Connect with us

Kerala

അലിഗഡ്: കോപ്പിയടി ആരോപണം ദുരുദ്ദേശ്യത്തോടെയെന്ന് എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: അലീഗഡ് സര്‍വ്വകലാശാലയുടെ എം ബി ബി എസ്, ബി ഡി എസ് പ്രവേശന പരീക്ഷയില്‍ സംസ്ഥാനത്തെ ഏക സെന്ററായ ഫാറൂഖ് കോളേജില്‍ കൂട്ടകോപ്പിയടി നടന്നുവെന്ന ആരോപണം ദുരുദ്ദേശ്യപരവും മലബാര്‍മേഖലയോട് ഉത്തരേന്ത്യന്‍ലോബി കാട്ടാറുള്ള അവഗണനയുടെ തുടര്‍ച്ചയുമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മലബാറില്‍ നിന്നുള്ള പ്രവാസികളുടെ പ്രധാന ആശ്രയമായിരുന്ന കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് അടച്ചിടാനുള്ള തീരുമാനത്തിനു പിറകിലും ഇതേ ലോബിയാണ് കരുനീക്കിയത്.

കൂടുതല്‍ പേര്‍ ജയിച്ചു എന്നതിന്റെ പേരില്‍ യാതൊരു തെളിവുമില്ലാതെ കോപ്പിയടിയാരോപിക്കുന്നതും പരീക്ഷാഫലം റദ്ദ് ചെയ്ത് പുന: പരീക്ഷ നടത്താന്‍ തീരുമാനിക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. പരീക്ഷ നടത്തിയതും മൂല്യനിര്‍ണയം നടത്തിയതും അലീഗഡ് സര്‍വ്വകലാശാല നേരിട്ടാണ്. കോപ്പിയടി നടന്നുവെന്നാണ് സര്‍വ്വകലാശാലയുടെ ഭാഷ്യമെങ്കില്‍ ആദ്യം നടപടിയെടുക്കേണ്ടത് പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയാണ്. അതിനു തയ്യാറാകാതെ മലയാളി വിദ്യാര്‍ത്ഥികളെ കഴിവുകെട്ടവരായി ചിത്രീകരിക്കുന്നതിനാണ് ഉത്തരേന്ത്യന്‍ ലോബി ധൃഷ്ടരാകുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനതത്പരതയെയും സാമര്‍ഥ്യത്തെയും പരസ്യമായി അപമാനിക്കാനുള്ള നീക്കത്തിനെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ്, പി എ മുഹമ്മദ് ഫാറൂഖ് നഈമി, സികെ റാശിദ് ബുഖാരി, ഉമര്‍ ഓങ്ങല്ലൂര്‍, കെ സൈനുദ്ദീന്‍ സഖാഫി, എകെഎം ഹാശിര്‍ സഖാഫി, കെ അബ്ദുറശീദ്, മുഹമ്മദലി കിനാലൂര്‍, സി എന്‍ ജാഫര്‍ ഡോ നൂറുദ്ദീന്‍, സികെ ശകീര്‍, മുനീര്‍ നഈമി, അശ്‌റഫ് അഹ്‌സനി സംബന്ധിച്ചു.