല്ലാ വര്‍ഷവും റജബില്‍ നടക്കുന്ന ആത്മീയ മജ്‌ലിസിനെക്കുറിച്ച് പറഞ്ഞ് അടുത്ത വര്‍ഷം നിര്‍ബന്ധമായും സംബന്ധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

വൈസനിയം ഉദ്ഘാടനവും മറ്റു തിരക്കുകളുമൊക്കെ കാരണം ഈ യാത്ര അടുത്ത വര്‍ഷത്തേക്കു നീട്ടാമെന്നായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍, മയോട്ടെയില്‍ റജബ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്ന മുല്‍തഖ അന്നൂര്‍ പ്രധാന ഭാരവാഹി യൂനുസ് മുഖദ്ദര്‍ കഴിഞ്ഞ മാസം മഅ്ദിനില്‍ നേരിട്ടെത്തി. മയോട്ടയിലെ ചിറോങി പട്ടണത്തിന്റെ മേയര്‍ ഹനീമ ഇബ്രാഹീമിന്റെ ഔദ്യോഗിക ക്ഷണവുമായാണ് അദ്ദേഹം വന്നത്. ഫ്രഞ്ച് സര്‍ക്കാറിന്റെ കൂടി അറിവോടെയുള്ള പരിപാടിയായതുകൊണ്ടാവാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോണ്ടിച്ചേരി ഫ്രാന്‍സ് എംബസിയില്‍ നിന്ന് വിസ ലഭിച്ചു.

khalel thangal 2

ഇന്ത്യയില്‍ നിന്ന് മയോട്ടെയിലേക്ക് മുംബൈ വഴിയോ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയോ ആണ് എളുപ്പം. ദുബൈ വഴി കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെത്തിയാണ് ഞങ്ങള്‍ മയോട്ടയിലെത്തിയത്. ദുബൈയില്‍ നിന്ന് അഞ്ചര മണിക്കൂര്‍ നൈറോബിയിലേക്ക്. അവിടുന്ന് രണ്ട് മണിക്കൂര്‍ 15 മിനുറ്റ് മയോട്ടയിലേക്ക്. മയോട്ടയുടെ ഭാഗമായ പാമാന്‍സി എന്ന ചെറുദ്വീപിലെ സൗസിയിലാണ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. ചെറുതെങ്കിലും അതിമനോഹരമാണ് വിമാനത്താവളം. ഒരറ്റം കടലിലേക്ക് തളളിനില്‍ക്കുന്നു. ലാന്റിംഗില്‍ വിമാനം കടലിലേക്കാണോ ഇറങ്ങുന്നതെന്നു പേടിയാകും. ആസ്‌ട്രേലിയയിലെ സിഡ്‌നിയിലെയും സിംഗപ്പൂരിലേയും വിമാനത്താവളങ്ങളാണ് ഇതു പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.
അറ്റമില്ലാ കടലിന്റെ നിറഞ്ഞ നീലയില്‍ പച്ചപ്പൊട്ട്. ആകാശത്തിന്റെയും കടല്‍ത്തട്ടിന്റെയും എല്ലാ മനോഹാരിതയും ഉള്ളിലൊളിപ്പിച്ച് വെട്ടിത്തിളങ്ങുന്ന ലഗൂണ്‍. കിളിപ്പച്ച നിറത്തിലുള്ള പുല്‍നിരകള്‍ പൊതിഞ്ഞ മലനിരകള്‍. വിമാനത്തില്‍ നിന്നുള്ള മയോട്ടെയുടെ കാഴ്ചയാണിത്.

എമിഗ്രേഷന്‍ ചെക്കിംഗ് വളരെ കണിശമാണ്. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍പ്പെട്ട കോമറോസ് ഉള്‍പ്പെടെ തൊട്ടടുത്ത് കിടക്കുന്ന ദ്വീപുകളില്‍ നിന്ന് കരവഴിയും കടല്‍ വഴിയും ആളുകള്‍ മയോട്ടെയിലേക്കെത്താന്‍ ശ്രമിക്കുന്നതിനാല്‍ പരിശോധനയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. താന്‍സാനിയ, കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ഇത്തരം ആളുകളെ പ്രത്യേകമായി പരിശോധിക്കുന്നു.
സൗസി വിമാനത്താവളത്തില്‍ മുല്‍തഖന്നൂര്‍ നേതാക്കള്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നു. എനിക്കുമുന്നേയെത്തിയ പാരീസ് ഗ്രാന്റ് മസ്ജിദ് ഇമാം അബ്ദുല്‍ മുത്വലിബ് അല്‍ ജല്ലാനിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്ന കൊച്ചു ദ്വീപായ പമാന്‍സിയില്‍ നിന്ന് ചങ്ങാടം വഴി പ്രധാന ദ്വീപായ മമൗദ്‌സുവിലെത്തി. ഹാര്‍ബറില്‍ ഇസ്‌ലാമിക് സ്‌കൂളിലെ കുട്ടികളടക്കം നൂറൂകണക്കിനു പേര്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. റജബ് ഫെസ്റ്റിന്റെ ഉദ്ഘാടനവേദിയായ ചിറോങിയിലായിലേക്ക് ഇവിടെ നിന്ന് മുക്കാല്‍ മണിക്കൂര്‍ യാത്രചെയ്യണം.
മൊസാംബിക് ചാനല്‍

mayotte 3

കിഴക്കന്‍ ആഫ്രിക്കയിലെ മൊസാംബികിനും മഡഗാസ്‌കറിനും ഇടയിലുള്ള കടലിനെ മൊസാംബിക് ചാനല്‍ എന്നാണു വിളിക്കുക. 1000 നോട്ടിക് മൈല്‍ നീളവും 250 നോട്ടിക് മൈല്‍ വീതിയുമുള്ള ഇത് ചരിത്രത്തില്‍ തിരക്കുപിടിച്ച കപ്പല്‍പ്പാതയായിരുന്നു. പേര്‍ഷ്യയില്‍ നിന്നും അറബ് നാടുകളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമെല്ലാമുള്ള ചരക്കുകപ്പലുകള്‍ ഈ കടലിടുക്കിനെ തിരക്കുപിടിച്ചതാക്കി. ഇന്ത്യന്‍ മഹാസുദ്രത്തില്‍ ബിസിനസ് യാത്രകളുടെ ഹൃദയമായി മാറി ഈ ആഫ്രിക്കന്‍ തീരം. കച്ചവടത്തില്‍ അറബികളുടെ കുത്തകയായിരുന്ന ഈ പ്രദേശം വാസ്‌കോഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള വരവോടെ യൂറോപ്യന്മാരുടെ ശ്രദ്ധാകേന്ദ്രമായി. പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെട്ട് ദക്ഷിണാഫ്രിക്കയിലെ ഗുഡ്‌ഹോപ് മുനമ്പ് ചുറ്റി മൊസാംബിക് ചാനല്‍ വഴിയാണ് ഗാമ കോഴിക്കേട്ടേക്കു മുന്നേറിയത്.

1869ല്‍ ഫ്രാന്‍സിന്റെ സഹകരണത്തോടെ ഈജിപ്തില്‍ സൂയസ് കനാല്‍ തുറന്നുകൊടുക്കുന്നതു വരെ യൂറോപ്പിലേക്കും അമേരിക്കന്‍ നാടുകളിലേക്കുമുള്ള കച്ചവട-നാവിക കപ്പലുകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മൊസാംബിക് ചാനലീലൂടെയായിരുന്നു കടന്നു പോയിരുന്നത്.

mozambicചരിത്രത്തിലെ ഈ പ്രാധാന്യത്തിനപ്പുറം വര്‍ത്തമാനത്തിലും മൊസാംബിക് ചാനല്‍ തന്ത്രപ്രധാനമായതാണ്. അമേരിക്ക, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളെല്ലാം ഈ പ്രദേശത്തെ വളരെ ശ്രദ്ധയോടെയാണു വീക്ഷിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യങ്ങളില്‍ ഇറാനും താല്‍പര്യമുണ്ട്. ഏറെ പുരാതന കാലം മുതലെ ഇറാനുമായി മൊസാംബിക് ചാനലിനു ബന്ധമുണ്ട്. പുതിയ അന്താരാഷ്ട്രീയ ചുറ്റുപാടില്‍ ഈ സ്വാധീനം ഒട്ടും കുറയാതെ നോക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള ഈ മേഖലയിലെ താല്‍പര്യത്തിന് ഈ ഇറാന്‍പേടി കൂടി ഒരു കാരണമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുടെ മൊസാംബിക് ചാനലിലെ താത്പര്യം ഏറെ ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യക്കു ചുറ്റും തങ്ങള്‍ക്കു സ്വാധീനമുള്ള രാജ്യങ്ങളുടെ വലയമുണ്ടാക്കുകയെന്നതാണ് ചൈനയുടെ നയം. ഇത് രാജ്യത്തിന്റെ അഖണ്ഡതക്കു തന്നെ ഭീഷണിയാകുമെന്ന ഭീതി നയതന്ത്രതലങ്ങളിലുണ്ട്. അതുകൊണ്ടു തന്നെയാണ് ഈമാസം ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മേഖലയിലെ നിരീക്ഷണത്തിന് ഫ്രാന്‍സുമായി സഹകരിക്കുന്ന കരാറുണ്ടാക്കിയത്. മയോട്ട കേന്ദ്രമായി ഫ്രാന്‍സിനുള്ള സൗകര്യങ്ങള്‍ പങ്കുവെക്കാനുദ്ധേശിച്ചുള്ളതാണ് കരാര്‍.
കൊമോറസ്

മയോട്ടെയെപ്പറ്റി പറയുമ്പോള്‍ കൊമോറസിെന പരാമര്‍ശിക്കാതെ വയ്യി. മറ്റൊരര്‍ത്ഥത്തില്‍ ഇന്നും കൊമോറസുകാരില്‍ ഒരു വിഭാഗം മയോട്ടയെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായാണ് കാണുനന്നത്.
ഗ്രാന്റ് കൊമോര്‍, മൊഹേലി, അന്‍ജുവാന്‍, മയോട്ടെ എന്നിങ്ങനെ മൊസാംബിക് ചാനലിലെ നാലു ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ചരിത്രത്തിലെ കൊമോറസ്. ഫ്രാന്‍സിന്റെ കോളനികളായിരുന്ന ഇവിടെ നടന്ന വോട്ടെടുപ്പില്‍ മയോട്ടെയല്ലാത്ത മൂന്നു ദ്വീപുകളും ഫ്രാന്‍സില്‍ നിന്നു സ്വാതന്ത്രൃമാവാന്‍ വോട്ടു ചെയ്തപ്പോള്‍ മയോട്ടെ മാത്രം ഫ്രാന്‍സിനു അനുകൂലമായി വോട്ടു ചെയ്തു. 95 ശതമാനം മയോട്ടെക്കാരും ഫ്രാന്‍സിനു കീഴിലാകണമെന്ന് അഭിപ്രായപ്പെട്ടു. ജീവിത വളര്‍ച്ചയുടെ കാര്യത്തിലും പുരോഗതിയുടെ വിഷയത്തിലും മയോട്ടെയുടെ തീരുമാനം ശരിയായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. കാരണം ലോകത്തിലെ ഏറ്റവും ദാരിദ്ര്യം പിടിച്ച രാജ്യങ്ങളില്‍ പെട്ടതാണ് കൊമോറസ് ഇന്ന്. തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് ജനസംഖ്യയിലെ ഭൂരിപക്ഷവും കഷ്ടപ്പെടുന്നു. നൂറ് യൂറോയിലും താഴെയാണ് ശരാശരി മാസക്കൂലി. എന്നാല്‍ മയോട്ടെയില്‍ ഇത് 1457 യൂറോയാണ്.

രാഷ്ട്രീയ അസ്ഥിരതയും പട്ടിണിയും ഒട്ടും ആശാവഹമല്ലാത്ത ജീവിത സാഹചര്യങ്ങളുമാണ് കൊമോറസുകാരെ മയോട്ടെയിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്വാസ ക്വാസ എന്ന് വിളിക്കുന്ന കൊച്ചു വളളങ്ങളില്‍ കുത്തി നിറച്ച് അഭയാര്‍ത്ഥികളെപ്പോലെ അവര്‍ 70 കിലോമീറ്റര്‍ ദൂരമുള്ള മയോട്ടെയുടെ തീരങ്ങളിലെത്തുന്നു.
ഔദ്യോഗിക കണക്കനുസരിച്ച് 212694 ആണ് മയെട്ടെയിലെ ജനസംഖ്യ. ഇതു കൂടാതെ 45000 അനധികൃത കുടിയേറ്റക്കാര്‍ വേറെയുണ്ടെന്നാണ് പറയപ്പെടുന്നത്. മയോട്ടെയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് യൂറോപ്യന്‍ പൗരത്വവും ആനുകൂല്യങ്ങളും കിട്ടുമെന്നതിനാല്‍ ഗര്‍ഭിണികള്‍ മയോട്ടെയിലെത്തിപ്പെടാന്‍ ശ്രമിക്കുന്നു. ഇതിനായി പ്രത്യേക ഏജന്റുമാരുണ്ട്. ചുരുങ്ങിയത് 300 യൂറോയാണ് ഈ മനുഷ്യക്കടത്തിനു കൊടുക്കേണ്ടത്. ഈ യാത്രയിലാണ് പലപ്പോഴും അപകടങ്ങളുണ്ടായി ആളുകള്‍ മരിക്കുന്നത്. വര്‍ഷം ആയിരത്തോളം പേര്‍ ഇങ്ങനെ മരിക്കുന്നെന്നാണു കണക്ക്.
ഇങ്ങനെയുള്ളഅനധികൃത കൂടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുകള്‍ മയോട്ടെയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത വിസാ നിയമങ്ങളും കടലിലെ പെട്രോളിംഗു അടക്കമുള്ള നടപടികള്‍ അവര്‍ സ്വീകരിക്കുന്നു. എന്നാല്‍, മനുഷ്യക്കടത്തുകാര്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു.

കൊമോറസുമായിച്ചേര്‍ന്ന സംഭവ ബഹുലമായ സാമൂഹിക-രാഷ്ട്രീയ ചരിത്രം പറയാനുണ്ട് മയോട്ടെക്ക്. കേരളത്തിന്റെ തീരത്തോളമെത്തുന്ന ആ കഥകള്‍ രണ്ടാം ഭാഗത്തില്‍.

Latest